ജൂറി അംഗങ്ങള്‍ എത്തിത്തുടങ്ങി, 4 ജൂറി ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

 


തിരുവനന്തപുരം: (www.kvartha.com 08.12.2017) രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. ഹോങ്കോങ്ങില്‍ നിന്നുള്ള ലോകപ്രശസ്ത ഫിലിം എഡിറ്റര്‍ മേരി സ്റ്റീഫന്‍ ആണ് ആദ്യം എത്തിയത്. മറ്റംഗങ്ങള്‍ ഉടന്‍ നഗരത്തിലെത്തും. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലാണ് ഇവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര പാനലില്‍ അഞ്ച് ജൂറി അംഗങ്ങളും ഫിപ്രസി, നെറ്റ് പാക് പാനലുകളില്‍ മൂന്നു വീതം അംഗങ്ങളുമാണുള്ളത്.

വിവിധ അന്താരാഷ്ട്ര മേളകളുടെ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍ ആണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. വെനീസ്, റോട്ടര്‍ ഡാം, തുടങ്ങി അനേകം ലോകപ്രശസ്ത ചലച്ചിത്രമേളകളുടെ ഡയറക്ടര്‍ ആയിരുന്നു ഇറ്റലിക്കാരനായ മുള്ളര്‍. ഇദ്ദേഹം നഗരത്തിലെത്തി. ജൂറി പാനലില്‍ മാര്‍ക്കോ മുള്ളര്‍ക്കൊപ്പം പ്രശസ്ത മലയാളി സംവിധായകന്‍ ടി.വി. ചന്ദ്രന്‍, കൊളംബിയന്‍ നടന്‍ മര്‍ലന്‍ മൊറീനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, ആഫ്രിക്കന്‍ ചലച്ചിത്ര പണ്ഡിതന്‍ അബൂബേക്കര്‍ സനാഗോ എന്നിവരാണുള്ളത്.

 ജൂറി അംഗങ്ങള്‍ എത്തിത്തുടങ്ങി, 4 ജൂറി ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

നാല് ചിത്രങ്ങളാണ് ജൂറി ഫിലിംസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി, മര്‍ലന്‍ മൊറീനോ അഭിനയിച്ച കൊളംബിയന്‍ ചിത്രം ''ഡോഗ് ഈറ്റ് ഡോഗ്'', മാര്‍ക്കോ മുള്ളര്‍ നിര്‍മിച്ച അലക്‌സാണ്ടര്‍ സോകുറോവ് ചിത്രം ''ദി സണ്‍'', മേരി സ്റ്റീഫന്‍ എഡിറ്റിംഗ് നിര്‍വഹിച്ച ''ദി സ്വേയിങ് വാട്ടര്‍ലില്ലി'' എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മാനുഷിക ബന്ധങ്ങളിലെ ആന്തരിക സംഘര്‍ഷങ്ങളും ചരിത്രപരവും സാമൂഹികവുമായ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ജൂറി അംഗങ്ങളുടെ സിനിമാവൈദഗ്ധ്യം വിളിച്ചോതുന്ന ചിത്രങ്ങളാണിവ.

ഫിപ്രസി ജൂറി പാനലില്‍ പ്രശസ്ത മലയാളി സിനിമാ പണ്ഡിതനും നിരൂപകനുമായ മധു ഇറവങ്കര അംഗമാണ്. ഫിന്നിഷ് മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ ഹാരി റോംബോട്ടി, തുര്‍ക്കിയില്‍ നിന്നുള്ള സെനം അയ്തക് എന്നിവരാണ് മറ്റ് ഫിപ്രസി ജൂറി അംഗങ്ങള്‍. ഫ്രഞ്ച് സിനിമാ നിരൂപകനായ മാക്‌സ് ടെസ്സിയര്‍, മുംബൈയില്‍ നിന്നുള്ള ഫിലിം എഡിറ്റര്‍ നന്ദിനി രാംനാഥ്, സൗത്ത് കൊറിയന്‍ നടന്‍ ജി ഹൂണ്‍ ജോ എന്നിവരാണ് നെറ്റ് പാക് ജൂറി അംഗങ്ങള്‍. ജൂറി അംഗങ്ങള്‍ക്കുള്ള പ്രത്യേക പ്രദര്‍ശനം ഏരീസ് പ്ലെക്‌സ് തിയറ്ററിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

Also Read:

കമ്പിപ്പാര കൊണ്ട് ക്ഷേത്രഭണ്ഡാരം കുത്തിയിളക്കി കവര്‍ച്ചാശ്രമം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 22nd International Film Festival of Kerala, Thiruvananthapuram, News, Hotel, Director, Cinema, Entertainment, Malayalees, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia