മമ്മൂട്ടി ചിത്രം റിലീസിനൊരുങ്ങുന്നു; 'പുഴു' ഒടിടി റിലീസ് തന്നെയെന്ന് വ്യക്തമാക്കി സംവിധായിക റതീന ശെര്‍ശാദ്
Mar 16, 2022, 10:49 IST
കൊച്ചി: (www.kvartha.com 16.03.2022) ദുല്‍ഖര്‍ സല്‍മാന്റെ 'സലൂടി'ന് പിന്നാലെ മമ്മൂട്ടിയുടെ 'പുഴു'വും ഒടിടിയിലേക്ക്. ചിത്രം ഒടിടി റിലീസ് തന്നെയെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായിക റതീന ശെര്‍ശാദ്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. ചിത്രത്തില്‍ നല്ല കരുത്തുറ്റ കേന്ദ്ര കഥാപാത്രമായി നടി പാര്‍വതി തിരുവോത്തും ഉണ്ട്.
ഡയറക്ട് ഒടിടി റിലീസ് ആകുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് 'പുഴു'. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും പുഴുവിനുണ്ട്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും.
മമ്മൂട്ടി, പാര്‍വതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സെലുലോയ്ഡിന്റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്.
അതേസമയം, സലൂട് ഒടിടി റിലീസാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് പ്രതിഷേധവുമായി രംഗത്തെത്തി. ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കും ഫിയോക് വിലക്ക് ഏര്‍പെടുത്തി. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സലൂട് സിനിമ ഒടിടിക്ക് നല്‍കിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സലൂട് തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ ഒടിടിയില്‍ എത്തുന്നതെന്നും സംഘടന പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് സലൂടും നിര്‍മിച്ചത്. സോണി ലിവിലൂടെ മാര്ച് 18നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.