Education | സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പുതിയ മാറ്റങ്ങൾ; ഇനി രണ്ടുതവണ പരീക്ഷ! അറിയാം


● ഇനി രണ്ടുതവണ പരീക്ഷ എഴുതാം.
● 2026 ഫെബ്രുവരി 17 മുതൽ മാർച്ച് 6 വരെ ആദ്യഘട്ടവും, മേയ് 5 മുതൽ 20 വരെ രണ്ടാംഘട്ടവും പരീക്ഷ നടത്തും.
● രണ്ട് പരീക്ഷകളിൽ മികച്ച സ്കോർ പരിഗണിക്കും.
● പരീക്ഷാ തീയതികളും സമയക്രമവും പ്രഖ്യാപിച്ചു.
● വിദ്യാർഥികൾക്ക് ഇഷ്ടമുള്ള പരീക്ഷ തിരഞ്ഞെടുക്കാം.
ന്യൂഡൽഹി: (KVARTHA) 2026-27 അധ്യയന വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് പൊതുപരീക്ഷകൾ നടത്താൻ സിബിഎസ്ഇ തീരുമാനിച്ചു. ഇതിനായുള്ള കരട് മാർഗരേഖ സിബിഎസ്ഇ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിദ്യാർഥികൾക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം. രണ്ടു തവണ പരീക്ഷ എഴുതാൻ തീരുമാനിച്ചാലും, വീണ്ടും എഴുതാൻ ആഗ്രഹിക്കാത്ത വിഷയങ്ങൾ/പേപ്പറുകൾ എന്നിവ ഒഴിവാക്കാനും സാധിക്കും.
പരീക്ഷാ തീയതികളും സമയക്രമവും
2026 ഫെബ്രുവരി 17 മുതൽ മാർച്ച് 6 വരെ ആദ്യഘട്ടവും, മേയ് 5 മുതൽ 20 വരെ രണ്ടാംഘട്ടവും പരീക്ഷ നടത്തും. രണ്ട് ഘട്ടങ്ങളിലും പരീക്ഷാ കാലയളവ് 16-18 ദിവസമായി ചുരുക്കും. നിലവിലെ 32 ദിവസത്തെ ദൈർഘ്യത്തിന്റെ പകുതിയാണിത്. ഇതനുസരിച്ച് രണ്ട് പേപ്പറുകൾക്കിടയിൽ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള മാത്രമേ ലഭിക്കാനിടയുണ്ട്. നിലവിൽ അഞ്ച് അല്ലെങ്കിൽ 10 ദിവസം വരെ ഇടവേള ലഭിക്കാറുണ്ട്.
ആദ്യഘട്ട പരീക്ഷയുടെ ഫലം ഏപ്രിൽ 20നും, രണ്ടാംഘട്ട ഫലം ജൂൺ 30നും പ്രഖ്യാപിക്കും. രണ്ടാംഘട്ട പരീക്ഷ എല്ലാവർക്കും നിർബന്ധമല്ല. ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് എഴുതിയാൽ മതിയാകും. ആദ്യഘട്ട പരീക്ഷയിൽ ഒന്നു മുതൽ അഞ്ചു വരെ വിഷയങ്ങളിൽ പരാജയപ്പെടുന്നവർക്ക് ഇംപ്രൂവ്‌മെന്റ് വിഭാഗത്തിൽ രണ്ടാംഘട്ട പരീക്ഷയെഴുതാം. ബോർഡ് പരീക്ഷയിൽ വിജയിക്കാത്തവർക്കായി പ്രത്യേകം സപ്ലിമെന്ററി പരീക്ഷകളുണ്ടാകില്ല. രണ്ട് പരീക്ഷകളും എഴുതാൻ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് അവസാന മാർക്ക്ഷീറ്റിൽ അവരുടെ മികച്ച സ്‌കോർ ലഭിക്കും.
രണ്ടാംഘട്ടം മാത്രമെഴുതുന്നവർക്ക് ഇംപ്രൂവ്‌മെന്റിന് അവസരമില്ല. ഇവർക്ക് അടുത്ത വർഷത്തെ ആദ്യഘട്ട പരീക്ഷ എഴുതാമെങ്കിലും അക്കൊല്ലത്തെ സിലബസ് മാറ്റങ്ങൾ ബാധകമാകും. സ്‌പോർട്‌സ് വിദ്യാർഥികൾ രണ്ടുഘട്ടങ്ങളിലൊന്ന് എഴുതണം. പ്രത്യേക പരീക്ഷയില്ല.
മാർച്ച് 9 നകം കരട് മാർഗരേഖയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അഭിപ്രായം നൽകാം. ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, അത് അവലോകനം ചെയ്ത് അന്തിമമാക്കാൻ സാധ്യതയുണ്ട്. പത്താം ക്ലാസ് വിദ്യാർഥികൾക്കായി പുതിയ അക്കാദമിക് സെഷൻ ആരംഭിക്കുന്നതിന് മുമ്പ് പദ്ധതി അന്തിമമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സിബിഎസ്ഇ ഉദ്യോഗസ്ഥൻ പറഞ്ഞു. 2026 ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഈ വർഷം സെപ്റ്റംബറോടെ പൂർത്തിയാകും. ആദ്യ പരീക്ഷ എഴുതണോ, രണ്ടും എഴുതണോ, അതോ രണ്ടാമത്തെ പരീക്ഷ മാത്രം എഴുതണോ എന്ന് വിദ്യാർഥികൾ സൂചിപ്പിക്കേണ്ടിവരും.
പുതിയ രീതിയിൽ പരീക്ഷാ ദിനങ്ങൾക്കിടയിലെ ഇടവേള കുറവായിരിക്കും. സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയൊഴികെയുള്ള വിഷയങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളും വിദേശ ഭാഷകളുമാണ് ആദ്യ ഗ്രൂപ്പിൽ. ഇവ ഒരേദിവസം നടത്തും. മുഖ്യ വിഷയങ്ങളുടെ ഗണത്തിൽപെടാത്ത ഭാഷേതര പേപ്പറുകളാണ് (ഉദാ: കംപ്യൂട്ടർ ആപ്ലിക്കേഷൻ) രണ്ടാം ഗ്രൂപ്പിൽ. ഈ ഗ്രൂപ്പിൽ ഒരേ പേപ്പർ തന്നെ രണ്ടോ മൂന്നോ ദിവസമായി നടത്തും. ഓരോ വിദ്യാർഥിക്കും ഏതു ദിവസം നൽകണമെന്നു നിശ്ചയിക്കുക സിബിഎസ്ഇയാകും. പരീക്ഷയ്ക്കുശേഷം ചോദ്യക്കടലാസ് തിരികെ വാങ്ങുകയും ചെയ്യും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായനാഗൽ രേഖപ്പെടുത്തുകയും ചെയ്യുക
CBSE has announced new changes for 10th class board exams from 2026-27. Students will have the option to take either one or two exams.
#CBSE #10thClass #BoardExams #Education #ExamReform #India