Criticism | 'ഒറ്റത്തന്ത' പ്രയോഗം പിന്‍വലിച്ചാല്‍ സ്‌കൂള്‍ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കും; രഹസ്യമായി ഇനി ആംബുലന്‍സില്‍ കയറി വരുമോയെന്ന് അറിയില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി

 
Condition for Inviting Suresh Gopi to School Sports Meet: Minister's Statement
Condition for Inviting Suresh Gopi to School Sports Meet: Minister's Statement

Photo Credit: Facebook / V Sivankutty

● ക്ഷണിക്കാന്‍ ഇനിയും സമയമുണ്ട്
● ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും ഉണ്ട്
● ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്ക് വിളിച്ചുപോയാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല
● ഇങ്ങനെ ഒറ്റത്തന്തയ്ക്ക് വിളിക്കുന്നത് ആദ്യം

കൊച്ചി: (KVARTHA) 'ഒറ്റത്തന്ത' പ്രയോഗം പിന്‍വലിച്ചാല്‍ സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നും അതാണ് സര്‍ക്കാര്‍ നയമെന്നും വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി. ക്ഷണിക്കാന്‍ ഇനിയും സമയമുണ്ടെന്നു പറഞ്ഞ മന്ത്രി സുരേഷ് ഗോപി രഹസ്യമായി ഇനി ആംബുലന്‍സില്‍ കയറി വരുമോയെന്ന് അറിയില്ലെന്നും പരിഹസിച്ചു. 

ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിനിടെ തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി 'ഒറ്റത്തന്ത' പരാമര്‍ശം നടത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. 

മന്ത്രി വി ശിവന്‍കുട്ടിയുടെ വാക്കുകള്‍: 

ഞാന്‍ സര്‍ക്കാര്‍ നയം നേരത്തെ പറഞ്ഞു. സുരേഷ് ഗോപി ഒറ്റത്തന്ത പ്രയോഗം പിന്‍വലിച്ചാല്‍ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പറഞ്ഞു. ഇനിയും സമയമുണ്ട്. ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും ഉണ്ട്. കക്ഷി ഇനി രഹസ്യമായി ആംബുലന്‍സില്‍ കയറി വരുമോയെന്ന് പറയാന്‍ കഴിയില്ല- എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കായികമേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. 'ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചുപോയാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു സുരേഷ് ഗോപി. ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റത്തന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ 'ഒറ്റത്തന്തയ്ക്കു പിറന്നവന്‍' എന്നു വിളിച്ച് ആക്ഷേപിച്ചതു പിന്‍വലിച്ചാല്‍ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം'- എന്നായിരുന്നു മന്ത്രി ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്.

#KeralaPolitics, #SureshGopi, #SchoolSportsMeet, #MinisterStatement, #Controversy, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia