'എന്റെ കടലാസിന് പിറന്നാള്‍ ആശംസകള്‍'; സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ജഗതി ശ്രീകുമാറിന് ജന്മദിന ആശംസ നേര്‍ന്ന് ഇന്നസെന്റ്
Jan 5, 2022, 12:49 IST
കൊച്ചി: (www.kvartha.com 05.01.2022) മലയാളികള്‍ക്ക് ഓര്‍ത്ത് ചിരിക്കാന്‍ നര്‍മ്മ
സിനിമാ രംഗങ്ങള്‍ സമ്മാനിച്ച മലയാള സിനിമയിലെ ഹാസ്യ കുലപതി ജഗതി ശ്രീകുമാറിന് ജന്മദിന ആശംസയുമായി നടനും താരത്തിന്റെ സുഹൃത്തുമായ ഇന്നസെന്റ്. 'എന്റെ കടലാസിന് ഒരായിരം പിറന്നാള്‍ ആശംസകള്‍' എന്നായിരുന്നു ഇന്നസെന്റ് ഫേസ്ബുകില്‍ കുറിച്ചത്.
സിദ്ധിക്ക് ലാല്‍ ചിത്രമായിരുന്ന 'കാബൂളിവാല'യില്‍ ഇന്നസെന്റും ജഗതിയും അവതരിപ്പിച്ച കന്നാസും കടലാസും എന്ന കഥാപാത്രം ഇന്നും മലയാളികള്‍ക്കൊരു നൊമ്പരമാണ്. കിടക്കാന്‍ സ്വന്തമായി ഒരിടമില്ലാത്ത നാടോടികളായിട്ടാണ് ഇരുവരും ചിത്രത്തിലെത്തിയത്. ഇവരുടെ തമാശകളില്‍ ചിരിച്ചും ദു:ഖത്തില്‍ സങ്കടപ്പെട്ടും കടലാസിനെയും കന്നാസിനേയും മലയാളി സ്‌നേഹിച്ചു.
അതിനിടെ നടന് ആശംസയുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്തെത്തുന്നത്. അജുവര്‍ഗീസ്, ശ്വേത മേനോന്‍ തുടങ്ങിയ നിരവധി താരങ്ങളും ജഗതിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന അദ്ദേഹം എത്രയും വേഗം തിരിച്ചു വരട്ടെയെന്നാണ് ഏവരും ആശംസിക്കുന്നത്.
വാഹനാപകടത്തിന് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതോടെ അദ്ദേഹം സിനിമയിലേക്ക് വരുന്നു എന്ന സന്തോഷവാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. 'സിബിഐ' സീരിസിലെ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാര്‍ എത്തുന്നുവെന്ന റിപോര്‍ടുകളാണ് പുറത്തുവന്നത്. 'സിബിഐ' സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് പുതിയ വിവരം.
പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും 'സിബിഐ'യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപോര്‍ടുകള്‍. എന്നാല്‍ ഏത് വേഷത്തിലാണ് താരം എത്തുന്നതെന്ന് വ്യക്തമല്ല.
Keywords: News, Kerala, State, Kochi, Entertainment, Cine Actor, Actor, Birthday, Facebook, Facebook Post, Actor Innocent's birthday wish to Jagathy Sreekumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.