Actor Unni Rajan | സര്‍കാരിന്റെ 'സ്കാവന്‍ജര്‍' പോസ്റ്റിലേക്ക് അപേക്ഷിച്ച ഉണ്ണി രാജന് നിയമനം; വിഐപി ആണെങ്കിലും സ്ഥിര വരുമാനമില്ലല്ലോ, ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിട്ടുണ്ട്, എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്ന് നടന്
May 8, 2022, 21:41 IST
കാസര്‍കോട്: (www.kvartha.com) സര്‍കാരിന്റെ 'സ്കാവന്‍ജര്‍' പോസ്റ്റിലേക്ക് അപേക്ഷിച്ച നടന് ഉണ്ണി രാജന് നിയമനം. കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ശുചിമുറി വൃത്തിയാക്കുന്ന ആളുടെ ഒഴിവിലേക്കാണ് ഉണ്ണി രാജന് അപേക്ഷ സമര്‍പിച്ചത്.
ശനിയാഴ്ചയാണ് രെജിസ്റ്റേര്ഡായി നിയമന ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിക്ക് കയറും. ശൗചാലയം വൃത്തിയാക്കുന്ന തൊഴിലാണ് സ്കാവഞ്ചര്‍ തസ്തിക. തനിക്ക് വേണ്ടത് ഒരു സ്ഥിര ജോലിയാണെന്നും എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും നടന് ഉണ്ണി രാജന് പറയുന്നു. സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ തനിക്ക് അത്ര വരുമാനമൊന്നും ലഭിക്കുന്നില്ലെന്ന് ഉണ്ണി രാജന് പറഞ്ഞു.
ആകെ ഒരു ഒഴിവാണ് റിപോര്‍ട് ചെയ്തിരുന്നത്. ഇതിന്റെ അഭിമുഖത്തിനായെത്തിയത് 11 പേരായിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂബോര്‍ഡിന് മുന്നില്‍ വളരെ ഭവ്യതയോടെ എത്തിയ ഒരു ഉദ്യോഗാര്‍ഥിയെക്കണ്ട് ബോര്‍ഡംഗങ്ങള്‍ ശരിക്കും ഞെട്ടി.
തൊണ്ടിമുതലും ദൃക്സാക്ഷിയും, ഓപറേഷന് ജാവ തുടങ്ങിയ സിനിമകളിലൂടെയും 'മറിമായം' സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണി രാജന് ആണ് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പെടെ സര്ടിഫികറ്റുകളുമായി ഹാജരായത്.
ഒഴിവിലേക്കുള്ള അഭിമുഖത്തിനായി ഉണ്ണി രാജന് എത്തിയപ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ അമ്പരന്നു. ജോലിയെ കുറിച്ച് ഉണ്ണി രാജന് കൃത്യമായ ധാരണയുണ്ടോ എന്ന സംശയമായിരുന്നു.
തുടര്‍ന്ന് ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചതെന്നായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യം. അതേയെന്ന് ഉണ്ണി രാജന്റ മറുപടിയും. ഒരു ജോലി തന്റെ സ്വപ്നമാണെന്നും സ്ഥിരമായ തൊഴിലില്ലെന്നും ഉണ്ണി ഇന്റര്‍വ്യൂബോര്‍ഡിനോട് പറഞ്ഞു. സീരിയിലില്‍നിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാതൊഴിലിനും അതിന്റേതായ മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ ഉണ്ണി പറയുന്നു.
താനല്ലെങ്കില്‍ ഈ ജോലി മറ്റാരെങ്കിലും ചെയ്യുമെന്നും അതുകൊണ്ട് തന്നെ ഈ ജോലി ചെയ്താല്‍ എന്താണെന്നും ഉണ്ണി രാജന് സന്തോഷത്തോടെ ചോദിക്കുന്നു. ചെറിയ ശമ്പളമാണെങ്കിലും സ്ഥിരംതൊഴിലാണ്. പരേതനായ കണ്ണന് നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണി രാജന്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.