Victory | സംസ്ഥാന സ്‌കൂൾ കലോത്സവം: കാൽ നൂറ്റാണ്ടിന് ശേഷം തൃശൂരിന് സ്വർണക്കപ്പ്; ഒരൊറ്റ പോയിന്റ് വ്യത്യാസത്തിൽ പാലക്കാടിനെ പിന്തള്ളി
● വാശിയേറിയ മത്സരങ്ങൾക്കൊടുവില്‍ ചരിത്ര വിജയം.
● 1008 പോയിന്റാണ് തൃശൂർ നേടിയത്.
● കാൽ നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ഈ വിജയം നേടുന്നത്.
● പാലക്കാടിന് 1007 പോയിന്റും കണ്ണൂരിന് 1003 പോയിന്റും.
തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ കൗമാര കലാമേളയുടെ സുവർണ കിരീടം കാൽ നൂറ്റാണ്ടിനു ശേഷം തൃശൂരിന്. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ഒരൊറ്റ പോയിന്റ് വ്യത്യാസത്തിൽ പാലക്കാടിനെ പിന്തള്ളിയാണ് തൃശൂർ കിരീടം നേടിയത്. 1008 പോയിന്റാണ് തൃശൂർ നേടിയത്. പാലക്കാടിന് 1007 പോയിന്റും കണ്ണൂരിന് 1003 പോയിന്റും ലഭിച്ചു. കലാസ്വാദകർക്ക് ആവേശം നൽകിയ വാശിയേറിയ മത്സരങ്ങൾക്കൊടുവിലാണ് തൃശൂരിന്റെ ചരിത്ര വിജയം.
അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരവേദികളിൽ ഫോട്ടോഫിനിഷിലാണ് തൃശൂർ സ്വർണക്കപ്പ് നേടിയത്. ഹൈസ്കൂൾ വിഭാഗത്തിൽ ഇരു ജില്ലകളും 482 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പമെത്തിയപ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച പ്രകടനമാണ് തൃശൂരിന് വിജയം നൽകിയത്. ഹയർ സെക്കൻഡറിയിൽ തൃശൂർ 526 പോയിന്റും പാലക്കാട് 525 പോയിന്റും നേടി. ഈ ഒരൊറ്റ പോയിന്റിന്റെ വ്യത്യാസമാണ് തൃശൂരിനെ വിജയത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 21 വർഷം കിരീടം കൈവശം വെച്ച് റെക്കോർഡിട്ട കോഴിക്കോട് 1000 പോയിന്റുമായി നാലാം സ്ഥാനത്തായി. എറണാകുളവും മലപ്പുറവും 980 പോയിന്റ് വീതം നേടി അഞ്ചാം സ്ഥാനം പങ്കിട്ടു. കൊല്ലം (964), തിരുവനന്തപുരം (957), ആലപ്പുഴ (953), കോട്ടയം (924), കാസർകോട് (913), വയനാട് (895), പത്തനംതിട്ട (848), ഇടുക്കി (817) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.
സ്കൂളുകളുടെ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബി.എസ്.ജി. ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 171 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും ഇടുക്കി എം.കെ.എൻ.എം.എച്ച്.എസ് സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി.
#KeralaKalolsavam #Thrissur #Palakkad #schoolartsfestival #Kerala #India