Allegation | ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂറോളം നീണ്ടു; അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ല; മൊബൈല്‍ ഫോണ്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കിയില്ല; നടന്‍ സിദ്ദീഖിനെതിരെ പൊലീസ്
● പൊലീസിന്റെ ചോദ്യങ്ങള്‍ പലതും അവഗണിച്ചു
● ഇനി കോടതിയില്‍ കാണാമെന്നുള്ള നിലപാടില്‍ അന്വേഷണ സംഘം
തിരുവനന്തപുരം: (KVARTHA) യുവനടി നല്‍കിയ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ നടന്‍ സിദ്ദീഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണ സംഘം. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. ഒന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.
പൊലീസിന്റെ ചോദ്യങ്ങള്‍ പലതും സിദ്ദീഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൊബൈല്‍ അടക്കമുള്ള രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ രേഖകള്‍ ഒന്നും തന്നെ സിദ്ദീഖ് ഹാജരാക്കിയില്ല. ഇനി ചോദ്യം ചെയ്യേണ്ടെന്നും കോടതിയില്‍ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം.
മകന്‍ ഷഹീന്‍ സിദ്ദീഖിനും നടന്‍ ബിജു പപ്പനുമൊപ്പമാണ് സിദ്ദീഖ് രാവിലെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയത്. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണ സംഘം സിദ്ദീഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സിദ്ദീഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. നേരത്തെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സിദ്ദീഖ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവില്‍ കഴിഞ്ഞിരുന്ന സിദ്ദീഖ് ഇതിനിടെ സുപ്രീം കോടതിയെ സമീപിച്ച് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവും സ്വന്തമാക്കി. ഉത്തരവ് ലഭിച്ച ശേഷമാണ് സിദ്ദീഖ് ഒളിവില്‍ നിന്നും പുറത്തെത്തിയത്.
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദീഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
നിള തിയേറ്ററില്‍ സിദ്ദീഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദീഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടപടിയിലേക്ക് നീണ്ടത്.
#Siddique #PoliceInvestigation #MolestAllegations #KeralaNews #ActingIndustry #Justice