Actor R Madhavan | 'എത്ര മനോഹരമായാണ് ആ സിനിമ ചിത്രീകരിച്ചിരിക്കുന്നത്! ശരിക്കും അവന്‍ജേഴ്സൊക്കെ പോലെ, മിന്നല്‍ മുരളി കണ്ട് അത്ഭുതപ്പെട്ടു'; ബേസിലിന്റെ പടത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ മാധവന്‍
Jun 25, 2022, 14:36 IST
കൊച്ചി: (www.kvartha.com) ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോകട്രി ദ് നമ്പി എഫക്ട് എന്ന ചിത്രമാണ് നടന്‍ ആര്‍ മാധവന്റേതായി റിലീസ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും ഒപ്പം നമ്പി നാരായണന്റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ആര്‍ മാധവനാണ്. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസുമുതല്‍ 70 വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്.
വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ടൈറ്റാനിക് ഫെയിം റോണ്‍ ഡൊനാചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഇപ്പോഴിതാ, ഇന്‍ഡ്യയൊട്ടാകെ വന്‍ സ്വീകാര്യത നേടിയ മിന്നല്‍ മുരളി കണ്ടതിന് ശേഷം ബേസിലിന്റെ പടത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞിരിക്കുകയാണ് നടന്‍ മാധവന്‍. പടം കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും വളരെ മനോഹരമായാണ് അവതരിപ്പിച്ചതെന്നും പറയുകയാണ് നടന്‍. ബേസില്‍ ജോസഫിനൊപ്പം പ്രവര്‍ത്തിക്കണമെന്നും മാധവന്‍ പറഞ്ഞു.
'മിക്ക മലയാള സിനിമകളും മികച്ചതാണ്. പക്ഷെ ഞാന്‍ അവസാനമായി കണ്ട് അത്ഭുതപ്പെട്ടത് മിന്നല്‍ മുരളിയാണ്. എത്ര മനോഹരമായാണ് ആ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശരിക്കും അവന്‍ജേഴ്സൊക്കെ പോലെയുള്ള വലിയ സൂപര്‍ ഹീറോ സിനിമ പോലെ എനിക്ക് തോന്നി. അത്ര മനോഹരമായാണ് സംവിധായകന്‍ അത് ചെയ്ത് വെച്ചിരിക്കുന്നത്. എനിക്ക് എത്രയും പെട്ടന്ന് ബേസില്‍ ജോസഫിനൊപ്പം ഒരു സിനിമ ചെയ്യണം', എന്നാണ് മാധവന്‍ പറഞ്ഞത്. ക്ലബ് എഫ് എമിനോട് സംസാരിക്കുകയായിരുന്നു താരം.
ക്രിസ്മസ് റിലീസായി നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയ ചിത്രമാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നല്‍ മുരളി.
ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം. ന്യൂയോര്‍ക് ടൈംസിന്റെ പട്ടികയിലും മിന്നല്‍ മുരളി ഇടംനേടിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.