Student Rights | പിഎസ്എംഒ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് എസ്‌കെഎസ്‌എസ്‌എഫ്; 'തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ'
● നീറ്റ് പോലുള്ള ദേശീയ പരീക്ഷകളിൽ പോലും വിശ്വാസഭംഗം വരാത്ത വസ്ത്ര രീതികൾ അനുവദനീയമാണ്.
● എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: (KVARTHA) തിരൂരങ്ങാടി പി എസ് എം ഒ കോളജ് കാമ്പസിനകത്തേക്ക് പ്രവേശിക്കാൻ വിദ്യാർഥിനികൾക്ക് മുഖം വെളിവാക്കണമെന്ന മാനേജ്‌മെൻറിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും തിരുത്തപ്പെടാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും സമസ്‌ത വിദ്യാർഥി സംഘടനയായ എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയ്ക്ക് ശേഷം വെളിമുക്ക് ക്രസൻ്റ് എസ് എൻ ഇ സി വിദ്യാർഥിനികൾക്ക് പി എസ് എം ഒ കോളജ് പ്രിൻസിപ്പളിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം വിചിത്രവും ആവർത്തിക്കാൻ പാടില്ലാത്തതുമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഇസ്‌ലാമിക വിശ്വാസപ്രകാരമുള്ള വസ്ത്രധാരണയെ തടയുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും എസ്‌കെഎസ്‌എസ്‌എഫ് വ്യക്തമാക്കി.
നീറ്റ് പോലുള്ള ദേശീയ പരീക്ഷകളിൽ പോലും വിശ്വാസഭംഗം വരാത്ത വസ്ത്ര രീതികൾ അനുവദനീയമാണ്. ഈ വിഷയത്തിൽ പ്രബുദ്ധ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും എസ്‌കെഎസ്‌എസ്‌എഫ് ആവശ്യപ്പെട്ടു. എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
അയ്യൂബ് മുട്ടിൽ, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, അൻവർ മുഹിയദ്ധീൻ ഹുദവി, പാണക്കാട് അബ്‌ദു റഷീദലി ശിഹാബ് തങ്ങൾ, ആഷിഖ് കുഴിപ്പുറം, അലി മാസ്റ്റർ വാണിമേൽ, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, അനീസ് ഫൈസി മാവണ്ടിയൂർ, റിയാസ് റഹ്മാനി മംഗലാപുരം, ഇസ്‌മയിൽ യമാനി പുത്തൂർ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈർ അസ്‌ഹരി പള്ളങ്കോട്, സുറൂർ പാപ്പിനിശ്ശേരി, അലി അക്ബർ മുക്കം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അബ്‌ദുൽ സത്താർ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി, ഡോ. അബ്‌ദുൽ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റർ ആട്ടീരി,അൻവർ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ശമീർ ഫൈസി കോട്ടോപ്പാടം, അസ്ലം ഫൈസി ബംഗ്ല എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും, വർക്കിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.
#PSMOCollege #NiqabBan #SKSSF #StudentProtests #IslamicRights #KeralaNews