Big Ben Review | ലണ്ടൻ മലയാളിയുടെ സംവിധാനത്തിൽ പിറന്ന 'ബിഗ് ബെൻ'; യുകെയിലെ കേരളീയരുടെ ജീവിതം തുറന്നുകാട്ടുന്നു 

 
Big Ben Review
Big Ben Review


ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി, ഫാമിലി ത്രില്ലറാണ് ചിത്രം

ഡോണൽ മുവാറ്റുപുഴ 

(KVARTHA) യുകെ മലയാളിയായ ബിനോ അഗസ്റ്റിൻ സംവിധാനം ചെയ്ത ‘ബിഗ് ബെൻ’ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലെ ക്ലോക്ക് ടവറിലെ ക്ലോക്കിൻ്റെ വിളിപ്പേരാണ് ബിഗ് ബെൻ. അതുപോലെ തന്നെ ഈ കഥ നടക്കുന്നതും ഇംഗ്ലണ്ടിലാണ്. ലണ്ടൻ നഗരത്തിന്റെ മുഖമുദ്രയാണ് ബിഗ് ബെൻ. ഒരു മുതുമുത്തച്ഛനെപ്പോലെ ബ്രിട്ടന്റെ ചരിത്രകഥകൾ ഏറെ പറയാനുണ്ട് വെസ്ററ്മിൻസ്റ്ററിലെ  ഈ പടുകൂറ്റൻ ക്ലോക്ക് ടവറിന്. യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ കിനാവും കണ്ണീരും നിറഞ്ഞ കഥകളും ബിഗ് ബെന്നിനറിയാം.
 

Big Ben Review

 

ഈ സിനിമയിലൂടെ ഒരു യുകെ മലയാളി കുടുംബത്തിന്റെ കഥപറയുന്നു. യുകെയിലെ മലയാളി ജീവിതത്തിന്റെ, അധികമാരും അറിയാത്ത ജീവിത കഥ തുറന്നുകാട്ടുകയാണ് ബിഗ് ബെൻ. കേരളത്തിലെ വലിയൊരു സമൂഹത്തിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച കൂടിയാണീ ചിത്രം. യുകെയിൽ ജോലി ചെയ്യുന്ന യുവതിയാണ് ലൗലി. അവളുടെ ഭർത്താവായ ജീനും ഏകമകളും കേരളത്തിലാണ്. ലൗലിയുടെ നിർബന്ധപ്രകാരം ജീൻ ഇംഗ്ലണ്ടിലേക്ക് വരുന്നതും അതേ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും  സംഭവ വികാസങ്ങളും ആണ് സിനിമയുടെ കഥാപശ്ചാത്തലം. 

യു കെയിലെ നഗരങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളി സ്ത്രീകളുടെ ജീവിതമാണ് സംവിധായകൻ ലൗലി എന്ന പെൺകുട്ടിയെ കേന്ദീകരിച്ച് അവതരിപ്പിക്കുന്നത്. തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കെത്തിക്കുന്ന ലൗലി പ്രതീഷിച്ചത് നല്ലൊരു കുടുംബ ജീവിതം കുടിയാണ്. എന്നാൽ പിന്നീട് അവളുടെ സ്വപ്നങ്ങളെ തകിടം മറിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. ഈ സംഭവങ്ങളുടെ സംഘർഷഭരിതമായ ചലചിത്രാവിഷ്ക്കാരണമാണീ സിനിമ. ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി, ത്രില്ലർ രൂപത്തിലുള്ള ഫാമിലി ത്രില്ലറാണ് ചിത്രം.

പുതുമുഖങ്ങളായ അനു മോഹൻ, അദിതി രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്. അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുമോഹൻ, അതിഥി രവി എന്നിവരുടെ അഭിനയ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവിനു സഹായകരമാകുന്നതാണ് ഈ ചിത്രമെന്ന് നിസംശയം പറയാം. നായികയായി അതിഥി രവിയും  നായകനായി അനുമോഹനും മികച്ച പെർഫോമൻസാണ് സിനിമയിലൂടെനീളം കാഴ്ചവച്ചിരിക്കുന്നത്. പ്രത്യേകിച്ചും വൈകാരികമായ രംഗങ്ങളിൽ ഒക്കെ അഥിതി രവി പക്വതയോടെയുള്ള അഭിനയം കാഴ്ചവച്ചു. 

ഇവരെക്കൂടാതെ വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവർക്കൊപ്പം യു.കെയിലെ നിരവധി മലയാളി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രജയ് കമ്മത്ത്, എൽദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും യു.കെ നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് സിനിമ അവതരിപ്പിക്കുന്നത്. 

ഈ നാടിൻ്റെ സംസ്കാരവും, ആചാരാനുഷ്ടാനങ്ങളും, നിയമ വ്യവസ്ഥകൾക്കും ഒക്കെ പ്രാധാന്യം നൽകിയുള്ള ഒരു ട്രീറ്റ് മെന്റാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ ഈ ചിത്രത്തിന് വേണ്ടി സ്വീകരിച്ചിരിക്കുന്നത്.  കുടുംബ പശ്ചാത്തലത്തിലുള്ള സിനിമ ആണെങ്കിലും അത്യാവശ്യം ത്രില്ലിങ്ങായി തന്നെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. വൈകാരികമായി പ്രേക്ഷകരെ കണക്ട് ചെയ്യാനും ചിത്രത്തിനാകുന്നുണ്ട്. ഹരി നാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു പശ്ചാത്തല സംഗീതം - അനിൽ ജോൺസ്. ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിംഗ് -റിനോ ജേക്കബ്ബ്. കലാസംവിധാനം - അരുൺ വെഞ്ഞാറമൂട്.

അസ്സോസ്സിയേറ്റ് ഡയറക്ടർ - കൊച്ചു റാണി ബിനോ ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ.ജെ. വിനയൻ. മാർക്കറ്റിംഗ് - കണ്ടൻ്റ് ഫാക്ടറി. മീഡിയ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - വൈശാലി, ഉദരാജൻ പ്രഭു, നിർമ്മാണ നിർവഹണം - സഞ്ജയ്പാൽ, ഗിരിഷ് കൊടുങ്ങല്ലൂർ. മൊത്തത്തിൽ സിനിമ ഒരു മാരക സംഭവമാണ് എന്നൊന്നും പറയാൻ സാധിക്കില്ലെങ്കിലും ഫാമിലിയായി തീയേറ്ററിൽ ചെന്ന് ആദ്യാവസാനം ബോറടിക്കാതെ  കാണാനുള്ളത് ബിഗ് ബെനിലുണ്ട്. തൻ്റെ ജീവിതാനുഭവങ്ങളിൽക്കൂടിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ലണ്ടൻ നഗരവാസി കൂടിയായ സംവിധായകൻ ബിനോ  അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. 

മലയാളത്തിലെ സൂപ്പര്‍ നടി മഞ്ജു വാര്യരുടെയും ജയസൂര്യയുടെയും ഫേസ്ബുക്ക് പേജുകള്‍ വഴി പുറത്തു വന്ന ബിഗ്‌ ബെൻ ടീസറിന് വമ്പിച്ച വരവേല്‍പാണ് സിനിമ പ്രേമികള്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ചിത്രത്തെ ആഗോള മലയാളികൾ സ്വീകരിക്കുമെന്നും വൻ വിജയമാകുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് സംവിധായകനും അണിയറ പ്രവർത്തകരും. ലണ്ടൻ, അയർലൻഡ്, ബേസിൽഡൺ, ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ട്, മുംബൈ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. എല്ലാവർക്കും കുടുംബസമേതം കാണാവുന്ന ഒരു നല്ല സിനിമ  തന്നെയാണ് ബിഗ് ബെൻ.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia