Rescue | 'മനുഷ്യത്വമാണല്ലോ എപ്പോഴും വേണ്ടത്; അതേ ചെയ്തുള്ളൂ, ഇതൊന്നും വലിയ കാര്യമായി തോന്നുന്നില്ല'; 
സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍

 
Actress Navya Nair Rescues Cyclist
Actress Navya Nair Rescues Cyclist

Photo Credit: Facebook / Navya Nair

● പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതും സമയോചിതമായ നീക്കം
● റോഡില്‍ അപകടം കണ്ടാല്‍ പരുക്കേറ്റയാളെ രക്ഷിക്കേണ്ടത് കടമയെന്ന് താരം 

കൊച്ചി: (KVARTHA) സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍. ആലപ്പുഴയിലെ പട്ടണക്കാട് തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലോറിയിടിച്ച് പരുക്കേറ്റ സൈക്കിള്‍ യാത്രികനാണ് നവ്യ നായരും കുടുംബവും തുണയായത്. 

 

തിരക്കുണ്ടായിട്ടും പരുക്കേറ്റ ആളിനോടു കാട്ടിയ സമീപനം കാരണം തിരിച്ചുകിട്ടിയത് പാവപ്പെട്ട ഒരു മനുഷ്യന്റെ ജീവന്‍. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരി നിവാസില്‍ രമേശനാണ് നടിയും കുടുംബവും കാട്ടിയ മനുഷ്യത്വത്തെ തുടര്‍ന്ന് ജീവന്‍ തിരികെ കിട്ടിയത്. പരുക്കേറ്റ രമേശനെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

 

തിരുവോണ ദിവസം വൈകിട്ട് കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ മദ്യലഹരിയില്‍ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് കേരളം മുഴുവനും. കാര്‍ ഓടിച്ചിരുന്ന മുഹമ്മദ് അജ്മല്‍ (29), കൂടെയുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടി (27) എന്നിവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. 

 

വാര്‍ത്ത കേട്ടവരെല്ലാം മനുഷ്യത്വം മരവിച്ചുപോയോ എന്നു ആശങ്കപ്പെടുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസമാണ് പരുക്കേറ്റ ആളെ ഇടിച്ചിട്ട വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചോര വാര്‍ന്ന് നടുറോഡില്‍ കിടന്നിരുന്ന ആളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.  കേരളം മുഴുവനും ആരാധിക്കുന്ന നടി നവ്യ നായരാണ് ഇതിനൊക്കെ നേതൃത്വം നല്‍കിയതെന്നറിയുമ്പോള്‍ ആളുകള്‍ക്ക് അവരോടുള്ള സ്‌നേഹവും ബഹുമാനവും കൂടിയിരിക്കയാണ്. 

 

എന്നാല്‍ സംഭവത്തെ കുറിച്ച് നവ്യ പറയുന്നത് ഇങ്ങനെ:
 
എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡില്‍ അപകടം കണ്ടാല്‍ പരുക്കേറ്റയാളെ രക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്- എന്ന്.


'മാതംഗി' നൃത്തവിദ്യാലയത്തില്‍ നവ്യയ്ക്ക് നൃത്തക്ലാസിന്റെ തിരക്കുള്ളതിനാല്‍ പിതാവ് രാജു നായരാണ് സംഭവത്തെപ്പറ്റി മാധ്യമങ്ങളോട് വിശദീകരിച്ചത്. 'വീട്ടിലെ ഓണാഘോഷം കഴിഞ്ഞു ഞങ്ങള്‍ തിങ്കളാഴ്ച രാവിലെ കുടുംബസമേതം മുതുകുളത്തുനിന്നു കാറില്‍ കൊച്ചിയിലേക്കു പോവുകയായിരുന്നു. നവ്യയെ കൂടാതെ അമ്മ വീണ, സഹോദരന്‍ രാഹുല്‍, മകന്‍ സായി കൃഷ്ണ, ഞാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. രാഹുലാണ് കാറോടിച്ചിരുന്നത്. ഞാനും മുന്നിലെ സീറ്റിലായിരുന്നു. 

പട്ടണക്കാട്ടെത്തിയപ്പോള്‍, ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഒരു ഹരിയാന രജിസ്‌ട്രേഷന്‍ ട്രെയിലര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടു. ഇന്ത്യന്‍ കോഫി ഹൗസിനു സമീപമായിരുന്നു അപകടം. ഓണാവധിയായതിനാല്‍ ദേശീയപാതയില്‍ തിരക്കു കുറവായിരുന്നു. അമിതവേഗത്തിലാണു ട്രെയിലര്‍ സഞ്ചരിച്ചിരുന്നത്. ട്രെയിലറിന്റെ പിന്‍ഭാഗമാണ് ഇടിച്ചതെന്നു തോന്നുന്നു.

സൈക്കിള്‍ യാത്രക്കാരന്‍ നിലത്തുവീണു. അപകടം നടന്നത് അറിയാതിരുന്നിട്ടാണോ എന്തോ ട്രെയിലര്‍ മുന്നോട്ടു പോകുന്നതും കണ്ടു. ആ ട്രെയിലറിനെ വിടരുതെന്നു നവ്യയും മറ്റുള്ളവരും പറഞ്ഞു. ഞങ്ങള്‍ കാറിനു വേഗം കൂട്ടി. ഹോണടിച്ച് ട്രെയിലറിനെ ഓവര്‍ടേക്ക് ചെയ്തു മുന്‍പില്‍ കാര്‍ നിര്‍ത്തി. ഞങ്ങള്‍ പുറത്തിറങ്ങി. ട്രെയിലര്‍ ഡ്രൈവറോട് അപകടവിവരം പറഞ്ഞു. 

ഇതിനിടെ നവ്യ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അപകട വിവരം അറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എ എസ് ഐയും പെട്ടെന്ന് തന്നെ സ്ഥലത്തെത്തി. സൈക്കിള്‍ യാത്രക്കാരനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീടാണ് ഞങ്ങള്‍ യാത്ര തുടര്‍ന്നത്.

കണ്‍മുന്നില്‍ അപകടം നടന്നിട്ടും കണ്ടില്ലെന്നു നടിച്ചു പോയാല്‍ ആ സൈക്കിള്‍ യാത്രക്കാരന്റെ ജീവിതം എന്താകുമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. തുടര്‍ന്നാണ് ട്രെയിലറിനെ പിന്തുടര്‍ന്നു നിര്‍ത്തിച്ചത്. ഹരിയാന രജിസ്‌ട്രേഷന്‍ വാഹനമായതിനാല്‍ ഇവിടെനിന്നു വിട്ടുപോയാല്‍ കണ്ടുകിട്ടുക പ്രയാസമാണ്. അതുകൊണ്ടാണ് വണ്ടി തടഞ്ഞത്. അപ്പോഴേക്കും പൊലീസെത്തി, ആളുകളും ഓടിക്കൂടി.

വിദേശത്തു കാണുന്നതുപോലെ വളരെ പെട്ടെന്നാണ് ഹൈവേ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെന്നും നവ്യയുടെ പിതാവ് പറയുന്നു. കര്‍മനിരതരായ ഹൈവേ പൊലീസിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യപ്പറ്റോടെയാണ് നമ്മള്‍ പെരുമാറേണ്ടത്. 

നേരത്തേ, നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു വരുന്നവഴിക്ക് അപകടത്തില്‍ പരുക്കേറ്റ് റോഡില്‍ കിടക്കുന്നയാളെ ആശുപത്രിയില്‍ എത്തിക്കാനും നവ്യ മുന്‍കൈ എടുത്തിരുന്നു. ഇതെല്ലാം മാനുഷിക പരിഗണനയുടെ ഭാഗമാണ്. അല്ലാതെ മാറിനില്‍ക്കുന്നതല്ലല്ലോ ശരി എന്നാണ് നവ്യയുടെ പിതാവിന്റെ ചോദ്യം. 

നമ്മളെല്ലാം വാഹനമോടിച്ചു പോകുന്നതാണല്ലോ. ഇങ്ങനെ ഇടപെടുന്നതൊന്നും അത്ര വലിയ കാര്യമല്ല. മൈനാഗപ്പള്ളിയിലെ അപകടവാര്‍ത്ത കണ്ടപ്പോള്‍ ഞെട്ടലുണ്ടായി. മനുഷ്യത്വമാണല്ലോ എപ്പോഴും വേണ്ടതെന്നും ഓര്‍ത്തു എന്നും  നവ്യയുടെ പിതാവ് പറഞ്ഞു.

 #ActressNavyaNair #RoadAccident #Rescued #Police #Hospital #Injury
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia