Budget | കണ്ണൂര്‍ ജില്ലാ പഞ്ചായത് ബജറ്റില്‍ വിദ്യാഭ്യാസത്തിനും ടൂറിസത്തിനും മുന്‍തൂക്കം

 


കണ്ണൂര്‍: (www.kvartha.com) പുതിയ കാര്‍ഷിക പദ്ധതികളും ടൂറിസം രംഗത്ത് നവ പദ്ധതികളുമായി കണ്ണൂര്‍ ജില്ലാ പഞ്ചായതിന്റെ 2023-24 വര്‍ഷത്തെ ബജറ്റ്. സമ്പൂര്‍ണ ശുചിത്വ വിദ്യാലയ പദ്ധതിയുമായി വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റില്‍ മുന്‍തൂക്കം. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അവതരിപ്പിച്ച ബജറ്റ് 125,12,79,639 വരവും 122,91,85,000 രൂപ ചെലവും 2,20,94,639 മിച്ചവും പ്രതീക്ഷിക്കുന്നു.

സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ക്ക് അഞ്ച് കോടിയും വനാതിര്‍ത്തികളില്‍ സൗരോര്‍ജ തൂക്കുവേലിക്ക് ഒരു കോടിയും വകയിരുത്തി. കാര്‍ഷിക മേഖലയില്‍ മാംഗോ ഹണി, മാംഗോ മ്യൂസിയം, ഹൈടെക് നഴ്സറി, മെഡിസിന്‍ പ്ലാന്റ് നഴ്സറി, പഴവര്‍ഗ സംസ്‌കരണ യൂനിറ്റ്, കൂടാതെ വെങ്കലഗ്രാമം, ബാംബൂ ഗ്രാമം, പലഹാര ഗ്രാമം, സ്‌കൂഫെ-കഫെ അറ്റ് സ്‌കൂള്‍, ഹെറിറ്റേജ് ബിനാലെ, വിധവാ മാട്രിമോണിയല്‍, സര്‍വശാന്തി തുടങ്ങിയ ശ്രദ്ധേയ പദ്ധതികള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു.

വിന്‍ഡ് മില്‍ പദ്ധതിയുടെ സാധ്യതാ പഠനവും മുന്നോട്ടുവെക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 27.10 കോടി രൂപ നീക്കിവെച്ച ബജറ്റില്‍ കാര്‍ഷിക മേഖലയില്‍ 6.55 കോടിയും ടൂറിസം രംഗത്ത് 2.15 കോടിയും വനിതാ രംഗത്ത് 1.15 കോടിയും വകയിരുത്തി.

കണ്ണൂരിനെ സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ലയായി മാറ്റുന്നതിന് നാല് കോടി രൂപ വകയിരുത്തി. എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് ടോയ് ലെറ്റ് സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ടോയ് ലെറ്റുകള്‍ നിര്‍മിക്കാനാണ് ജില്ലാ പഞ്ചായതിന്റെ ഇടപെടല്‍. വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ മികവിന് പ്രധാന പങ്ക് വഹിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടി ഈ വര്‍ഷവും തുടരുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി.

Budget | കണ്ണൂര്‍ ജില്ലാ പഞ്ചായത് ബജറ്റില്‍ വിദ്യാഭ്യാസത്തിനും ടൂറിസത്തിനും മുന്‍തൂക്കം

സ്‌കൂളുകളുടെ വികസനത്തിന് ആകെ 22.70 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായതിന് കീഴിലുളള വിദ്യാലയങ്ങളില്‍ ഫര്‍ണിചര്‍ വിതരണം ചെയ്യുന്നതിന് 1.80 കോടി രൂപയും അസംബ്ലി ഹാള്‍ നിര്‍മിക്കാന്‍ നാല് കോടി രൂപയും ഗ്രൗന്‍ഡുകളുടെ നവീകരണത്തിന് രണ്ട് കോടി രൂപയും നീക്കിവെച്ചു. ക്ലാസ് മുറികള്‍ നിര്‍മിക്കാന്‍ 70 ലക്ഷം രൂപയും ലൈബ്രറി നിര്‍മിക്കാന്‍ 50 ലക്ഷം രൂപയും, ശാസ്ത്രലാബുകള്‍ അഭിവൃദ്ധിപ്പെടുത്താന്‍ 10 ലക്ഷം രൂപയും ഡിജിറ്റല്‍ ക്ലാസ് റൂം ഒരുക്കുന്നതിന് 25 ലക്ഷം രൂപയും കൗണ്‍സിലിംഗ് സെന്റര്‍ തയാറാക്കാന്‍ 15 ലക്ഷം രൂപയും, ബാന്‍ഡ് ട്രൂപ് രൂപീകരിക്കാന്‍ 25 ലക്ഷം രൂപയും കംപ്യൂടര്‍/ലാപ്ടോപ് നല്‍കാന്‍ 50 ലക്ഷം രൂപയും, സിസിടിവി സ്ഥാപിക്കാന്‍ 20 ലക്ഷം രൂപയും ഔഷധ സസ്യതോട്ടം നിര്‍മിക്കുവാന്‍ അഞ്ച് ലക്ഷം രൂപയും, ബയോഡൈവേഴ്സിറ്റി രെജിസ്റ്റര്‍ തയാറാക്കാന്‍ രണ്ട് ലക്ഷം രൂപയും സ്‌കൂളുകളുടെ മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും മെയിന്റനന്‍സിനുമായി 11 കോടി രൂപയുമടക്കമാണിത്.

അംഗങ്ങളായ എം രാഘവന്‍, ഇ വിജയന്‍ മാസ്റ്റര്‍, തോമസ് വക്കത്താനം, എന്‍ പി ശ്രീധരന്‍, ടി തമ്പാന്‍ മാസ്റ്റര്‍, വി ഗീത, ടി സി പ്രിയ, എം ജൂബിലി ചാകോ, കെ താഹിറ, സി പി ഷിജു, എ മുഹമ്മദ് അഫ്സല്‍, ലിസി ജോസഫ്, കല്ലാട്ട് ചന്ദ്രന്‍, എസ് കെ ആബിദ, ബ്ലോക് പഞ്ചായത് അധ്യക്ഷരായ പി പി ശാജിര്‍, പി വി വത്സല, കെ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരായ അഡ്വ. ടി സരള, അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, സെക്രടറി എ വി അബ്ദുല്‍ ലത്തീഫ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur District Panchayat budget prioritizes education and tourism, Kannur, News, Budget, Education, Kerala, Tourism.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia