Criticism | സിനിമാ വ്യവസായം ഇവിടെ വളർത്തിയത് പ്രേംനസീർ, തകർത്തത് നിങ്ങളോ? മോഹൻലാലിന് ഒരു തുറന്ന കത്ത്

 
A scathing open letter to Mohanlal: Who ruined Malayalam cinema?
A scathing open letter to Mohanlal: Who ruined Malayalam cinema?

Representational Image Generated by Meta AI

* പതിനായിരക്കണക്കിന് പേർ ജോലി എടുക്കുന്ന വ്യവസായമാണ് സിനിമ എന്നും അതു തകർക്കരുത് എന്നും ഹേമാ കമ്മിറ്റിയെ സ്വാഗതം ചെയ്തു കൊണ്ട് മോഹൻലാൽ പറയുന്നു.

റോക്കി എറണാകുളം

(KVARTHA) ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ വളരെയധികം നടന്മാർ സഹനടിമാരിൽ നിന്ന് പീഡന പരാതി നേരിട്ടുകൊണ്ടിരിക്കുകയാണ്. താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികൾക്ക് വരെ മൊത്തത്തിൽ രാജിവെയ്ക്കേണ്ട ഒരു ഗതികേട് ആണ് ഇതുമൂലം  ഉണ്ടായത്. അതിലെ പ്രധാനിയായ ജനറൽ സെക്രട്ടറിയുടെ പേരിൽ പോലും ആരോപണം ഉണ്ടായി എന്നതാണ് വാസ്തവം. ജനപ്രതിനിധിയും നടനുമായ ഒരു എം.എൽ.എ യും കേസിൽ പെട്ടിരിക്കുന്നു.  

എന്നാൽ ഈ വിഷയത്തെക്കുറിച്ച് ആദ്യമൊന്നും പ്രതികരിക്കാൻ ഇവിടുത്തെ സൂപ്പർസ്റ്റാറുകൾക്ക് കഴിയാതിരുന്നത് അവരുടെ ഫാൻസ് അസോസിയേഷനെ പോലും ഞെട്ടിച്ചുവെന്ന് വേണമെങ്കിൽ പറയാം. അമ്മയുടെ പ്രസിഡൻ്റ് കൂടിയായിരുന്ന മോഹൻലാൽ പോലും വളരെ വൈകിയാണ് ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടത്. എന്നാൽ മാധ്യമ പ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കാതെ ഓടിയൊളിക്കുന്ന കാഴ്ചയാണ് പൊതുസമൂഹത്തിന് അദ്ദേഹത്തിൽ നിന്ന്  കാണാൻ കഴിഞ്ഞത്. 

അദ്ദേഹം പൊതുവായി പറഞ്ഞത് ഒറ്റക്കാര്യം. സിനിമാ വ്യവസായം തകർക്കരുതെന്ന് മാത്രം. ആരാണ് സിനിമ വ്യവസായം തകർത്തത്. അല്ലെങ്കിൽ തകർത്തുകൊണ്ടിരിക്കുന്നത്. അതിന് ജയരാജ് എന്ന വ്യക്തി എഴുതിയ ഒരു കുറിപ്പ് ആണ് ശ്രദ്ധയാകർഷിക്കുന്നത്. തൻ്റെ ഹീറോ ആയിരുന്ന ലാലേട്ടന് എഴുതിയ ഒരു തുറന്ന കത്താണ് ആ കുറിപ്പിൻ്റെ രൂപത്തിലുള്ളത്. 

കുറിപ്പിൽ പറയുന്നത്: 'സിനിമാ വ്യവസായം തകർക്കരുതെന്ന് മോഹൻലാൽ. പതിനായിരക്കണക്കിന് പേർ ജോലി എടുക്കുന്ന വ്യവസായമാണ് സിനിമ എന്നും അതു തകർക്കരുത് എന്നും ഹേമാ കമ്മിറ്റിയെ സ്വാഗതം ചെയ്തു കൊണ്ട് മോഹൻലാൽ പറയുന്നു. ഇപ്പറഞ്ഞ പതിനായിരങ്ങളിൽ പെട്ട, തൊഴിലെടുക്കുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾക്ക് ടോയ്ലറ്റ് , ജൂനിയർ ആർട്ടിസ്സുകൾക്ക് വസ്ത്രം മാറാൻ മുറി സൗകര്യം ഒക്കെ ഈ വ്യവസായത്തിൽ ഇല്ല എന്നാണ് ഹേമാ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ പറഞ്ഞത്. ഞങ്ങൾ പൊതു ജനങ്ങൾക്ക് ഇതൊന്നും അറിവുണ്ടായിരുന്നില്ല. ഞങ്ങൾ പറഞ്ഞതുമല്ല. സിനിമാ തൊഴിലാളികൾ തന്നെ പറഞ്ഞതാണ്.

കേരളത്തിൽ മറ്റു മേഖലകളിലും ഇതുപോലെ  കമ്മിറ്റികൾ ഉണ്ടാവണമെന്ന് മോഹൻലാൽ  പറയുന്നു. വേറെ ഏതു വ്യവസായത്തിലാണ് ലാലേട്ടാ പെരുവഴിയിൽ ഇട്ട് ക്വട്ടേഷൻകാരെ കൊണ്ട് കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ മാനഭംഗപ്പെടുത്തിയിട്ടുള്ളത്? ആ താരം നടുനിവർത്തി നിന്നു. തുടർന്ന് WCC രൂപപ്പെട്ടു. സർക്കാർ WCC യുടെ ആവശ്യം അംഗീകരിച്ചു കമ്മിറ്റിയെ വെച്ചു. ഇതാണ് ചരിത്രം. അല്ലതെ മോഹൻലാലോ AMMA യോ നിർദ്ദേശിച്ചതല്ലല്ലോ. സിനിമാ വ്യവസായം തകർക്കരുത് എന്ന് പറയുന്ന മോഹൻലാൽ എത്രയോ മുൻപേ തന്നെ തിയേറ്ററുകൾ അടച്ചു പൂട്ടിയ കാര്യം സൗകര്യ പൂർവ്വം മറക്കുന്നു. 

ഒരു കാലത്ത് മഹാ നടന്മാരുടെ ചിത്രങ്ങൾ എട്ടു നില പൊട്ടിയ നേരം ഷക്കീലയാണ് തിയേറ്ററിൽ ടിക്കറ്റു കീറുന്നവന് വീട്ടിൽ പച്ചരി മേടിക്കാൻ കാശു ഉണ്ടാക്കിക്കൊടുത്തത്. തിലകൻ മുതൽ ശ്രീനാഥ് വരെ, ശ്വേതാ മേനോൻ മുതൽ WCC അംഗങ്ങൾ വരെ വ്യവസായത്തിൻ്റെ ഭാഗമായിട്ടും നിങ്ങൾ ചെയ്ത ദ്രോഹം ചില്ലറയാണോ? ഇപ്പോൾ എന്താണ് ഉണ്ടായത്? ഹേമാ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പ്രസിദ്ധീകരിച്ചു. 

ലാലിനെ ഫ്യൂഡൽ പ്രഭുവാക്കിയ രഞ്ജിത്, 4 സംസ്ഥാന അവാർഡുകൾ അഭിനയത്തിനും ഒരു സംസ്ഥാന അവാർഡ്  ഡബ്ബിങ്ങിനും അടക്കം 16 ൽ പരം അവാർഡുകൾ വാരിക്കൂട്ടിയ, ഒരു പക്ഷേ ഇന്നുണ്ടായിരുന്നുവെങ്കിൽ ഉർവ്വശിയെ ഒക്കെപ്പോലെ കാര്യമായ റോളുകൾ ചെയ്യേണ്ടിയിരുന്ന സരിതയുടെ സിനിമകളും ഇല്ലാതാക്കി അവരുടെ അടിവയറ്റിൽ തൊഴിച്ചു കൊണ്ടിരുന്ന മുകേഷ് തുടങ്ങിയവർ അടക്കം 10 ൽ താഴെ ആളുകളുടെ പേരിൽ കേസുകൾ ഉണ്ടായി.

ഇതു കൊണ്ട് എങ്ങിനെയാണ് മുൻപേ തന്നെ തകർന്നിരിക്കുന്ന സിനിമാ വ്യവസായം തകർക്കപ്പെടുന്നത്? AMMA നേതൃത്വം രാജിവെച്ചത് എന്തിനാണ്? കൂടെ നിന്നിരുന്നവരെ നിലയില്ലാതാക്കി ഓടിക്കളയുക വഴി എന്ത് ഉത്തരവാദിത്തമാണ് മോഹൻലാലും കൂട്ടരും  നിർവ്വഹിച്ചത്? പണ്ടൊരു നടനുണ്ടായിരുന്നു. പേര് പ്രേംനസീർ. എത്രയോ സുന്ദരികളായ നായികമാരോടൊപ്പം അഭിനയിച്ച നിത്യ ഹരിത നായകൻ. നിർമാതാവിന് നഷ്ടം വന്നാൽ തനിക്ക് പ്രതിഫലം തരേണ്ട എന്നു പറഞ്ഞിരുന്ന നടൻ. ഷൂട്ടിങ്ങ് സ്ഥലത്ത് കൃത്യ സമയത്ത് എത്താൻ ആട്ടോ റിക്ഷ പോലും പിടിച്ചു വരുന്ന നായകൻ.

പണ്ട് ഒരു സിഗററ്റ് വലിച്ചു കൊണ്ട് ഷൂട്ടിങ്ങ് സ്ഥലത്തിരുന്നപ്പോൾ സംവിധായകൻ വിൻസൻ്റ് വന്ന് എഴുന്നേറ്റു പുറത്തു പോവാൻ പറഞ്ഞപ്പോൾ സൗമ്യനായി പുറത്തേക്ക് പോയ നടൻ. വീട്ടിൽ തന്നെ കാണുവാൻ വരുന്നവരെ തടയരുതെന്ന് സെക്യൂരിറ്റി ഗാർഡിന് നിർദ്ദേശം നൽകിയ മനുഷ്യൻ. നാട്ടുകാർക്ക് പണത്തിന് ആവശ്യം വരുമ്പോൾ ഭാര്യ വഴി അത് കൊടുത്തു കൊണ്ടിരുന്നയാൾ. ഒരു കുഴപ്പമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. അഭിനയിക്കാനറിയില്ല. സിനിമയിലായാലും ജീവിതത്തിലും. ഇപ്പോഴുള്ളവർക്ക് ആ കുഴപ്പമില്ല. അസ്സലായി അഭിനയിക്കും. എവിടെയും'.

ഇതാണ് ആ പോസ്റ്റ്. ഇത് വായിച്ചാൽ ആർക്കും മനസ്സിലാകും ഇവിടുത്തെ സിനിമ വ്യവസായം തകർക്കാൻ ആരാണ് മുൻപന്തിയിൽ നിന്നതെന്ന്. പ്രശസ്ത സിനിമ സംവിധായകനും ഗാനരചയിതാവുമൊക്കെയായ ശ്രീകുമാരൻ തമ്പി പോലും കൃത്യമായി ഈ വിഷയത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരുകാലത്ത് സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ആയിരുന്നു ഒരു സിനിമയുടെ അവസാനവാക്ക് എങ്കിൽ ഇപ്പോൾ അത് സൂപ്പർസ്റ്റാറുകളിലേയ്ക്ക് കൈമാറ്റം വന്നിരിക്കുന്നു. അന്ന് മുതലാണ് സിനിമ വ്യവസായം  ഇവിടെ തകരാൻ തുടങ്ങിയതെന്നാണ് ആക്ഷേപം.

താങ്കൾ നിശ്ചയിക്കുന്നതുപോലെ ഒരു സിനിമയുടെ കാര്യങ്ങൾ നടക്കണമെന്ന് സൂപ്പർസ്റ്റാറുകൾ ശഠിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തപ്പെട്ടപ്പോൾ അല്ലെ അതിൻ്റെ ദൂഷ്യഫലങ്ങൾ സിനിമയിലും കാണാൻ തുടങ്ങിയത്. ഇനി അതിനൊരു മാറ്റം വരണമെങ്കിൽ സൂപ്പർസ്റ്റാറുകൾ തന്നെ ചിന്തിക്കണം. അല്ലാതെ ആരുവിചാരിച്ചാലും സിനിമാ വ്യവസായം നന്നാക്കാൻ സാധിക്കുകയില്ല. പഴയ കാലത്ത് പ്രേം നസീറൊക്കെ സഹതാരങ്ങൾക്ക് ആശ്രയമായി മാതൃകയായതുപോലെ മമ്മൂട്ടിയ്ക്കും മോഹൻലാലിനും മാതൃകയാകാൻ കഴിഞ്ഞാൽ ഇവിടുത്തെ സിനിമ വ്യവസായവും ഗതി പിടിക്കും.


#MalayalamCinema #Mohanlal #AMMA #HemaCommission #IndianCinema #Bollywood #Controversy #OpenLetter #FilmIndustry

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia