Controversy | ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' പിളര്‍പ്പിലേക്ക്; ട്രേഡ് യൂനിയന്‍ ഉണ്ടാക്കാന്‍ നീക്കം; 20 അഭിനേതാക്കള്‍ ഫെഫ്കയെ സമീപിച്ചു
● ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം.
● ഭരണസമിതി ഒന്നടങ്കം രാജിവച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കി.
കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പല മുതിര്‍ന്ന താരങ്ങള്‍ക്കുമെതിരെ ജൂനിയര്‍ നടിമാര്‍ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന.
നിലവില്‍ അമ്മയിലെ അംഗങ്ങളായ 20 അഭിനേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചു. അഭിനേതാക്കളുടെ ട്രേഡ് യൂനിയന്‍ ഉണ്ടാക്കാനാണ് ഇവരുടെ നീക്കമെന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുടെ പേരില്‍ അമ്മ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ആരോപണ വിധേയരായവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കുകയും ചെയ്തിരുന്നു. നിലവില്‍ താല്‍ക്കാലികമായി ഇവര്‍ തന്നെ തുടരുകയാണ്. ഇതും അമ്മയില്‍ കനത്ത അഭിപ്രായ വ്യത്യാസത്തിനിടയാക്കി. ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നടപടിയാണ് അമ്മ നേതൃത്വം കൈക്കൊണ്ടതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
അതിനിടെ ഹേമ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. ഡബ്ലൂസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങള്‍ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. ഫെഫ്ക കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉണ്ണികൃഷ്ണന്റെ ആരോപണം.
ഫെഫ്കയിലെ ട്രേഡ് യൂണിയന്‍ ജനറല്‍ സെക്രട്ടറിമാരെ പോലും കമ്മിറ്റി കണ്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പേരുകളും 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളില്‍ ചിലര്‍ പ്ലാന്‍ ചെയ്തതാണ് 15 അംഗ പവര്‍ ഗ്രൂപ്പും മാഫിയയും. സിനിമയില്‍ ഇത് അസാധ്യമാണ്. പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയാണെന്നുള്ളത് നിയമപരമായി പുറത്തുവരണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഓഡിഷന്‍ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കാസ്റ്റിങ് കാള്‍ എന്നൊരു പ്രശ്‌നമില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചത്. അത് പരിഹരിച്ചുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബൈലോയില്‍ ഭേദഗതി വരുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയര്‍ത്തണമെന്നാണ് ഫെഫ്കയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
#AMMA, #MalayalamCinema, #FEFSI, #TradeUnion, #HemaCommittee, #Mohanlal