Crisis | ഒടുവിൽ ഗത്യന്തരമില്ലാതെ കൂട്ടരാജി; താരാസംഘടനയായ അമ്മയുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്നു; നേതൃത്വമില്ലാതെ ദിശയറിയാതെ താരങ്ങൾ

 
AMMA Executive Committee Resigns
AMMA Executive Committee Resigns

Representational Image Generated by Meta AI

* മലയാള സിനിമയുടെ താരസംഘടനയായ അമ്മയിൽ വൻ പ്രതിസന്ധി.
* ലൈംഗിക ആരോപണങ്ങൾക്കെതിരെ പ്രതിരോധിക്കാൻ കഴിയാതെ ഭാരവാഹികൾ രാജിവച്ചു.
* സംഘടനയുടെ ഭാവി ഇനി എന്ത് എന്ന ആശങ്കയിലാണ് സിനിമാലോകം.
* അഡ്ഹോക്ക് കമ്മിറ്റിക്ക് താൽക്കാലിക ചുമതല നൽകി.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) താരസംഘടനയായ അമ്മയിൽ പ്രതിസന്ധി രൂക്ഷമാക്കിയത് ഇന്നസെൻ്റിനെ പോലെ കരുത്തനായ ഒരു നേതാവിൻ്റെ അഭാവം. ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ പ്രതിസന്ധികൾ ചർച്ച ചെയ്യാനോ ആരോപണങ്ങൾക്ക് മറുപടി പറയാനോ കഴിയാതെ എതിർപ്പുകൾക്കു മുൻപിൽ കീഴടങ്ങുകയായിരുന്നു മോഹൻലാലിൻ്റെ നേതൃത്വത്തിലുള്ള അമ്മ ഭാരവാഹികൾ. സംഘടനയുടെ ചുക്കാൻ പിടിച്ചിരുന്ന ജനറൽ സെക്രട്ടറി സിദ്ദീഖ് അതീവ ഗുരുതരമായ ലൈംഗിക ആരോപണം നേരിട്ടു ധാർമ്മികപരമായ ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവെച്ചു പുറത്തുപോയതോടെയാണ് സംഘടനയുടെ തകർച്ച തുടങ്ങിയത്. 

നടി ഉർവശി, നടൻമാരായ പൃഥിരാജ് സുകുമാരൻ, ജഗദീഷ്, അനുപ് ചന്ദ്രൻ എന്നിവർ സംഘടനയ്‌ക്കെതിരെ  പരസ്യ വിമർശനവുമായി രംഗത്ത് വന്നതോടെ ഇനി മുൻപോട്ടു പോകാനാവില്ലെന്നു അമ്മ നേതൃത്വം തിരിച്ചറിയുകയായിരുന്നു. ഇതേ തുടർന്നാണ് ഗത്യന്തരമില്ലാതെ കൂട്ടരാജി യുണ്ടായത്. വിവാദങ്ങൾ തീക്കാറ്റായി ഒന്നിനു പുറകെ ഒന്നായി വീശിയടിക്കുകയും അതിനെ പ്രതിരോധിക്കാനും ശക്തമായ മറുപടി പറയാനും നേതൃത്വം രംഗത്തുവരാതെ ഒളിച്ചിരിക്കുകയും ചെയ്തതോടെ പൊതുസമൂഹത്തിന് മുൻപിൽ നാണം കെടുകയായിരുന്നു അമ്മ ഭാരവാഹികൾ.

പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ രാജിവെച്ചത് ഇതിൻ്റെ അനന്തരഫലമായാണ്. ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് കൂട്ടരാജി പ്രഖ്യാപനമുണ്ടായിരിക്കുന്നത്. അമ്മ ഭരണസമിതി പിരിച്ചുവിട്ട് താൽക്കാലിക ഭരണസമിതി ചുമതല അഡ്ഹോക്ക് കമ്മിറ്റിയ്ക്ക് നൽകിയിട്ടുണ്ട്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 അംഗങ്ങളാണ് രാജിവെച്ചത്. രണ്ടു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്താനാണ്  യോഗത്തിൽ ധാരണയായത്. വിമർശിച്ചതിനും തിരുത്തിയതിനും നന്ദിയെന്ന് മോഹൻലാൽ യോഗത്തിൽ അറിയിച്ചിട്ടുണ്ട്.

അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖിനെതിരെ ലൈംഗിക ആരോപണം ഉയരുകയും തുടർന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അമ്മയിലെ പ്രതിസന്ധി രൂക്ഷമായത്. അമ്മയിലെ അംഗങ്ങൾ തന്നെ നേതൃത്വത്തിനെതിരെ രംഗത്തുവരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അമ്മ സംഘടനയിലെ പ്രമുഖർക്കെതിരെ ലൈംഗിക ആരോപണം ഉയർന്നിരുന്നു. ഇതോടെ അമ്മയിൽ സമാനതകളില്ലാത്ത പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

സിദ്ദീഖിന്‍റെ രാജിയെ തുടർന്ന് ചൊവ്വാഴ്ച അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്‍റായിരുന്ന മോഹൻലാലിന്‍റെ അസൗകര്യത്തെ തുടർന്ന്  യോഗം ഓൺലൈനായി ചേരുകയായിരുന്നു. സ്ഥാനമൊഴിഞ്ഞ സിദ്ദീഖിന് പകരം ജനറൽ സെക്രട്ടറിയാക്കാൻ തീരുമാനിച്ചിരുന്ന ബാബുരാജിനെതിരെയും ലൈംഗിക ആരോപണം ഉയർന്നതോടെ നയിക്കാൻ ആരേ നിയോഗിക്കുമെന്ന പ്രതിസന്ധിയും താരസംഘടന നേരിട്ടു. ഇതിനെ മറികടക്കാൻ കൂട്ടരാജിയെന്ന പോംവഴി മാത്രമേ മുൻപിലുണ്ടായിരുന്നുള്ളു.

#AMMA #MalayalamCinema #Mohanlal #SexualHarassment #Bollywood #Kerala #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia