ജയിച്ച പരീക്ഷ തോറ്റെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥിനിയില്‍ നിന്നും കൈപറ്റിയത് 1.5 ലക്ഷം രൂപ; ജീവനക്കാരിയെ വിജിലന്‍സ് കുടുക്കിയത് ഇങ്ങനെ!

 


കോട്ടയം:  (www.kvartha.com 29.01.2022)  ജയിച്ച പരീക്ഷ തോറ്റെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥിനിയില്‍ നിന്നും 1.5 ലക്ഷം രൂപ കൈപറ്റിയെന്ന പരാതിയില്‍ ജീവനക്കാരിയെ വിജിലന്‍സ് കയ്യോടെ അറസ്റ്റുചെയ്തു. ഡിഗ്രി സെര്‍ടിഫികറ്റ് കാലതാമസം കൂടാതെ നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി ജെ എല്‍സിയെ വിജിലന്‍സ് പൊക്കിയത്. പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കോട്ടയം വിജിലന്‍സ് സംഘമാണ് എല്‍സിയെ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനി സപ്ലിമെന്ററി പരീക്ഷയിലൂടെയാണ് എംബിഎ പാസായത്. ഇവയുടെ സെര്‍ടിഫികറ്റുകള്‍ കാലതാമസം കൂടാതെ ലഭിക്കുന്നതിന് ആദ്യം എല്‍സി 1.1 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനി തന്റെ കഴുത്തില്‍ കിടന്നിരുന്ന മാല പണയം വച്ച് പണം സംഘടിപ്പിക്കുകയും അത് നല്‍കുകയും ചെയ്തു. എല്‍സിയുടെ ശമ്പളം വിതരണം ചെയ്യുന്ന ബാങ്ക് അകൗണ്ടില്‍ തന്നെയാണ് പണം ഇട്ടുകൊടുത്തത്.

ഇതിനിടെ കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനി ഡിഗ്രി പ്രൊവിഷനല്‍ സെര്‍ടിഫികറ്റിന് അപേക്ഷ നല്‍കി. അവ ഉടനെ നല്‍കുന്നതിന് 15,000 രൂപ എല്‍സി ആവശ്യപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ഥിനി വിജിലന്‍സ് എസ് പി വി ജി വിനോദ് കുമാറിന് പരാതി നല്‍കുകയായിരുന്നു. 

ജയിച്ച പരീക്ഷ തോറ്റെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥിനിയില്‍ നിന്നും കൈപറ്റിയത് 1.5 ലക്ഷം രൂപ; ജീവനക്കാരിയെ വിജിലന്‍സ് കുടുക്കിയത് ഇങ്ങനെ!

തുടര്‍ന്ന് വെള്ളിയാഴ്ച വിജിലന്‍സ് സംഘം കൈമാറിയ 15,000 രൂപ എല്‍സിക്കു വിദ്യാര്‍ഥിനി കൊടുത്തു. ഉടനെ തന്നെ അറസ്റ്റും നടന്നു. ഇടതു പക്ഷ ജീവനക്കാരുടെ സംഘടനയുടെ പ്രവര്‍ത്തകയാണ് എല്‍സി. സംഭവത്തെ തുടര്‍ന്ന് എല്‍സിയെ എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി.

സംഭവത്തെ കുറിച്ച് വിജിലന്‍സ് പറയുന്നത്:

ഏറ്റുമാനൂരിലെ കോളജില്‍ എംബിഎ കോഴ്‌സിന് പഠിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയാണു പരാതിക്കാരി. എംജി സര്‍വകലാശാലയിലെ എംബിഎ നാലു സെമസ്റ്ററിലും എട്ടു വിഷയങ്ങളില്‍ പെണ്‍കുട്ടി പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ട വിഷയങ്ങളില്‍ സപ്ലിമെന്ററി പരീക്ഷ എഴുതി. ഫലം അറിയുന്നതിനാണു സെക്ഷന്‍ ചുമതലയുള്ള യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് സി ജെ എല്‍സിയെ പെണ്‍കുട്ടി സമീപിച്ചത്. എന്നാല്‍ സപ്ലിമെന്ററി പരീക്ഷയില്‍ വിദ്യാര്‍ഥിനി പരാജയപ്പെട്ടുവെന്നാണ് എല്‍സി പറഞ്ഞത്.

തുടര്‍ന്ന് പരീക്ഷയില്‍ വിജയിപ്പിച്ചു നല്‍കാമെന്നും അതിന് ഒന്നര ലക്ഷം രൂപ വേണമെന്നും ഇവര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴുത്തിലെ മാല പണയം വച്ച് ഇവര്‍ ഒരു ലക്ഷം രൂപ സംഘടിപ്പിക്കുകയായിരുന്നു. ഈ തുക ബാങ്ക് വഴി എല്‍സിയുടെ അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. തുടര്‍ന്ന് 25,000 രൂപ കൂടി വേണമെന്ന് പറയുകയും അതില്‍ 10000 രൂപ നല്‍കുകയും ചെയ്തു.

ഇതിനിടെ വിദ്യാര്‍ഥിനി സ്വന്തം നിലയില്‍ പരിശോധിച്ചപ്പോഴാണ് പരീക്ഷയില്‍ വിജയിച്ചതായി കണ്ടത്. ഇതോടെ തന്നെ കബളിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച എല്‍സിക്കെതിരെ വിദ്യാര്‍ഥിനി വിജിലന്‍സില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രൊവിഷനല്‍ സെര്‍ടിഫികെറ്റ് ലഭിക്കുന്നതിനു 15000 രൂപ വേണമെന്ന് എല്‍സി വീണ്ടും ആവശ്യപ്പെട്ടതോടെയാണ് വിജിലന്‍സിന്റെ അറിവോടെ ഇവര്‍ കെണി ഒരുക്കിയത്. വിജിലന്‍സ് നല്‍കിയ നോടുകള്‍ സര്‍വകലാശാല സെഷനില്‍ എത്തി എല്‍സിക്കു കൈമാറി പ്രൊവിഷനല്‍ സെര്‍ടിഫികെറ്റ് കൈപ്പറ്റിയതിനു പിന്നാലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എല്‍സിയെ വളഞ്ഞ് അറസ്റ്റു ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നതിനാല്‍ ഈ സാഹചര്യം കൂടി മുതലെടുത്താണ് എല്‍സി പണം ആവശ്യപ്പെട്ടത്.

Keywords:  Woman arrested for cheating  MBA Student, Kottayam, News, Arrested, Vigilance, M.G University, Examination, Cheating, Kerala, Education.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia