Movie | മോഹൻലാൽ - കാർത്തിക ജോഡി, 'സന്മനസ്സുള്ളവർക്ക് സമാധാനം' പിറന്നിട്ട് 38 വർഷങ്ങൾ


● സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം.
● ശ്രീനിവാസന്റെ തിരക്കഥയിലാണ് ഒരുക്കിയത്.
● ശ്രീനിവാസന്റെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്ന് ഈ ചിത്രത്തിലാണ്.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) സത്യൻ അന്തിക്കാട് സംവിധാനത്തിൽ ശ്രീനിവാസൻ തിരക്കഥ രചിച്ച് മോഹൻലാൽ - കാർത്തിക എന്നിവർ നായികാനായകന്മാരായി അഭിനയിച്ച മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ സൻമനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രം പിറന്നിട്ട് 38 വർഷങ്ങൾ പിന്നിടുന്നു. മോഹൻലാലിൻ്റെ മികച്ച 10 സിനിമകൾ എടുത്തു നോക്കിയാൽ അതിലൊന്ന് സന്മനസ്സുള്ളവർക്ക് സമാധാനം ആകും. മോഹൻലാൽ - കാർത്തിക ജോഡിയെ മലയാളികൾക്ക് ഇഷ്ടപ്പെടുത്തിയ സിനിമ കൂടിയാകും ഇത്.
ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത് നടൻ ശ്രീനിവാസൻ ആയിരുന്നു. ശ്രീനിവാസനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു, സാധാരണക്കാരന്റെ നൊമ്പരങ്ങളും ആശങ്കകളും സുഖദുഖങ്ങളുമെല്ലാം ഹാസ്യരൂപേണ ദൃശ്യവൽക്കരിക്കുന്ന സ്ഥിരം സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഈ ചിത്രത്തിൽ ഗോപാലകൃഷ്ണ പണിക്കരുടെ ജീവിത പ്രാരാബ്ധങ്ങളും അതിൽ നിന്നും രക്ഷപ്പെടാനുള്ള അദ്ദേഹത്തിന്റെ നെട്ടോട്ടവുമാണ് പ്രമേയം.
പരിചയമില്ലാത്ത ബിസിനസ് സംരംഭങ്ങളിൽ തല വച്ച് കടക്കെണിയിലായി ജപ്തി ഭീക്ഷണി നേരിടുന്ന ഗോപാലകൃഷ്ണ പണിക്കർ, തന്റെ മരിച്ചു പോയ അച്ഛന്റെ പേരിൽ നഗരത്തിലുള്ള വീടും വസ്തുവും വിൽക്കാൻ തീരുമാനിക്കുന്നു. എന്നാൽ വർഷങ്ങളായി ആ വീട്ടിൽ സ്ഥിരമായി വാടകക്ക് താമസിക്കുന്ന കുടുംബത്തിന് ആ വീടിനോടുള്ള വൈകാരിക ബന്ധത്താൽ വീടൊഴിയാൻ തയ്യാറാകുന്നില്ല. അവരെ ആ വീട്ടിൽ നിന്നുമിറക്കാൻ പണിക്കർ നടത്തുന്ന വേലത്തരങ്ങളാണ് സൻമനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
ഗോപാലകൃഷ്ണ പണിക്കർ ആയി മോഹൻലാൽ വേഷമിടുമ്പോൾ വാടകവീട്ടിലെ ഗൃഹനാഥയായി കെപിഎസി ലളിതയും മകളായി കാർത്തികയും വേഷമിടുന്നു. വാടകക്കാരെ ഒഴിപ്പിക്കാനായി പണിക്കർ രംഗത്തിറക്കുന്ന തന്റെ സഹപാഠിയും സ്ഥലം സബ് ഇൻസ്പെക്ടറുമായ രാജേന്ദ്രൻ എന്ന കഥാപാത്രം ശ്രീനിവാസന്റെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ വേഷമാണ്. അതേ പോലെ തന്നെ കാർത്തികയുടെ അമ്മാവനായി എത്തുന്ന ദാമോദർജി എന്ന ബോംബെക്കാരൻ അധോലോകക്കാരനായി തിലകനും തിളങ്ങുകയുണ്ടായി. തിലകന്റെയും ശ്രീനിവാസന്റെയും ഹാസ്യ രംഗങ്ങൾ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നവയാണ്.
വിവിധ മെമകളിലൂടെ ഇരുവരുടെയും ഡയലോഗുകൾ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. ശ്രീനിവാസന്റെ അമ്മാവനായി വേഷമിടുന്ന സോമന്റെ പൂങ്കിനാവ് വാരികയുടെ പത്രാധിപർ കഥാപാത്രവും രസകരമായിരുന്നു. ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ കാർത്തിക അവതരിപ്പിക്കുന്ന മീരയോടായി പറയുന്ന ഗോപാലകൃഷ്ണ പണിക്കരുടെ വാക്കുകൾ ഇന്നും എല്ലാവരുടെയും ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ടാവും. അതിങ്ങനെ ചുരുക്കാം, 'ഓരോരോ സാഹചര്യങ്ങളാണ് മനുഷ്യരെ പരസ്പരം അകറ്റുന്നതും അടുപ്പിക്കുന്നതും. ജീവിതം അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്'.
റൊമാൻസിന് ഒട്ടും പ്രാധാന്യം നൽകാത്ത ഈ ചിത്രമാണ് മലയാളത്തിലെ എക്കാലത്തെയും റൊമാന്റിക് ചിത്രമെന്ന് പറഞ്ഞാലത് വൈരുധ്യമായി തോന്നാം. പക്ഷേ അതാണ് വാസ്തവം. ഗോപാലകൃഷ്ണ പണിക്കരുടെ ഈ ഒറ്റ ഡയലോഗ് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. 80- കളിൽ ഏറ്റവും ശ്രദ്ധേയമായ താരജോടിയായിരുന്നു മോഹൻലാൽ - കാർത്തിക. താളവട്ടം, ജനുവരി ഒരു ഓർമ്മ, ഇവിടെ എല്ലാവർക്കും സുഖം തുടങ്ങി ഒരു ഡസനടുത്ത് ചിത്രങ്ങൾ ഈ ജോടിയുടേതായി പുറത്ത് വന്നിട്ടുണ്ട്. പ്രണയത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു അക്കാലത്തെ ഒട്ടുമിക്ക മോഹൻലാൽ ചിത്രങ്ങളും. എന്നാൽ സന്മനസ്സുള്ളവർക്ക് സമാധാനം അതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
സാമൂഹിക വിമർശനങ്ങൾ നർമ്മ രൂപേണ അവതരിപ്പിക്കുന്ന ധാരാളം തിരക്കഥകൾ രചിച്ചിട്ടുള്ള ശ്രീനിവാസൻ ഒരു നടനായിട്ടാണ് മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്.1977ൽ പി.എ.ബക്കറിന്റെ മണി മുഴക്കം എന്ന ഓഫ് ബീറ്റ് ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസന്റെ അരങ്ങേറ്റം. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ അഭിനയിച്ച ശ്രീനി, ക്രമേണ പ്രിയദർശൻ ചിത്രങ്ങളിലെ തിരക്കഥാകാരനും സംഭാഷണ രചയിതാവുമായി മാറി.1986- ൽ റിലീസായ 'ടി.പി. ബാലഗോപാലൻ എം.എ' എന്ന ചിത്രമാണ് ശ്രീനിയുടെ രചനയിലെ സത്യൻ അന്തിക്കാടിന്റെ പ്രഥമ സംവിധാനസംരംഭം. അതിലുപരി സത്യൻ - ശ്രീനി - മോഹൻലാൽ കോംബോ ആരംഭിക്കുന്നതും ഈ ചിത്രത്തോടെയാണ്.
തുടർന്നിങ്ങോട്ട് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സൻമനസുള്ളവർക്ക് സമാധാനം, പട്ടണപ്രവേശം, വരവേൽപ്പ് എന്നീ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി ചിത്രങ്ങൾ ഈ കൂട്ട്കെട്ടിൽ നിന്നും പുറത്തു വന്നു. മലയാള സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പി ചന്ദ്രകുമാറിൻ്റെ ശിഷ്യനാണ് സത്യൻ അന്തിക്കാട്. ഈ സിനിമയിലെ ഒരുപിടി നല്ല ഗാനങ്ങൾ ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പഴയ കാലത്തുള്ളവർ ഇന്നും യൂട്യൂബിലും മറ്റും സെർച്ച് ചെയ്തു കാണുന്ന ഒരു സിനിമ കൂടിയാണ് സന്മനസുള്ളവർക്ക് സമാധാനം.
എത്രകണ്ടാലും ചിരിക്കുന്നതിൽ ഒരു പഞ്ഞവും വരത്തില്ല. ബോറഡിക്കുകയുമില്ല. ഇതിലെ പ്രധാന താരങ്ങളായി എത്തിയവർ എല്ലാം തന്നെ മത്സരിച്ചുള്ള അഭിനയമാണ് കാഴ്ചവെച്ചത്. മോഹൻലാൽ - കാർത്തിക ജോഡി എന്ന് കേൾക്കുമ്പോൾ ഒരോ മലയാളി സിനിമാ ആസ്വാദകൻ്റെ മനസ്സിൽ തെളിയുന്ന ചിത്രവും ഇത് തന്നെ ആയിരിക്കും. എന്നും മലയാളികൾ ഇഷ്ടപ്പെടുന്ന ചിത്രം തന്നെ സന്മനസുള്ളവർക്ക് സമാധാനം. പുതു തലമുറയ്ക്കും ഈ സിനിമ ശരിക്കും ആസ്വദിക്കാനാവും.
#MalayalamCinema #Mohanlal #Karthik #Sreenivasan #ClassicMovies #Nostalgia