Criticism | പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നുവെന്ന പ്രചാരണം നടത്തുന്നത് കണക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി 

 
Minister V Sivankutty counters claims of declining enrollment in public schools
Minister V Sivankutty counters claims of declining enrollment in public schools

Photo Credit: Facebook / V Sivankutty

● 15 വര്‍ഷം മുമ്പ് ജനിച്ച കുട്ടികളാണ് 2024 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതി പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്
● 2009 ല്‍ രജിസ്റ്റര്‍ ചെയ്ത ജനനം 5.5 ലക്ഷം വരും 
● അതായത് ക്രൂഡ് ബര്‍ത്ത് റേറ്റ് പതിനാറാണ്
● ഇവരാണ് 2014 ല്‍ ഒന്നാം ക്ലാസില്‍ എത്തിയത്

തിരുവനന്തപുരം: (KVARTHA) പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നുവെന്ന പ്രചാരണം നടത്തുന്നത് കണക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. യാഥാര്‍ഥ്യബോധത്തോടെ വസ്തുതകള്‍ വിശകലനം ചെയ്ത് അവതരിപ്പിക്കണമെങ്കില്‍ കണക്കുകളെ സമഗ്രമായി കാണേണ്ടതുണ്ടെന്നും ശാസ്ത്രീയമായ വിശകലനത്തിന്റെ അഭാവം ഇപ്പോള്‍ ഉയരുന്ന ആശങ്കകളില്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിന്യാസം ഇടകലര്‍ന്ന് ആയതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെ ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ട് മാത്രമേ കുട്ടികളുടെ എണ്ണത്തെ പരിഗണിക്കാന്‍ കഴിയൂ എന്നും മന്ത്രി പറയുന്നു. 

സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കാര്യത്തില്‍ ലോവര്‍ പ്രൈമറി ഘട്ടം സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ തൊട്ടടുത്ത എയ്ഡഡ് സ്‌കൂളില്‍ അപ്പര്‍ പ്രൈമറി പഠനത്തിനായി ചേരുന്നുണ്ടാകാം. അതനുസരിച്ചുള്ള കുറവ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കാണുമെന്നും ഇത് കാലാകാലങ്ങളില്‍ പ്രകടമാകുന്ന പ്രവണതയാണെന്നും മന്ത്രി പറയുന്നു. 

സംഭവത്തില്‍ മന്ത്രിയുടെ വിശദീകരണം:

15 വര്‍ഷം മുമ്പ് ജനിച്ച കുട്ടികളാണ് 2024 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതി പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. 2009 ല്‍ രജിസ്റ്റര്‍ ചെയ്ത ജനനം 5.5 ലക്ഷം വരും. അതായത് ക്രൂഡ് ബര്‍ത്ത് റേറ്റ് പതിനാറാണ്. ഇവരാണ് 2014 ല്‍ ഒന്നാം ക്ലാസില്‍ എത്തിയത്. ഇപ്പോള്‍ ഒന്നാം ക്ലാസില്‍ എത്തുന്നത് 2019ല്‍ ജനിച്ച കുട്ടികളാണ്. 2019-ലെ ജനന രജിസ്റ്റര്‍ പ്രകാരം ജനിച്ച കുട്ടികളുടെ എണ്ണം 4.8 ലക്ഷം ആണ്. ക്രൂഡ് ബര്‍ത്ത് റേറ്റ് 13.9 ആണ്. അതായത് 2009 നെ അപേക്ഷിച്ച് 2019 ല്‍ 70000 കുട്ടികളുടെ കുറവ് ജനനത്തില്‍ ഉണ്ടായി. ഇത് സ്വാഭാവികമായും സ്‌കൂള്‍ പ്രവേശനത്തെയും ബാധിക്കും.

2024 മാര്‍ച്ചില്‍ 4.03 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളായ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി അടുത്തഘട്ട വിദ്യാഭ്യാസത്തിന് പോയി. 2024 ജൂണില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നത് 2.51 ലക്ഷം കുട്ടികളാണ്. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളും ഇവിടെ തന്നെ പഠിക്കണമെന്നില്ല. അതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ ജനിച്ച കുട്ടികള്‍ കേരളത്തില്‍ വരുന്നുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ കഴിഞ്ഞ വര്‍ഷത്തെ ആകെ കുട്ടികള്‍, ഈ വര്‍ഷത്തെ ആകെ കുട്ടികള്‍ എന്ന നിലയില്‍ കണക്കുകൂട്ടി പറയുന്നത് ശാസ്ത്രീയമല്ല.

കഴിഞ്ഞവര്‍ഷം ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ പഠിച്ച കുട്ടികളാണ് ഈ വര്‍ഷം രണ്ടു മുതല്‍ 10 വരെ ക്ലാസുകളിലായി പഠിക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ ആയ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ കഴിഞ്ഞ അക്കാദമിക വര്‍ഷം ഒന്നു മുതല്‍ 9 വരെ ക്ലാസ്സുകളില്‍ 30.02 ലക്ഷം കുട്ടികളാണ് പഠിച്ചിരുന്നത്. 

ഈ അക്കാദമിക് വര്‍ഷം അവര്‍ രണ്ട് മുതല്‍ 10 വരെ ക്ലാസുകളിലായി ഉണ്ടാകണം. ഇല്ലെങ്കില്‍ പ്രശ്‌നത്തെ ഗൗരവമായി കാണേണ്ടി വരും. എന്നാല്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ഈ അക്കാദമിക വര്‍ഷം രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലായി 30.37 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലുണ്ട് എന്നാണ്. അതായത് 35000 കുട്ടികള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി പുതുതായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇനി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കാര്യം നോക്കാം. ലോവര്‍ പ്രൈമറി ഘട്ടം സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ തൊട്ടടുത്ത എയ്ഡഡ് സ്‌കൂളില്‍ അപ്പര്‍ പ്രൈമറി പഠനത്തിനായി ചേരുന്നുണ്ടാകാം. അതനുസരിച്ചുള്ള കുറവ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കാണുന്നു. ഇത് കാലാകാലങ്ങളില്‍ പ്രകടമാകുന്ന പ്രവണതയാണ്. 

പോയ വര്‍ഷങ്ങളിലെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 2023-24 അക്കാദമിക വര്‍ഷം 10.76 ലക്ഷം കുട്ടികളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ ഒമ്പത് ക്ലാസ്സുകളില്‍ ഉണ്ടായിരുന്നത്. ഇത് 2024 -25 ല്‍ 10.68 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഏതാണ്ട് 8000 കുട്ടികളുടെ കുറവ്. തൊട്ടു മുന്‍വര്‍ഷവും 5000 കുട്ടികളുടെ കുറവുണ്ടായിരുന്നു. 

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിന്യാസം ഇടകലര്‍ന്ന് ആയതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെ ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ട് മാത്രമേ കുട്ടികളുടെ എണ്ണത്തെ പരിഗണിക്കാന്‍ കഴിയൂ-മന്ത്രി പറഞ്ഞു.

#KeralaEducation #PublicSchools #VSivankutty #EnrollmentStats #KeralaSchools #BirthRate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia