Separation | എന്തുകൊണ്ടാണ് 29 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് എ ആർ റഹ്മാനും സൈറ ബാനുവും വേർപിരിയുന്നത്?
● ഇവരുടെ വിവാഹം 1995-ൽ നടന്നു.
● ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
● ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് റഹ്‌മാൻ
ചെന്നൈ: (KVARTHA) 29 വർഷത്തെ ദാമ്പത്യത്തിന് ശേഷം, ഓസ്കർ ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്‌മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നുവെന്ന പ്രഖ്യാപനം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച, ഇരുവരുടെയും അഭിഭാഷക വന്ദന ഷാ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം ആദ്യം പുറത്തുവന്നത്. പിന്നാലെ ചൊവ്വാഴ്ച അർധരാത്രി എ ആർ റഹ്മാനും തൻ്റെ എക്‌സ് അക്കൗണ്ടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചു.
'ആകെ തകർന്ന അവസ്ഥ'
'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാത്തിനും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അർത്ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു'- റഹ്മാൻ എക്‌സിൽ കുറിച്ചു.
മൂന്ന് മക്കളുടെ മാതാപിതാക്കൾ
1995 മാർച്ച് 12 ന് ചെന്നൈയിൽ വെച്ച് വിവാഹിതരായ ഇവർക്ക് മൂന്ന് മക്കളുണ്ട്, പെൺമക്കളായ ഖദീജ, റഹീമ, മകൻ എആർ അമീൻ. സൈറയുടെ മകൻ അമീൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചു. സംഗീത ലോകത്തെ ഏറ്റവും മികച്ച ശബ്ദമായി അറിയപ്പെടുന്ന എ ആർ റഹ്മാന്റെ സംഗീത ജീവിതം 32 വർഷം പിന്നിട്ടു. ഓസ്കാർ, ഗ്രാമി തുടങ്ങിയ അവാർഡുകൾ നേടിയിട്ടുണ്ട്.
1989-ൽ 23-ാം വയസ്സിൽ ഇസ്‌ലാം സ്വീകരിച്ച റഹ്മാൻ, 'ഇസ്‌ലാം എന്നാൽ ലളിതമായ ജീവിതവും മനുഷ്യത്വവുമാണ്' എന്ന് പറയാറുണ്ട്. ‘ലഗാൻ’, ‘താൾ’, ‘സ്ലംഡോഗ് മില്യണയർ’ തുടങ്ങി നൂറുകണക്കിന് ചിത്രങ്ങൾക്ക് ജീവൻ നൽകിയ റഹ്മാന്റെ സംഗീതം ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്. ‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം നേടിയ ഓസ്കാർ അവാർഡ് ഇന്ത്യൻ സിനിമയുടെ അഭിമാനമായി. ലോകത്തിലെ മികച്ച കലാകാരന്മാർക്കൊപ്പം ചേർന്ന് അദ്ദേഹം സൃഷ്ടിച്ച സംഗീതം ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്.
1973 ഡിസംബർ 20-ന് ഗുജറാത്തിലെ കച്ചിലാണ് സൈറ ജനിച്ചത്. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നതിൽ സൈറക്ക് അഗാധമായ താത്പര്യമുണ്ടായിരുന്നു. ഭർത്താവായ എ.ആർ. റഹ്മാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സജീവമായി പിന്തുണച്ചുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, സമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ സംഭാവനകൾ നൽകി. സൈറയും റഹ്മാനും അവരുടെ സ്വകാര്യ ജീവിതം വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്നു.
എന്തുകൊണ്ട് വേർപിരിഞ്ഞു?
ഇരുവർക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയിൽ അഭിഭാഷക അറിയിച്ചു. ദമ്പതികൾ തമ്മിലുള്ള അടുപ്പം വളരെ വലുതായിരുന്നെങ്കിലും, പരിഹരിക്കാനാകാത്ത ചില പ്രശ്നങ്ങൾ അവരുടെ ബന്ധത്തെ തകർത്തുവെന്ന് പ്രസ്താവന ഉദ്ധരിച്ച് ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്തു.
#ARRahman #SairaBanu #Divorce #Bollywood #IndianMusic #MusicComposer #Oscar