Allegation | സംവിധായകന്‍ തുളസീദാസില്‍ നിന്നും മോശം അനുഭവം ഉണ്ടായി; മുറിയില്‍തട്ടി, റൂമിലെ ഫോണില്‍ വിളിച്ചു, ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും നടി ഗീതാ വിജയന്‍
കൊച്ചി: (KVARTHA) സിനിമാ ഷൂട്ടിങ്ങിനിടെ തനിക്കും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ഗീത വിജയന്‍. അത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു, പരസ്യമായി ചീത്ത വിളിച്ചു. പോടാ പുല്ലേ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദര്‍ഭങ്ങളുമുണ്ടായി. ഇത്തരത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ സിനിമയിലെ അവസരം നഷ്ടമായെന്നും അവര്‍ പറഞ്ഞു.
നടി ശ്രീദേവികയ്ക്ക് ഉണ്ടായതുപോലെ സംവിധായകന്‍ തുളസീദാസില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്നും 1991ല്‍ ചാഞ്ചാട്ടം എന്ന സിനിമയിലെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. മുറിയില്‍ തട്ടി, റൂമിലെ ഫോണില്‍ വിളിച്ചു. എന്നാല്‍ ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. തന്നെ ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്താക്കുമെന്ന് തുളസീദാസ് വെല്ലുവിളിച്ചിരുന്നു. അതുപോലെ അരോമ മോഹനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന കാര്യവും താരം വെളിപ്പെടുത്തി. അന്വേഷണസംഘം സമീപിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും ഗീത വിജയന്‍ പറഞ്ഞു.
ആദ്യത്തെ സിനിമയില്‍ ഞാന്‍ വളരെ സുരക്ഷിതയായിരുന്നു. ആ സിനിമയുടെ സംവിധായകനായാലും സിനിമയില്‍ സഹനടന്‍മാരായിരുന്ന ഇപ്പോള്‍ ആരോപണം നേരിടുന്നവരും നല്ല രീതിയിലാണ് പെരുമാറിയത്. അവരില്‍ നിന്നും ഇത്തരത്തിലൊരു ആരോപണം പ്രതീക്ഷിച്ചില്ലെന്നും താരം പറഞ്ഞു.
സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള അവസരമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ വന്നിരിക്കുന്നതെന്നും സ്ത്രീ ശാക്തീകരണത്തിനായുള്ള ഒരു പ്ലാറ്റ് ഫോമാണിതെന്നും ഇതേ ഊര്‍ജത്തോടെ ഇത് തുടരണമെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
ഗീത വിജയന്റെ വാക്കുകള്‍:
1991ല്‍ സിനിമയില്‍ പുതിയ ആളായി എത്തിയപ്പോള്‍ മോശമായ അനുഭവം ഉണ്ടായി. അപ്പോള്‍ തന്നെ പ്രതികരിച്ചു. നോ പറയേണ്ട സ്ഥലത്ത് നോ പറഞ്ഞു. അതിനാല്‍ പലരുടെ കണ്ണിലും കരടായി. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു. പ്രതിരോധിച്ചാല്‍ അവസരം കിട്ടില്ല. സിനിമ കിട്ടുന്നെങ്കില്‍ കിട്ടട്ടെ, ഇല്ലെങ്കില്‍ വേണ്ട.
സെറ്റിലെ ദുരനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് മാനസിക പിന്തുണ ലഭിച്ചു. ചിലര്‍ സെറ്റുകളില്‍ സംരക്ഷകരായി നിന്നു. അതിനാല്‍ വലിയ ഉപദ്രവം ഉണ്ടായില്ല. നല്ലവരായ നിരവധി ആളുകളും സിനിമയിലുണ്ട്. എന്നാല്‍, സിനിമാ മേഖലയില്‍ വിവേചനം ഉണ്ടായിട്ടുണ്ട്. സിനിമയില്‍ അഭിനേതാക്കള്‍ക്ക് തുല്യപരിഗണന ഉണ്ടാകും എന്നു പറയാറുണ്ടെങ്കിലും ഉണ്ടായിട്ടില്ല. ഇത് മാറ്റങ്ങള്‍ക്കുള്ള അവസരമാണ്. പരാതി കൊടുത്താല്‍, ആരോപണ വിധേയനു പിന്നെയും നിരവധി സിനിമകള്‍ ലഭിക്കും. പരാതിക്കാരിയെ സിനിമയില്‍നിന്ന് ഒഴിവാക്കും. ഇതാണ് മാറേണ്ടത്.
ഹേമ കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാരിന് നന്ദി പറയുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് നന്നായി. സിനിമ മികച്ച മേഖലയാണ്. പക്ഷേ, അവിടെ നടക്കുന്ന കാര്യങ്ങളാണു സഹിക്കാന്‍ കഴിയാത്തത്. സിനിമാ മേഖല സുരക്ഷിതമാകണം. സുരക്ഷിതമായാലേ സുഗമമായി അഭിനയിക്കാന്‍ കഴിയൂ. സിനിമയിലെ പല സ്ത്രീകളുടെയും ജീവിതം നരകപൂര്‍ണമായിട്ടുണ്ട്. ഇതിനെല്ലാം അവസാനം വേണം.
മലയാള സിനിമയില്‍ സ്ത്രീകള്‍ ദുരിതങ്ങളും പീഡനങ്ങളും അനുഭവിച്ചു. എല്ലാവരും മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങള്‍ പറയട്ടെ. സിദ്ദിഖ് എങ്ങനെ 'അമ്മ'യുടെ തലപ്പത്തുവരും എന്ന് ആലോചിച്ചു. അദ്ദേഹത്തിനെതിരെ ആരോപണം ഉള്ളപ്പോള്‍ എന്തുകൊണ്ട് മത്സരിച്ചു? ഇതിനെതിരെയൊക്കെ നടപടി എടുക്കാന്‍ പറ്റുന്നവര്‍ വരണമെന്നും ഗീത വിജയന്‍ പറഞ്ഞു.
#MeTooIndia #MalayalamCinema #Assault #GeethaVijayan #Thulasidas #AromaMohan