Astrology | 'ജാതകം ചേരില്ല, നാഗചൈതന്യയും ശോഭിതയും തമ്മിലുള്ള ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടാകില്ല'; പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ എന്ത്? ആരാണ് വേണു സ്വാമി?
നേരത്തെ സാമന്തയും നാഗ ചൈതന്യയും വേർപിരിയുമെന്ന് വേണു സ്വാമി പ്രവചിച്ചിരുന്നു
ഹൈദരാബാദ്: (KVARTHA) തെന്നിന്ത്യൻ സിനിമാ ലോകം ഞെട്ടലോടെയാണ് സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചന വാർത്ത കേട്ടത്.
ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹം ചെയ്തത്. പക്ഷെ അതിന്റെ ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 2021-ൽ ഇരുവരും വേർപിരിയുകയായിരുന്നു.
ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ശേഷം തെലുങ്ക് നടൻ നാഗ ചൈതന്യ വിവാഹിതനാകാൻ പോകുകയാണെന്ന് സ്ഥിരീകരിച്ചു. തെലുങ്ക് നടി ശോഭിത ധൂലിപാലയാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയ വാർത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഈ പശ്ചാത്തലത്തിൽ, തെന്നിന്ത്യയിലെ പ്രശസ്ത ജ്യോത്സ്യൻ വേണു സ്വാമി ശോഭിതയും നാഗ ചൈതന്യയും തമ്മിലുള്ള ദാമ്പത്യത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഏറെ ചർച്ചയാവുകയാണ്. ഇരുവരും തമ്മിലുള്ള ദാമ്പത്യത്തിന് ഏറെ ആയുസ് ഉണ്ടാകില്ല എന്നും, ഒരു സ്ത്രീ കാരണം ഇരുവരും വേർപിരിയുമെന്നും വേണു സ്വാമി പറയുന്നു.
ഇവരുടെ ജാതകങ്ങൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും കൂടാതെ വിവാഹ നിശ്ചയ സമയവും ശരിയല്ലെന്നും നാഗ ചൈതന്യ-സാമന്ത ജോഡിയ്ക്ക് നൂറിൽ അൻപത് മാർക്കാണെങ്കിൽ നാഗ ചൈതന്യ-ശോഭിത ജോഡിക്ക് പത്ത് മാർക്ക് മാത്രമെന്നും വേണു സ്വാമി പറഞ്ഞു.
നേരത്തെ സാമന്തയും നാഗ ചൈതന്യയും വേർപിരിയുമെന്ന് വേണു സ്വാമി പ്രവചിച്ചിരുന്നു. അതുകൊണ്ട് തന്നെ വേണു സ്വാമിയുടെ പ്രവചനം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമാണ്.