Impact | മലയാള സിനിമയിലെ ഭാവന ഇഫക്റ്റ്; മലയാളത്തിൻ്റെ 'ലേഡി സൂപ്പർ സ്റ്റാർ' ഈ താരം തന്നെ
* മലയാള സിനിമയിലെ അധികാര കേന്ദ്രങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു.
മിൻ്റു തൊടുപുഴ
(KVARTHA) ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമാ ലോകത്തെ നടികൾക്കെല്ലാം എന്തോ സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണ്. ഇതുവരെ ഒരോരുത്തരുടെയും മനസ്സിൽ കെട്ടികിടന്ന വേദനകൾ തുറന്നു പറയുന്നതിനുള്ള സ്വാതന്ത്ര്യം ഇന്ന് അനുഭവിക്കുകയാണ് അവർ. തങ്ങൾക്ക് സിനിമാ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന വേദനകൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുപറയാനുള്ള ധൈര്യം പല നടിമാർക്കും ഇപ്പോൾ കൈവന്നിരിക്കുന്നു എന്നതാണ് വാസ്തവം. ഇതിനൊക്കെ കാരണക്കാരിയായൊരു വ്യക്തിയുണ്ട്. അവർ നടത്തിയ പോരാട്ടത്തിൻ്റെ ത്യാഗത്തിൻ്റെ ഫലമാണ് മലയാള സിനിമയിലെ നടിമാർക്ക് ഇന്ന് ലഭിച്ചിരിക്കുന്ന ഈ സ്വാതന്ത്ര്യം.
അതാണ് മലയാള സിനിമയിലെ 'ഭാവന ഇഫക്റ്റ്. തീർച്ചയായും ഭാവനയെന്ന നടിയെ ഇനി മലയാള സിനിമയുള്ളിടത്തോളം കാലം ചരിത്രം വാഴ്ത്തും. എന്താണെന്ന് വെച്ചാൽ ഇരുട്ടിൽ തപ്പിത്തടയുകയായിരുന്ന മലയാള സിനിമ നടികൾക്ക് ചുറ്റും പ്രകാശം പരത്തിയ പെൺകുട്ടി എന്ന നിലയിൽ. വളരെ നാളുകൾക്ക് മുൻപ് ഭാവന കാണിച്ച തൻ്റേടമാണ് ഇന്ന് പല സൂപ്പർതാരങ്ങളുടെ പൊയ് മുഖം അഴിഞ്ഞു വീഴാൻ ഇടയാക്കിയത്. ഇത് സംബന്ധിച്ച് സന്ദീപ് ദാസ് എന്നയാൾ എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'കേരളീയ സമൂഹവും മലയാള സിനിമയും ഭാവനയോട് എന്നും കടപ്പെട്ടിരിക്കും. അവർ കൊണ്ടുവന്ന തീപ്പൊരി ഇന്നൊരു കാട്ടുതീയായി പരിണമിച്ചിരിക്കുന്നു. സിനിമയിലെ മാഫിയാ സംഘങ്ങൾ ആ അഗ്നിയിൽ വെന്തുരുകുകയാണ്! തങ്ങൾ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയാൻ രണ്ട് നടിമാർ തയ്യാറായി. അതിൻ്റെ ഭാഗമായി 'A.M.M.A'-യുടെ മേധാവിയായിരുന്ന സിദ്ദിക്കിനും ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന രഞ്ജിത്തിനും സിംഹാസനം ഒഴിയേണ്ടിവന്നു. ഇനിയും ഒരുപാട് തലകൾ ഉരുളും. പല പകൽമാന്യൻമാരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. ഒളിച്ചിരിക്കുന്ന ക്രിമിനലുകൾക്ക് കാരാഗൃഹവാസം അനുഭവിക്കേണ്ടിവരും.
മൺമറഞ്ഞുപോയ റേപ്പിസ്റ്റുകൾക്ക് കുഴിമാടത്തിൽ പോലും സ്വസ്ഥത ലഭിക്കുകയില്ല! ഈ വിപ്ലവം തുടങ്ങിവെച്ചത് ഭാവനയാണ്. അവർ കാണിച്ചുകൊടുത്ത വഴിയിലൂടെയാണ് മറ്റുള്ള സ്ത്രീകൾ സഞ്ചരിക്കുന്നത്. മലയാളസിനിമയിൽ നിന്ന് ഭാവനയെ വേരോടെ പിഴുതെറിയണമെന്ന് ഒരു ക്രിമിനൽ സംഘം നിശ്ചയിച്ചിരുന്നു. ഭാവന തോറ്റ് പിന്മാറുമെന്ന് അവർ സ്വപ്നം കണ്ടു. പക്ഷേ ഭാവന പോരാടാനാണ് തീരുമാനിച്ചത്. അതിൻ്റെ പേരിൽ ഭാവന ഒരുപാട് അനുഭവിച്ചു. കുറേ സിനിമകൾ അവർക്ക് നഷ്ടമായി. സ്ലട്ട് ഷെയ്മിങ്ങും തെറിവിളികളും അടങ്ങുന്ന അതിഭീകരമായ സൈബർ ആക്രമണം നേരിടേണ്ടിവന്നു.
ഒരു അഭിമുഖത്തിൽ ഭാവന മനസ്സ് തുറന്നിരുന്നു- 'എന്നെക്കുറിച്ച് പല അപവാദങ്ങളും പറഞ്ഞുപരത്തുന്നുണ്ട്. ഞാൻ പലതവണ അബോർഷൻ ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഞാനെന്താ പൂച്ചയാണോ...!?' അത് പറയുമ്പോൾ ഭാവന ചിരിക്കുകയായിരുന്നു. ഇത്രയെല്ലാം അനുഭവിച്ചിട്ടും ഭാവനയുടെ മുഖത്തെ ചിരി മായുന്നില്ല. അവിടെ ആ പെൺകുട്ടി വിജയിച്ചു! അവളെ ഉപദ്രവിച്ചവർ അതിദയനീമായി പരാജയപ്പെടുകയും ചെയ്തു! പണ്ട് മലയാള സിനിമയിൽ മുൻനിര നടിമാർ പോലും ദുരിതങ്ങൾ അനുഭവിച്ചിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഇപ്പോൾ ബഹുമാനം ലഭിക്കുന്നുണ്ട്. അവരുടെ വേദനകളെ സമൂഹം ശ്രവിക്കുന്നുണ്ട്.
'ഗുരുവായൂരമ്പലനടയിൽ' എന്ന സിനിമയിൽ ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾ ജോലി ചെയ്തിരുന്നു. അവർക്കെല്ലാം കൃത്യമായ ടോയ്ലറ്റ് സൗകര്യം ലഭിച്ചിരുന്നു. പത്തുവർഷങ്ങൾക്കുമുമ്പ് അങ്ങനെയൊരു കാര്യം സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. അതാണ് മലയാള സിനിമയിലെ 'ഭാവന ഇഫക്റ്റ്!' വരുംതലമുറകൾ ഭാവനയെ നന്ദിയോടെ സമരിക്കും. ഇരുട്ടിൽ തപ്പിത്തടയുകയായിരുന്ന സ്ത്രീകൾക്കുചുറ്റും പ്രകാശം പരത്തിയ പെൺകുട്ടി എന്ന ബഹുമതി ചരിത്രം ഭാവനയ്ക്ക് നൽകും. ആത്മവിശ്വാസത്തിൻ്റെ പ്രകാശം...! സ്നേഹത്തിൻ്റെ പ്രകാശം...!! പോരാട്ടവീര്യത്തിൻ്റെ പ്രകാശം'.
ഇതാണ് ആ കുറിപ്പ്. ദൈവം ഭാവനക്കൊപ്പമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന ഹേമ കമ്മീഷൻ റിപ്പോർട്ട്. ഇനി മലയാള സിനിമയിൽ ഒരു ശുദ്ധികലശത്തിന് ഇത് ഇടനൽകുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം സ്ത്രീകൾക്ക് സുരക്ഷയും. കൂടുതൽ പവറിൽ ഭാവന ഇനി മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുകയും ചെയ്യും. അതേ, ശരിക്കും ഇനി ലേഡീ സൂപ്പർ സ്റ്റാറാകുന്നത് ഭാവന തന്നെയാകും, തീർച്ച.
#Bhavana #MalayalamCinema #WomenEmpowerment #MeToo #Kerala