Review | 'കഥ ഇന്നുവരെ' കേവലം നേരംപോക്കല്ല; പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയോ?
● 'കഥ ഇന്നുവരെ' വിഷ്ണു മോഹന്റെ സംവിധാനത്തിലാണ് ഒരുക്കിയത്.
● ബിജു മേനോൻ, മേതിൽ ദേവിക, ഹക്കീം ഷാ, അനുശ്രീ പ്രധാന വേഷങ്ങളിൽ
● ചിത്രം പ്രേക്ഷകരിൽ നിന്ന് മിശ്ര പ്രതികരണങ്ങൾ നേടി
ആദിത്യൻ ആറന്മുള
(KVARTHA) കഥപറയുന്നതില്‍ പുതുമയുണ്ടായിട്ടും അവതരണം കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നാണ് കഥ ഇന്നുവരെ എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ തോന്നിയത്. സിനിമയുടെ ടെയില്‍ എന്‍ഡില്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കും വിധമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അതിലേക്ക് എത്തുന്ന വഴികളില്‍ കല്ലുകടികളുണ്ട്. അത് പലപ്പോഴും കാഴ്ചയ്ക്ക് കുളിര്‍മയേകുന്നില്ല. നോണ്‍ ലീനിയര്‍ കഥപറച്ചില്‍ പ്രേക്ഷകരെ എല്ലായ്‌പ്പോഴും ഞെട്ടിച്ചിട്ടുണ്ട്. മെക്‌സിക്കന്‍ ചിത്രം അമറോസ് പെരോസ് അത്തരത്തില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയാണ്.
പല കഥകളും ഒരുപാട് കഥാപാത്രങ്ങളും നിറഞ്ഞ, വളരെ സങ്കീര്‍ണമായ കഥപറച്ചിലാണെങ്കിലും അവസാനം ഏല്ലാം കൊണ്ട് അവസാനിപ്പിക്കുന്നത് നമ്മളെ അമ്പരപ്പിക്കും. അത്രത്തോളം എത്തിക്കാനായില്ലെങ്കിലും മികച്ചതാക്കാന്‍ കഴിയുന്ന എല്ലാ സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും കഥാപാത്രങ്ങളും കഥ ഇന്നുവരെയിലും ഉണ്ടായിരുന്നു. ജീവിതമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അന്തരീക്ഷവും ഉണ്ടായിരുന്നു. അതിനെയൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിയുമായിരുന്നു.
ബിജുമേനോന്‍- മേതില്‍ ദേവിക, ഹക്കീംഷാ- അനുശ്രീ, നിഖില വിമല്‍-അനുമോഹന്‍ എല്ലാം പുതുമയുള്ള ജോഡികളാണ്. അപ്പുണ്ണി ശശിയുടെ വിഗ്രഹ നിര്‍മാതാവ് പുഴുവിന് ശേഷം അദ്ദേഹത്തിന് ലഭിച്ച മികച്ച കഥാപാത്രമാണ്. ഇവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ ചില സീനുകളില്‍ മെലോഡ്രാമ നിറഞ്ഞ് നില്‍ക്കുന്നു. വളരെ റിയലിസ്റ്റിക്കായുള്ള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാലമാണിത്.
നോണ്‍ലീനിയര്‍ കഥപറച്ചിലാകുമ്പോള്‍ വര്‍ത്തമാനത്തില്‍ നിന്ന് ഭൂതകാലത്തിലേക്കും അതുപോലെ തിരിച്ചും എത്തുമ്പോഴുണ്ടാകുന്ന ലാന്‍ഡിംഗ് വളരെ പ്രധാനമാണ്. ഡാനി ബോയലിന്റെ 127 അവേഴ്‌സിലും അടുത്തകാലത്തിറങ്ങിയ മഹാരാജ എന്ന തമിഴ് പടത്തിലുമൊക്കെ അതിന്റെ ഭംഗി കാണാം. അതേ രീതിയിലുള്ള അവതരണത്തിന് സാധ്യതകളുള്ള സിനിമയായിരുന്നു കഥ ഇന്നുവരെ. പല കാലത്തായി നടന്ന കഥയാണ് പറയുന്നതെങ്കിലും രംഗങ്ങളില്‍ പുതുമ കൊണ്ടുവരാനും നിലനിര്‍ത്താനും കഴിയണം, എന്ന് നിന്റെ മൊയ്തീനൊക്കെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടത് അതുകൊണ്ടാണ്.
ഹക്കീമും അനുശ്രീയും തമ്മിലുള്ള പ്രണയം പറയുന്ന ഭാഗത്ത് ഇതുവരെ കാണാത്ത കഥാമുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. എന്നാല്‍ നിഖില വിമലും അനുമോഹനും തമ്മിലുള്ള ഭാഗത്ത് പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും അതിലേക്കൊന്നും പോയില്ല. ജാതി, മതം, രാഷ്ട്രീയം, ലിംഗം, പ്രായം, തിന്മകള്‍ നിറഞ്ഞ മനസിനെ പ്രണയത്തിലൂടെ ചേര്‍ത്ത് നിര്‍ത്തുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുകയും അതിന്റെയെല്ലാം മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
അത് തന്നെയാണ് ഈ സിനിമയുടെ രാഷ്ട്രീയ പ്രാധാന്യം. പാരമ്പര്യം, സദാചാരം എന്നിവ വിദ്യാഭ്യാസമ്പന്നര്‍, സമ്പന്നര്‍, ഉന്നത കുലജാതര്‍ എന്നിവര്‍ മുറുക്കെപിടിക്കുകയും മനുഷ്യരെ സഹജീവികളായി കാണാതിരിക്കുകയും ചെയ്യുന്നു. എന്നാല്‍ സാധാരണക്കാരന്‍ അങ്ങനെയല്ല, മറ്റൊരാളെ മനുഷ്യനായി കാണുന്നു. അതുകൊണ്ടാണ് കഥാ നായകനായ രാമചന്ദ്രന്‍ (ബിജുമേനോന്‍) തന്റെ സുഹൃത്തുക്കളെ ദൈവതുല്യമായി കാണുന്നത്. ഇത്തരത്തില്‍ മനുഷ്യജീവിതത്തിലെ ഒരുപാട് അടരുകള്‍ കഥ ഇന്നുവരെയില്‍ കാണാം.
മനുഷ്യന്റെ ചിന്തകളും സ്വഭാവവും ഒരുപരിധിവരെ അവന്റെ പരിസരങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് വീട്ടകങ്ങളില്‍ നിന്ന് രൂപപ്പെടുന്നവയാണ്. പല കാലങ്ങളില്‍ പല വഴികളിലൂടെ കടന്ന് പോകുമ്പോള്‍ അതില്‍ മാറ്റംവരും. അത്തരത്തില്‍ നിസ്വാര്‍ത്ഥനായി മാറിയ വ്യക്തിയാണ് രാമചന്ദ്രന്‍. സര്‍ക്കാരോഫീസിലെ പ്യൂണായ രാമചന്ദ്രന്റെയത്രയും ഭംഗിയായി മനുഷ്യരോട് ഇടപെടാന്‍ അയാളുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലുമാകുന്നില്ല.
പണവും പദവിയുമല്ല, നല്ല പെരുമാറ്റമാണ് ഏതൊരു മനുഷ്യനും അടിസ്ഥാനമായി വേണ്ടത്. രാമചന്ദ്രനിലൂടെ അതാണ് സംവിധായകന്‍ മുന്നോട്ട് വയ്ക്കുന്നതും. പലകാലം, പല സ്ഥലങ്ങള്‍, പല മനുഷ്യര്‍, സംസ്‌കാരങ്ങള്‍ അങ്ങനെ ജീവിതത്തിന്റെ വൈവിധ്യങ്ങളും വൈരുദ്ധങ്ങളും സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്നത് കാണാം. കേവലം വിനോദത്തിന് മാത്രമായി തിയേറ്ററിലെത്തുന്ന പ്രേക്ഷകന് ഇതൊക്കെ ഉള്‍ക്കൊള്ളാനായിട്ടുണ്ടോ എന്ന് സംശയമുണ്ട്. എന്നാല്‍ പരീക്ഷണം എന്ന നിലയില്‍ ഏറെ പ്രശംസനീയമായ ഉദ്യമമാണിത്.
#KadhaInnuvare #MalayalamCinema #MovieReview #IndianCinema #VishnuMohan #BijuMenon #MetilDevika