നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി; പ്രതികള്‍ക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും

 


കൊച്ചി: (www.kvartha.com 04.01.2020) നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളി.

പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്. ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി; പ്രതികള്‍ക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും

കേസിന്റെ വിചാരണ തുടങ്ങും മുമ്പുള്ള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിക്കു മുമ്പിലെത്തിയത്. എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ ഇതു പരിഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിന് ആവശ്യമെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കാം.

പ്രതികള്‍ക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും. എല്ലാ പ്രതികളും ഹാജരാകണമെന്നും കോടതി അറിയിച്ചു. അന്ന് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം ശനിയാഴ്ച ദിലീപ് ഹാജരാകാത്തതില്‍ കോടതി അതൃപ്തിയും പ്രകടിപ്പിച്ചു.

കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച ദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡില്‍ നിന്നുള്ള വിവരങ്ങളും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ട്, ബലാത്സംഗം നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേട്ടുകേള്‍വിയില്ലാത്ത കുറ്റകൃത്യമാണ് ദിലീപ് ചെയ്തത്, ഇതിനു പണം കൈമാറിയതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ദിലീപിനു വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും ക്വട്ടേഷന്‍ നല്‍കിയുള്ള സംസ്ഥാനത്തെ ആദ്യ മാനഭംഗക്കേസാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപിന് വിടുതല്‍ നല്‍കരുതെന്നും വിചാരണ നടത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂര്‍ത്തിയാക്കിയത്. പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ഒരേ ടവര്‍ലൊക്കേഷനുകള്‍, കോള്‍ലിസ്റ്റുകള്‍ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.

അതിനിടെ കേസില്‍ കുറ്റം ചുമത്തുന്നതിന് കൂടുതല്‍ സാവകാശം വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസമാണ് സുപ്രീം കോടതി തനിക്ക് അനുവദിച്ചിരിക്കുന്നതെന്ന് ജഡ്ജിയും വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് മേല്‍ക്കോടതികളെ സമീപിക്കാനുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ അതില്‍ തടസ്സമില്ലെന്നും ഈ കേസിനെ ബാധിക്കില്ലെന്നും ജഡ്ജി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Actress Abduction Case: Dileep's Discharge Petition Rejected By The Court!, Kochi, News, Court, Trending, Cine Actor, Dileep, Attack, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia