Movie | മോഹൽലാൽ ആദ്യമായി നായകനായെത്തിയ ജോഷി സിനിമയ്ക്ക് 37 വയസ്


* ജോഷിയുടെ കരിയറിലെ നിർണായകമായ ഒരു ചിത്രം കൂടിയാണ്
(KVARTHA) മോഹൻലാൽ നായകനായ 'ജനുവരി ഒരു ഓർമ്മ' എന്ന ഹിറ്റ് ചിത്രം റിലീസ് ആയിട്ട് 37 വർഷം പിന്നിടുന്നു. ജോഷി - കലൂർ ഡെന്നീസ് - മോഹൻലാൽ കൂട്ടുകെട്ടിലെ ഏക ചിത്രമായ ജനുവരി ഒരു ഓർമ്മ അക്കാലത്ത് ഒരു വലിയ വിജയമായിരുന്നു. മോഹൻലാൽ - കാർത്തിക ജോഡിയും ഒത്ത് ചേർന്ന ഒട്ടനേകം ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇത്. നായകനെന്ന നിലയിൽ മോഹൻലാൽ ആദ്യമായി ഒരു ജോഷി ചിത്രത്തിന്റെ ഭാഗമാകുന്നത് ജനുവരി ഒരു ഓർമ്മയിലൂടെയാണ്. ഊട്ടി, കൊഡൈക്കനാൽ എന്നിവയായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകൾ.
അനൗദ്യോഗിക ടൂറിസ്റ്റ് ഗൈഡായി മോഹൻലാലും ഒഫീഷ്യൽ ഗൈഡായി ജഗതിയും ഉള്ള ഈ ചിത്രം ഒരു ജോഷി ചിത്രത്തിന്റെ പതിവ് പാറ്റേണിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. അക്കാലത്തെ ഒരു ടിപ്പിക്കൽ മോഹൻലാൽ ചിത്രത്തിന് വേണ്ടിയുള്ള എല്ലാ വിഭവങ്ങളും ജനുവരി ഒരു ഓർമ്മയിൽ ഉണ്ടായിരുന്നു. ഈ സിനിമയിലെ ജഗതി ശ്രീകുമാറിൻ്റെ കോമഡി രംഗങ്ങൾ ഇന്നും റിപ്പീറ്റഡ് വാല്യു ഉള്ളവയാണ്. ഫുൾ ടൈം വെള്ളമടിച്ചു നടക്കുന്ന ജഗതിയുടെ കഥാപാത്രം മോഹൻലാൽ അവതരിപ്പിക്കുന്ന രാജു എന്ന കഥാപാത്രത്തെ നിർബന്ധിച്ച് കുടിപ്പിച്ചിട്ട് അടി വാങ്ങി കൂടുന്ന രംഗങ്ങളൊക്കെ വളരെ രസകരമായിരുന്നു. 'രായു മോനേ.... രായൂ ....' എന്ന ജഗതിയുടെ വിളിയൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചവയാണ്.
മോഹൻലാൽ, കാർത്തിക, ജഗതി ശ്രീകുമാർ എന്നിവരെക്കുടാതെ എം ജി സോമൻ, സുരേഷ് ഗോപി, ലാലു അലക്സ്, ജയഭാരതി, രോഹിണി, മാസ്റ്റർ രഘു, കരമന ജനാർധനൻ നായർ എന്നിവരായിരുന്നു മറ്റ് താരങ്ങൾ. ജോഷിയുടെ അടുത്ത ബന്ധു കൂടിയായ തരംഗിണി ശശിയായിരുന്നു ജനുവരി ഒരു ഓർമ്മയുടെ നിർമ്മാതാവ്. ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി ടീമിന്റെ പാട്ടുകളെല്ലാം തന്നെ മനോഹരമായിരുന്നു. മോഹൻലാലിന്റെ അമ്മക്ക് അക്കാലഘട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രമായിരുന്നു ജനുവരി ഒരു ഓർമ്മ എന്ന് തിരക്കഥാകാരനായ കലൂർ ഡെന്നീസ് ഈയിടെ അനുസ്മരിക്കുകയുണ്ടായി. ജോഷി ടച്ചില്ലാത്ത ജോഷി ചിത്രം കൂടിയായിരുന്നു ഇത്.
തന്റെ കരിയറിലെ ഏറ്റവും മോശം സമയത്ത് ആശ്വാസ വിജയം നേടാൻ ജോഷിയെ സഹായിച്ച ചിത്രമെന്നതാണ് ജനുവരി ഒരു ഓർമ്മയുടെ പ്രാധാന്യം. ഈ ചിത്രം വിജയം വരിച്ചെങ്കിലും മാസ്റ്റർ ക്രാഫ്റ്റ്സ്മാന് അർഹിക്കുന്ന ഒരു തിരിച്ചു വരവിന് ന്യൂഡൽഹി റിലീസാകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം. വിജയ ചിത്രമായിരുന്നെങ്കിൽ തന്നെയും ജോഷി - കലൂർ ഡെന്നീസ് - മോഹൻലാൽ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു ചിത്രമുണ്ടായിട്ടില്ല എന്നതിലുപരി ജനുവരി ഒരു ഓർമ്മക്ക് ശേഷം ജോഷി പിന്നീട് ഒരിക്കലും കലൂർ ഡെന്നീസുമായി ഒരുമിച്ചിട്ടില്ല. മോഹൻലാലാകട്ടെ ജോഷിയുടെ ഇവിടെ എല്ലാവർക്കും സുഖം എന്ന ചിത്രത്തിന് ശേഷം പിന്നീടൊരിക്കലും കലൂർ ഡെന്നീസിൻ്റെ മറ്റൊരു രചനയിൽ സഹകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ജോഷിയുടെ കരിയറിലെ നിർണ്ണായകമായ ഒരു ചിത്രം കൂടിയാണ് ജനുവരി ഒരു ഓർമ്മ. 1978ൽ റിലീസ് ചെയ്ത ടൈഗർ സലിം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ ജോഷി, 1980 - ലെ മൂർഖന്റെ വൻ വിജയത്തോടെ മുൻ നിര സംവിധായകനായി മാറി. മമ്മൂട്ടിയായിരുന്നു മിക്ക ജോഷി സിനിമകളിലെയും നായകൻ. ഒരു മാറ്റത്തിന് വേണ്ടി ജോഷി മോഹൻലാലിനെ കാസ്റ്റ് ചെയ്യുകയും ഒരിടവേളക്ക് ശേഷം കലൂർ ഡെന്നീസുമായി ഒരുമിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ജനുവരി ഒരു ഓർമ്മയുടെ പിറവി. ചിത്രത്തിന്റെ മൂലകഥ എ ആർ മുകേഷിന്റേതായിരുന്നു. ജോഷിയുടെയും മമ്മൂട്ടിയുടെയും ഗ്രാഫ് താഴോട്ടിറങ്ങുമ്പോൾ കൈ നിറയെ വിജയ ചിത്രങ്ങളുമായി മോഹൻലാൽ തിളങ്ങിയ സമയം കൂടിയിരുന്നു 1986ന്റെ രണ്ടാം പകുതി.
അങ്ങനെ അതാത് കാലത്തെ മുൻനിര താരങ്ങളെ മാത്രം നായകരാക്കി ചിത്രങ്ങൾ ഒരുക്കിയിരുന്ന ജോഷിയുടെ ഒരു ചിത്രത്തിൽ നടാടെയായി മോഹൻലാൽ നായകനായി വരുന്നു. മികച്ച വിജയം നേടുന്നു. എന്തായാലും മോഹൻലാൽ ജോഷിയുടെ സിനിമയിൽ ആദ്യമായി നായകനായെത്തിയെന്ന രീതിയിൽ ജനുവരി ഒരു ഓർമ്മ എന്നും ഓർമ്മിക്കപ്പെടും. ഒപ്പം ചലച്ചിത്ര പ്രേമികൾക്ക് നല്ലൊരു വിരുന്ന് സമ്മാനിച്ച ചിത്രമെന്ന നിലയിലും മലയാളി സിനിമ ആസ്വാദകർക്കിടയിൽ ജനുവരി ഒരു ഓർമ്മയ്ക്ക് എന്നും ഒരു സ്ഥാനമുണ്ടായിരിക്കും.