പള്‍സര്‍ സുനി ജയിലില്‍ വെച്ച് വിളിച്ച ആദ്യ കോള്‍ നാദിര്‍ഷായ്ക്ക്; സംസാരിച്ചത് പ്രതിഫലത്തെ കുറിച്ചാണെന്ന് സാക്ഷി മൊഴി

 


കൊച്ചി: (www.kvartha.com 03.07.2017) കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി (സുനില്‍കുമാര്‍) ജയിലില്‍നിന്ന് മൊബൈലില്‍ ആദ്യം വിളിച്ചത് സംവിധായകനും നടനുമായ നാദിര്‍ഷായെ ആണെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മൂന്നു തവണയാണ് പള്‍സര്‍ വിളിച്ചതെന്നും ഇതില്‍ ഒരു കോള്‍ എട്ടു മിനിറ്റ് നീണ്ടുനിന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, നാദിര്‍ഷയുമായി സുനി പ്രതിഫലത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് സഹതടവുകാരനായ ജിന്‍സന്റെ രഹസ്യമൊഴിയും പുറത്തുവന്നിട്ടുണ്ട്. തുകയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യായം ഉണ്ടായതായി തോന്നിയിട്ടില്ലെന്നും പണം ആവശ്യപ്പെട്ടുള്ള കത്ത് നേരിട്ട് ദിലീപിന് എത്തിക്കാനാണ് ആദ്യം ശ്രമിച്ചതെന്നും ഫോണ്‍ വിളികളെല്ലാം സെല്ലിനുള്ളില്‍ നിന്നുതന്നെയായായിരുന്നുവെന്നും ജിന്‍സന്‍ മൊഴി നല്‍കിയിട്ടുണ്ട്.

 പള്‍സര്‍ സുനി ജയിലില്‍ വെച്ച് വിളിച്ച ആദ്യ കോള്‍ നാദിര്‍ഷായ്ക്ക്; സംസാരിച്ചത് പ്രതിഫലത്തെ കുറിച്ചാണെന്ന് സാക്ഷി മൊഴി

അതേസമയം പള്‍സര്‍ സുനി, നടിയെ ആക്രമിക്കുന്നതിനു മുന്‍പ് നിരന്തരം വിളിച്ചിരുന്ന നാലു ഫോണ്‍നമ്പറുകളും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പോലീസ് കണ്ടെത്തി. ഈ നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2016 നവംബര്‍ 23 മുതല്‍ നടി അതിക്രമത്തിന് ഇരയായ ഫെബ്രുവരി 17വരെയാണു ഫോണ്‍ കോളുകളെല്ലാം.

അതേസമയം, വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. 26 ഫോണ്‍ നമ്പറുകളാണ് പോലീസിനു സംശയം ഉണ്ടായിരുന്നത്. ഇതില്‍നിന്നാണ് നാലു നമ്പറുകള്‍ കണ്ടെത്തിയത്. സുനി നിരന്തരം ഈ 26 നമ്പറുകളിലേക്കു ബന്ധിപ്പെട്ടിരുന്നു. ഇതില്‍നിന്ന് ഇടയ്ക്കിടെ അപ്പുണ്ണിക്കു കോള്‍ പോകുകയും ചെയ്തിരുന്നു. നിരന്തരം കോള്‍ പോകുന്ന നമ്പറുകള്‍ ഏതെന്നു പോലീസ് സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു. ഇതില്‍ നാലു നമ്പറുകളാണ് പോലീസിന് സംശയം ഉണ്ടാക്കിയത്. ഗൂഢാലോചനക്കാലത്ത് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരായവരുടെ നമ്പറുകളിലേക്കാണെന്നാണു കണ്ടെത്തല്‍.

അതേസമയം പള്‍സര്‍ സുനി നേരിട്ട് ദിലീപിനെ ഫോണ്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ ദിലീപിനെ വിളിക്കാനായി മറ്റു നമ്പര്‍ വഴി ശ്രമിക്കുകയായിരുന്നെന്നും സംശയിക്കുന്നുണ്ട്. ദിലീപിനെ നേരിട്ടു വിളിച്ചില്ലെങ്കിലും നടനെ ബന്ധപ്പെടാനായി ഒരു 'കണക്ടിങ് പോയിന്റ്' ഉണ്ടാക്കിയെന്നാണ് പോലീസിന്റെ അനുമാനം. ഇതു ഗൂഢാലോചനയാണോ അതോ മറ്റെന്തെങ്കിലും കാര്യത്തിനുവേണ്ടിയാണോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ദിലീപിനെ ഒരിക്കല്‍ക്കൂടി വിളിച്ചു ചോദ്യം ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഈ നാലു നമ്പറുകള്‍ ഏതൊക്കെയാണെന്ന് അറിയില്ലെന്നാണ് അപ്പുണ്ണിയുടെ മൊഴി. അപ്പുണ്ണിയുടെ ഫോണില്‍ ഈ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടില്ല. നമ്പറുകളുടെ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ പോലീസ് നടത്തുന്നത്.

ദിലീപിന്റെയും നാദിര്‍ഷായുടെയും അപ്പുണ്ണിയുടെയും ഇവരുടെ അടുപ്പക്കാരുടെയും പള്‍സര്‍ സുനിയുടെയും ഫോണ്‍ എക്‌സ്ട്രാക്റ്റും സിം എക്‌സ്ട്രാക്റ്റും (ഇവര്‍ ഉപയോഗിച്ചിരുന്ന ഫോണും ആ ഫോണില്‍നിന്നു പോയിരിക്കുന്ന കോളുകളും ഉപയോഗിച്ച സിമ്മുകളും ആ സിം മറ്റേതെങ്കിലും ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന്റെയും വിവരങ്ങള്‍) പോലീസ് ശേഖരിച്ചു വിശദമായി പരിശോധിച്ചിരുന്നു. ഇതില്‍നിന്നാണു നാലു നമ്പറുകള്‍ കണ്ടെത്തിയത്.

ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും മൊഴിയും സുനി ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തും കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ദിലീപും നാദിര്‍ഷയും നല്‍കിയ മൊഴിയേക്കാള്‍, പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുത്താണ് പോലീസ് മുന്നോട്ടു നീങ്ങുന്നത്. കത്തില്‍ പറയുന്ന 'കാക്കനാട്ടെ ഷോപ്പ്' എന്നത് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ആണെന്നു കണ്ടെത്തിയ സംഘം അവിടെ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ചില വിവരങ്ങള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, തനിക്ക് പള്‍സര്‍ സുനിയെ നേരിട്ട് അറിയില്ലെന്നും അയാളുമായി ഒരു ബന്ധവുമില്ലെന്നുമുള്ള ദിലീപിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്നുള്ളതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. എന്നാല്‍ തൃശൂര്‍ ടെന്നിസ് ക്ലബില്‍ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനിയെത്തിയതായി ചില ജീവനക്കാര്‍ എടുത്ത സെല്‍ഫി ചിത്രങ്ങളില്‍നിന്നു വ്യക്തമായിരുന്നു. ഇതു കൂടാതെ, സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള ചിത്രങ്ങളുടെ കാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും സുനിയുടെ കത്തില്‍ പറയുന്നു. ഇക്കാര്യത്തിലും പോലീസ് സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

Also Read:
ലീഗ് നേതാവ് കെ കെ അബ്ദുല്ലക്കുഞ്ഞിയും 250 പ്രവര്‍ത്തകരും ലീഗ് വിട്ട് സിപിഎമ്മിലേക്ക്; സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെത്തും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress attack: Pulsar Suni called Nadirshah 3 times from jail, Kochi, News, Police, Secret, Phone call, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia