Nostalgia | കാലം മറക്കാത്ത 'കാതോട് കാതോരം'; ദൈവദൂതർ പാടി ഗാനം കേൾക്കുമ്പോൾ മനസുകളിൽ ഓടിയെത്തുന്ന ചിത്രം
മമ്മൂട്ടി, സരിത, മാസ്റ്റർ പ്രശോഭ്, നെടുമുടി, ഇന്നസെന്റ്, ജനാർദ്ധനൻ, ലിസി,ഫിലോമിന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കെ ആർ ജോസഫ്
(KVARTHA) 'ദൈവദൂതർ പാടി' എന്ന ഗാനം ക്രിസ്മസ് നാളുകളിൽ കേൾക്കുമ്പോൾ എല്ലാ മലയാളി മനസ്സുകളിലും വിരിയും കാതോട് കാതോരം എന്ന സിനിമ. മമ്മൂട്ടി നായകനായ ഈ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയുണ്ട്. അതിലെ പാട്ടുകൾ തന്നെ ആയിരുന്നു ഇതിലെ പ്രധാനപ്പെട്ട ആകർഷണം. കാതോട് കാതോരം തേൻ ചോരുമാ മന്ത്രം, ഈണത്തിൽ നീ ചൊല്ലി വിഷുപ്പക്ഷി പോലെ'... ദൈവദൂതർ പാടി, നീയെൻ സ്വർഗ്ഗ സൗന്ദര്യമേ എന്നൊക്കെയുള്ള ഈ സിനിമയിലെ പാട്ടുകൾ അതിഗംഭീരം. എന്തൊരു ഭംഗിയുള്ള വരിയും സംഗീതവുമാണിത് എന്ന് ആരും ചിന്തിച്ചു പോകുക സ്വഭാവികം.
ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനങ്ങളാണ് ഇതൊക്കെ. ഔസേപ്പച്ചൻ ആണ് ഈണം നൽകിയത്. അദ്ദേഹം ആദ്യമായി ഗാനങ്ങൾക്ക് സംഗീതം നൽകിയ പടവും ഇതാണ്. ഈ ചിത്രത്തിന്റെ ബിജിഎം ആയി വരുന്ന ട്യൂൺ പിന്നീട് അദ്ദേഹത്തിന്റെ അടുത്ത പടമായ ചിലമ്പിലെ താരും തളിരും എന്ന പാട്ടായിമാറി. കാതോട് കാതോരം തേൻ ചോരുമാ മന്ത്രം, ഈണത്തിൽ നീ ചൊല്ലി വിഷുപ്പക്ഷി പോലെ'. ഒ എൻ വി എഴുതിയ ഈ പാട്ടിന്റെ കമ്പോസിംഗ് ചെയ്തത് പടത്തിന്റെ സംവിധായകനായ ഭരതൻ ആയിരുന്നു. ലതികയുടെ മാസ്മരിക സ്വരത്തിൽ ഈ പാട്ട് ഇന്നും വേറെ ലെവൽ തന്നെ.
സെവൻ ആർട്സ് നിർമ്മിച്ച കാതോട് കാതോരം 1985 നവംബർ 15 നാണ് റിലീസ് ചെയ്തത്. മമ്മൂട്ടി, സരിത, മാസ്റ്റർ പ്രശോഭ്, നെടുമുടി, ഇന്നസെന്റ്, ജനാർദ്ധനൻ, ലിസി,ഫിലോമിന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടി നടന്മാർ അധികം ഇല്ലാത്ത ഒരു കൊച്ചു സിനിമ എന്ന വിശേഷണമായിരുന്നു ഈ സിനിമയ്ക്ക് അന്ന് ഉണ്ടായിരുന്നത്. അധികം കഥാപാത്രങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ലായിരുന്നെങ്കിലും ഉള്ള കഥാപാത്രങ്ങൾ ജനങ്ങളെ കൈയ്യിലെടുത്തുവെന്ന് വേണം പറയാൻ.
നല്ല കാമ്പുള്ള കഥയാണ് സിനിമ പറയുന്നത്. ലൂയിസ് (മമ്മൂട്ടി) ജോലി തേടി ഒരു മലയോരപ്രാദേശത്തേക്ക് വരുകയാണ്. പശു, കോഴി എന്നിവയെ പരിപാലിച്ച് ജീവിതം പുലർത്തുന്ന മേരി (സരിത) യും മോനും, ആ വീട്ടിൽ ഒരു ജോലിക്കാരനായി ലൂയിസ് മാറുന്നു. മേരിയുടെ ഭർത്താവ് ലാസർ (ജനാർദനൻ) എന്നും അവളെ വന്ന് ഉപദ്രവിക്കാറുണ്ട്, അവൾക്ക് സഹായം പള്ളിയിലെ അച്ഛൻ (നെടുമുടി) മാത്രമാണ്. ആ ഒരു ദുരിതപൂർണ്ണമായ അവളുടെ ജീവിതത്തിലേക്ക് സഹായിയായി ലൂയിസ് മാറുമ്പോൾ ലാസറും അയാളുടെ ചേട്ടനും നാട്ടുകാരും എതിർവഴിയിൽ ഇവർക്കെതിരെ നീങ്ങുകയാണ്.
ചിത്രത്തിൽ സരിതയോടുള്ള ഒരു കൂരകൃത്യം ശരിക്കും ഞെട്ടിച്ചു. അങ്ങനെ മുൻപെങ്ങോ നടന്നിട്ടുണ്ടെന്ന് പറയുന്നു. പിന്നെ പടത്തിൽ ഇന്നച്ചൻ, എന്റമ്മോ കൈയിൽ കിട്ടിയാൽ ഒരടി കൊടുക്കാൻ തോന്നുന്ന അത്രയും വെറുപ്പിച്ച കഥാപാത്രം. ചിരിപ്പിക്കാൻ മാത്രമല്ല ഗംഭീര അഭിനയത്തോടെ വെറുപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. വെള്ളപൊക്കം, പേമാരി എന്നീ കാര്യങ്ങളൊക്കെ ചിത്രീകരിക്കാൻ ഭരതൻസാർ ഒരു സംഭവമാണ്. ജോൺപോൾ ഇതിന്റെ തിരക്കഥയെഴുതി. ലൊക്കേഷൻ എതാണെന്നറിയില്ല, പക്ഷേ ആ മലയോര ഭംഗി സരോജ് പാഡിയുടെ ക്യാമറയിൽ ഭദ്രമായിരുന്നു.
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ കാതോട് കാതോരവും അതിലെ കഥാപാത്രങ്ങളും ഇന്നും നിറഞ്ഞു നിൽപ്പുണ്ടെന്ന് വേണം പറയാൻ. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന സിനിമകൂടിയാവും കാതോട് കാതോരം. മമ്മൂട്ടിയെന്ന നടനെ അക്കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയ ചിത്രം കൂടിയായിരുന്നു. മമ്മൂട്ടി ഈ സിനിമയിൽ നിറഞ്ഞാടുകയായിരുന്നെന്ന് വേണം പറയാൻ. ഈ സിനിമയിലെ ദേവദൂതർ പാടി എന്ന ഗാനം ക്രിസ്മസിന് ഇന്നും പല ക്രിസ്ത്യൻ പള്ളികളിലും ക്രിസ് മസ് കരോൾ പ്രോഗ്രാമിലും ഒക്കെ മുഴങ്ങാറുണ്ട്. അപ്പോൾ പഴയകാലത്തുള്ള എല്ലാ മലയാളി മനസ്സുകളിലും വിരിയും ഈ സിനിമ.