Appointments | ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായികതാരങ്ങളെ സര്‍കാര്‍ വകുപ്പുകളില്‍ നിയമിക്കും; മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ!
ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയ്ക്ക് സമാനമായി അസിസ്റ്റന്റ് സ്‌പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും
ഇതിന് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ 5 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കും.
വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് നല്‍കി നിയമനം നല്‍കും.
തിരുവനന്തപുരം: (KVARTHA) ഏഷ്യന്‍ ഗെയിംസില്‍ (Asian Games) മെഡല്‍ (Medal) നേടിയ മലയാളി കായികതാരങ്ങള്‍ക്ക് (Malayalee Athletes) സര്‍കാര്‍ വകുപ്പുകളില്‍ (Govt Dept) നിയമനം (Appointments)നല്‍കാന്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് (Cabinet Meeting) ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം നടത്തി മെഡല്‍ നേടിയ 5 മലയാളി കായികതാരങ്ങള്‍ക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയ്ക്ക് സമാനമായി അസിസ്റ്റന്റ് സ്‌പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും.
ഇതിന് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ 5 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കും. വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് നല്‍കി നിയമനം നല്‍കും. പി യു ചിത്ര, വി കെ വിസ്മയ, കുഞ്ഞുമുഹമ്മദ്, വി നീന, മുഹമ്മദ് അനസ് യഹിയ എന്നിവര്‍ക്കാണ് നിയമനം നല്‍കുന്നത്.
'മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഭാഗം II' തത്വത്തില്‍ അംഗീകിച്ചു
2009-ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് 'മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഭാഗം II' ലെ നിര്‍ദ്ദേശങ്ങള്‍ ഓരോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന വ്യവസ്ഥ തത്വത്തില്‍ അംഗീകരിച്ചു. ഒന്നാം ഭാഗ റിപ്പോര്‍ട്ടില്‍ ഘടനാ പരമായ മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്തില്‍ അക്കാദമിക മികവ് സംബന്ധിച്ച കാര്യങ്ങളാണ് ഉള്ളത്.
സ്വതന്ത്ര്യദിന പരേഡിന് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍
തിരുവനന്തപുരം - പിണറായി വിജയന്‍, മുഖ്യമന്ത്രി.
കൊല്ലം - വി ശിവന്‍കുട്ടി
പത്തനംതിട്ട - വീണാ ജോര്‍ജ്ജ്
ആലപ്പുഴ - സജി ചെറിയാന്‍
കോട്ടയം - ജെ ചിഞ്ചുറാണി
ഇടുക്കി - റോഷി അഗസ്റ്റിന്‍
എറണാകുളം - പി രാജീവ്
തൃശ്ശൂര്‍ - ഡോ. ആര്‍ ബിന്ദു
പാലക്കാട് - എംബി രാജേഷ്
മലപ്പുറം - കെ രാജന്‍
കോഴിക്കോട് - എകെ ശശീന്ദ്രന്‍
വയനാട് - ഒ ആര്‍ കേളു
കണ്ണൂര്‍ - രാമചന്ദ്രന്‍ കടന്നപ്പള്ളി
കാസര്‍കോട് - കെ കൃഷ്ണന്‍കുട്ടി
ശമ്പള പരിഷ്‌കരണം
ഇംഹാന്‍സിലെ അധ്യാപകേതര ജീവനക്കാര്‍ക്കുള്ള 11-ാം ശമ്പള പരിഷ്‌കരണത്തിന് നിബന്ധനകളോടെ അംഗീകാരം നല്‍കി.
കേരള ഫീഡ്സ് ലിമിറ്റഡ് കമ്പനിയിലെ വര്‍ക്ക് മെന്‍ തസ്തികയിലെ സര്‍ക്കാര്‍ അംഗീകൃത ജീവനക്കാര്‍ക്ക് 01.01.2021 പ്രാബല്യത്തില്‍ ശമ്പള പരിഷ്‌കരണം അനുവദിച്ചു.
സേവന കാലാവധി ദീര്‍ഘിപ്പിച്ചു
ഹോര്‍ട്ടിക്കോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ സജീവിന്റെ സേവന കാലാവധി 25.03.2024 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കി.
തസ്തിക മാറ്റം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും വയനാട് സര്‍ക്കാര്‍ മേഡിക്കല്‍ കോളേജിലേക്ക് രണ്ട് തസ്തികകള്‍ മാറ്റും. റീപ്രൊഡക്റ്റീവ് മെഡിസിന്‍ വിഭാഗത്തിനു വേണ്ടി സൃഷ്ടിച്ച തസ്തികകളില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും ഒരു സീനിയര്‍ റസിഡന്റ് തസ്തികയുമാണ് വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിനായി മാറ്റുക. വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കാത്ത് ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും, കാര്‍ഡിയോളജി വിഭാഗം ചികിത്സ ശക്തിപ്പെടുത്തുന്നതിനുമാണിത്.
ടെന്‍ഡര്‍ സ്വീകരിക്കാന്‍ അനുമതി
വര്‍ക്കലയില്‍ അരിവാളത്തിനും തൊട്ടില്‍പാലത്തിനും ഇടയിലുള്ള കനാല്‍ തീരത്ത് നടപ്പാത നിര്‍മ്മാണം, കനാല്‍ സൗന്ദര്യവല്‍ക്കരണം, ലാന്‍ഡ്‌സ്‌കേപ്പിംഗ്- ഒന്നാം ഘട്ടം എന്ന പ്രവൃത്തിയ്ക്കായി ടെന്‍ഡര്‍ സ്വീകരിക്കുന്നതിന് ക്വില്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു.
തസ്തിക സൃഷ്ടിക്കും
കോഴിക്കോട് യുണൈറ്റഡ് ഡിസ്റ്റിലറി, തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് എന്നിവിടങ്ങളില്‍ 2 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തിക സൃഷ്ടിക്കും.
ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം
2024 ജൂലൈ 24 മുതല്‍ 30 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3,33,68,000 രൂപയാണ് വിതരണം ചെയ്തത്. 966 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.
ജില്ലതിരിച്ചുള്ള വിവരങ്ങള്‍,
തിരുവനന്തപുരം 88 പേര്‍ക്ക് 35,99,000 രൂപ
കൊല്ലം - 24 പേര്‍ക്ക് 8,80,000 രൂപ
പത്തനംതിട്ട - 23 പേര്‍ക്ക് 5,89,000 രൂപ
ആലപ്പുഴ - 70 പേര്‍ക്ക് 16, 93,000 രൂപ
കോട്ടയം - 31 പേര്‍ക്ക് 12,28,000 രൂപ
ഇടുക്കി - 41 പേര്‍ക്ക് 13,21,000 രൂപ
എറണാകുളം - 24 പേര്‍ക്ക് 14,58,000 രൂപ
തൃശ്ശൂര്‍ - 379 പേര്‍ക്ക് 1,21,62,000 രൂപ
പാലക്കാട് - 111 പേര്‍ക്ക് 47,46,000 രൂപ
മലപ്പുറം - 29 പേര്‍ക്ക് 9,28,000 രൂപ
കോഴിക്കോട് - 53 പേര്‍ക്ക് 9,18,000 രൂപ
വയനാട് - 19 പേര്‍ക്ക് 10,90,000 രൂപ
കണ്ണൂര്‍ - 38 പേര്‍ക്ക് 16,22,000 രൂപ
കാസര്‍കോട് - 36 പേര്‍ക്ക് 11,34,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.