Allegation | കാലടി സർവകലാശാലയിലെ ഗവേഷണ പ്രബന്ധം കോപ്പിയടിയെന്ന് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ദിവ്യ നെടുങ്ങാടി
● കലാക്ഷേത്ര അധ്യാപികയായ ഡോ. നിർമല നാഗരാജന് മലയാളം വായിക്കാനോ എഴുതാനോ അറിയില്ല.
● നടപടിയുണ്ടായില്ലെങ്കിൽ യു.ജി.സിയെയും ഹൈകോടതിയെയും സമീപിക്കുമെന്ന് ദിവ്യ അറിയിച്ചു.
കണ്ണൂർ: (KVARTHA) കാലടി സർവകലാശാലയിലെ ഗവേഷണ പ്രബന്ധാവതരണത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും നടപടിയില്ലെന്ന് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ഡോ. ദിവ്യ നെടുങ്ങാടി കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ സമീപിച്ചിട്ടും നടപടിയില്ലാത്തതിനാൽ കോടതിയെ സമീപിക്കുമെന്ന് ഡോ. ദിവ്യ അറിയിച്ചു.
ഇതേ വിഷയം തന്നെ കൈകാര്യം ചെയ്യുന്ന രമാദേവിയുടെയും മറ്റു രണ്ടു പുസ്തകങ്ങളുടെയും തർജമയാണ് താൻ പരിശോധിച്ച ഗവേഷണ പ്രബന്ധമെന്നത് കോപ്പിയടി സംശയം ഉയർത്തുന്നുണ്ട്. പൂർവ പഠനങ്ങൾ ഇതിൽ ചേർത്തു കാണുന്നില്ല. അഞ്ച് അധ്യായങ്ങളുള്ള പ്രബന്ധത്തിൽ കുച്ചിപ്പുടിയും ദക്ഷിണേന്ത്യൻ നാട്യ നാടകങ്ങളുമായുള്ള താരതമ്യ പഠനം എവിടെയും കാണുന്നില്ലെന്നത് ഗുരുതര വീഴ്ചയാണ്. ഇത്തരം അപാകതകൾ പ്രൊ വൈസ് ചാൻസലർക്ക് സമർപിച്ചിരുന്നു.
നേരത്തെ ആരോപണ വിധേയനായ ഗൈഡ് ഡോ. വേണു ഗോപലൻ നായർക്കും ഡോക്ടറൽ കമ്മിറ്റിക്കും ഈ കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. പിന്നീട് കഴിഞ്ഞ 19 ന് നടത്തിയ ഓപ്പൺ ഡിഫൻസിലും ഗവേഷക തൻ്റെ തെറ്റു തിരുത്തിയില്ല. പ്രൊഫ മുരളി മാധവൻ, ഡോ. കലാമണ്ഡലം, ഡോ. നിർമ്മല രാജൻ എന്നിവരാണ് മൂല്യനിർണയം നടത്തിയ മറ്റുള്ളവർ.
ഇതിൽ കലാക്ഷേത്ര അധ്യാപികയായ ഡോ. നിർമല നാഗരാജന് മലയാളം വായിക്കാനോ എഴുതാനോ അറിയില്ല. ഈ വിഷയത്തിൽ മുൻ വി സി പ്രൊഫസർ എം.വി നാരായണൻ, മുൻ രജിസ്ട്രാർ ഡോ. ഉണ്ണികൃഷ്ണൻ, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ എന്നിവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ യു.ജി.സിയെയും ഹൈകോടതിയെയും സമീപിക്കുമെന്ന് ദിവ്യ അറിയിച്ചു.
#KaladyUniversity #PlagiarismAllegation #ResearchIntegrity #DivyaNedungadi #AcademicIntegrity #HigherEducation