Review | അമരൻ: ശിവ കാർത്തികേയൻ്റെ പ്രതീക്ഷക്കപ്പുറമുള്ള പ്രകടനം; സായിപല്ലവി ഒരു നല്ല പ്രണയം സമ്മാനിച്ചു

 
Shiva Karthikeyan as Major Mukund Varadarajan in the movie Amaran.
Shiva Karthikeyan as Major Mukund Varadarajan in the movie Amaran.

Photo Credit: Facebook/ SivaKarthikeyan

● മേജർ മുകുന്ദന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം.
● ശിവകാർത്തികേയന്റെ കരിയറിലെ മികച്ച പ്രകടനം.
● അമരൻ ബോക്സ് ഓഫീസിൽ 150 കോടിയിലധികം രൂപ നേടി.

റോക്കി എറണാകുളം

(KVARTHA) ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം തിരക്കഥയും നിർവഹിച്ച അമരൻ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഈ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ എന്നാണ് പുറത്തുവരുന്ന വാർത്തകൾ. 150 കോടിയിലധികം ചിത്രം ഇതുവരെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

നടന്ന സംഭവങ്ങൾ സിനിമയാകുന്നത് ആദ്യമായല്ല. ക്ലൈമാക്സ്‌ എന്താകും എന്ന് അറിയാമായിരുന്നിട്ട് കൂടി ഈ ചിത്രം നിരാശപ്പെടുത്തിയില്ല എന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. ഈ സിനിമയിൽ ശിവകാർത്തികേയൻ നല്ല വണ്ണം പണിയെടുത്തിട്ടുണ്ട്. പക്ഷെ എന്തു ചെയ്യാം? കൈയടി മുഴുവൻ കൊണ്ടുപോയത് ദേ ഈ പുള്ളിക്കാരിയാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ തീർച്ചയായും തെറ്റു പറയാൻ സാധിക്കില്ല.

ഈ സിനിമയിൽ ശിവകാർത്തികേയൻ്റെ നായികയായി എത്തിയ സായി പല്ലവി നല്ലൊരു പെർഫോമൻസ് കാഴ്ച വെച്ചിട്ടുണ്ട് എന്നതാണ് സത്യം. അസാധ്യ പെർഫോമൻസ്! മേജർ മുകുന്ദൻ്റെ ഭാര്യയായ ഇന്ദു റബേക്ക വർഗീസായി സായി പല്ലവി സിനിമയിൽ നിറഞ്ഞാടുകയായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. രാജ്യത്തിന് വേണ്ടി പൊരുതി ജീവന്‍ നല്‍കിയ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിത കഥ ആസ്പദമാക്കിയാണ് രാജ് കുമാര്‍ പെരിയസാമി ഈ സിനിമ സംവിധാനം ചെയ്തത്.

1983 ഏപ്രിൽ 12-ന് തമിഴ്‌നാട്ടിലെ താംബരം എന്ന സ്ഥലത്ത് ജനിച്ച മുകുന്ദ്, രാജ്യസേവനത്തോടുള്ള അഗാധമായ ആഭിമുഖ്യത്തോടെ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. രാഷ്ട്രീയ റൈഫിൽസ് എന്ന സേനാവിഭാഗത്തിൽ സേവനം ചെയ്ത അദ്ദേഹം, ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. 2014 ഏപ്രിൽ 25-ന് 31-ാം വയസ്സിൽ തന്റെ ജീവൻ രാജ്യത്തിന് സമർപ്പിച്ച മുകുന്ദിന്റെ ധീരത ഇന്ത്യൻ സൈന്യത്തിന് എന്നും ഒരു പ്രചോദനമാണ്.

അദ്ദേഹത്തിന്റെ ജീവിതം അതേപടി പകർത്തിയതാണ് സിനിമ. ഈ സിനിമ കണ്ടിറങ്ങുന്നവർക്ക് മേജർ മുകുന്ദനും ഭാര്യ ഇന്ദുവും മകളും മുകുന്ദന്റെ അച്ഛനും അമ്മയും എല്ലാം എന്നും പ്രേക്ഷക മനസ്സിൽ ഉണ്ടാകും. 'മുകുന്ദ് ആരായിരുന്നു എന്നാണ് രാജ്യം കാണേണ്ടത്; എന്റെ കണ്ണീരല്ല', മരണാനന്തര ബഹുമതിയായി തന്റെ ഭര്‍ത്താവിനു ലഭിച്ച പുരസ്‌കാരം അഭിമാനത്തോടെ ഏറ്റുവാങ്ങിയ ഇന്ദു റബേക വർഗീസ് പറഞ്ഞത് ഇങ്ങനെയാണ്. ശരിക്കും ഈ ഒറ്റ ഡയലോഗ് കൊണ്ട് തന്നെ സായി പല്ലവി ഏവരുടെയും ഹൃദയത്തിൽ കയറി പറ്റി എന്ന് പറയാം.

സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ ഈ സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെ: 'മേജർ മുകുന്ദ് വരദരാജൻ തീയറ്റർ നിറഞ്ഞിരുന്നു, ബഹളമയം, ആ ബഹളത്തിൽ സിനിമ ആരംഭിച്ചു. ക്ലൈമാക്സിൽ ഏവരും നിശബ്ദരായിരുന്നു'. 'ഇന്ത്യൻ മിലിട്ടറി ദി ഗ്രേറ്റ് സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഭാരം തോന്നി, അറിയാതെ കണ്ണ് ഒന്ന് നിറഞ്ഞു പോയി ഒപ്പം അതിനേക്കാളേറെ അഭിമാനവും തോന്നി ഇന്ത്യൻ മിലിട്ടറി ദി ഗ്രേറ്റ്. ഇന്ത്യൻ മിലിട്ടറിയിലേ ഓരോ പട്ടാളക്കാരനും ഹൃദയത്തിൽ ചേർത്ത് നിർത്തി ഒരു ബിഗ് സലൂട്ട്. വന്ദേ ഭാരതം', എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

അത്രമാത്രം പ്രേക്ഷക ഹൃദയങ്ങളിൽ ഈ ചിത്രം സ്ഥാനം പിടിച്ചു എന്നതാണ് ഇതിൻ്റെ ചുരുക്കം. ശിവകാർത്തികേയൻ, സായി പല്ലവി എന്നിവരെകൂടാതെ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ ഒന്നിനൊന്ന് ഗംഭീരമാക്കി. എസ് കെയുടെ ഇന്നേവരെയുള്ള സിനിമകളിൽ ഏറ്റവും മികച്ചത് എന്ന് വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്.

ഇൻഡ്രോ ബി.ജി.എം ഒക്കെ ഒരു രക്ഷയുമില്ല. സൈനിക നീക്കങ്ങൾ മനോഹരമായി എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്. നല്ലൊരു സിനിമ അനുഭവം തന്നെയാണ് ഈ സിനിമ ഏവർക്കും സമ്മാനിക്കുക. തീയറ്റർ എക്സ്പീരിയൻസ് മിസ്സ് ചെയ്യരുത്. എല്ലാവരും നല്ലൊരു സിനിമ തീയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക.

#AmaranMovie #ShivaKarthikeyan #SaiPallavi #TamilCinema #IndianArmy #MajorMukund #Bollywood #Kollywood #Cinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia