പലരെയും നോക്കി ഒടുവില്‍ മഞ്ജുവില്‍ എത്തി, മാധവിക്കുട്ടിയെ വായിച്ചും അറിഞ്ഞും മഞ്ജു, പിന്നെ എന്തൊക്കെയാണ് നടന്നത്

 


തിരുവനന്തപുരം: (www.kvartha.com 15.02.2017) കാരണം വ്യക്തമാക്കാതെ പിന്‍മാറിയ വിദ്യാ ബാലനു പകരം കമല്‍ സിനിമയിലെ കമലാ സുരയ്യ ആകാന്‍ മഞ്ജു വാര്യര്‍ക്ക് നറുക്കു വീണത് ഒരുപാട് തിരച്ചലുകള്‍ക്കു ശേഷം. ബോളിവുഡ് നടി തബു മുതല്‍ ദക്ഷിണേന്ത്യന്‍ നായിക പത്മപ്രിയ വരെ പലരെയും പരിഗണിച്ച ശേഷമാണ് ആമി എന്ന സിനിമയിലേക്ക് മഞ്ജു വാര്യരെ നിശ്ചയിച്ചത്. വിദ്യാ ബാലന്‍ കമലാ സുരയ്യയാകാന്‍ എത്രത്തോളം അനുയോജ്യയായിരുന്നോ അതേവിധം തന്നെ മഞ്ജുവിനും സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.  പലരെയും നോക്കി ഒടുവില്‍ മഞ്ജുവില്‍ എത്തി, മാധവിക്കുട്ടിയെ വായിച്ചും അറിഞ്ഞും മഞ്ജു, പിന്നെ എന്തൊക്കെയാണ് നടന്നത്

അപ്പോള്‍പ്പിന്നെ എന്തുകൊണ്ട് മഞ്ജുവിനെ ആദ്യം തന്നെ പരിഗണിച്ചില്ല എന്ന ചോദ്യം ഉയരുന്നു. അതിന് സംവിധായകന്‍ കമലിന്റെ മറുപടി ഇതാണ്,' മലയാള സിനിമകളില്‍ അധികം പരിചിതമല്ലാത്തതും എന്നാല്‍ പ്രതിഭയുള്ളതുമായ നടിയാകണം ആമിയായി വരുന്നത് എന്നാണ് ആലോചിച്ചത്. വിദ്യ മുമ്പ് ഉറുമി എന്ന മലയാള സിനിമയില്‍ വന്നു പോയി എന്നല്ലാതെ വേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. അതേസമയം അവര്‍ മലയാളിയാണ് എന്നതും പ്രതിഭാധനയാണ് എന്നതും കണക്കിലെടുത്തു. സുരയ്യയാകാനുള്ള തയ്യാറെടുപ്പുകള്‍ കൂടിയായപ്പോള്‍ ആ കഥാപാത്രത്തെ അവര്‍ അനശ്വരയാക്കും എന്നും വന്നു.'


 പലരെയും നോക്കി ഒടുവില്‍ മഞ്ജുവില്‍ എത്തി, മാധവിക്കുട്ടിയെ വായിച്ചും അറിഞ്ഞും മഞ്ജു, പിന്നെ എന്തൊക്കെയാണ് നടന്നത്
മഞ്ജു വാര്യര്‍ മലയാളത്തിലെ പ്രതിഭാ സമ്പന്നയായ അഭിനേത്രിയാണെങ്കിലും വിദ്യാ ബാലന്‍ പോയ ശേഷം അവരിലേക്ക് ആദ്യം തന്നെ നോട്ടം എത്തിയിരുന്നില്ല എന്നാണ് സൂചന. മാധവിക്കുട്ടിയുടെ ചില മാനറിസങ്ങള്‍ അവര്‍ക്ക് അതേവിധം സാധ്യമാകുമോ എന്ന ആശങ്കയായിരുന്നു കാരണം എന്ന് അറിയുന്നു. മീരാ ജാസ്മിനെയും ഒരു ഘട്ടത്തില്‍ പരിഗണിച്ചു. പല കാരണങ്ങള്‍ കൊണ്ടും ശരിയായില്ല. ഇതിനിടെ സിനിമാ രംഗത്തു നിന്നും നാടക രംഗത്തു നിന്നും സീരിയല്‍ രംഗത്തു നിന്നും ചിലര്‍ സംവിധായകനെയും നിര്‍മാതാവിനെയും സമീപിച്ചതായും വിവരമുണ്ട്.

ആമിയായി അഭിനിയിക്കാനുള്ള ആഗ്രഹം അറിയിച്ച അവരില്‍ പലരും കഴിവുള്ള നടിമാരുമായിരുന്നു. എന്നാല്‍ ഈ കഥാപാത്രമാകാന്‍ എത്രത്തോളം കഴിയും എന്നതില്‍ ഉറപ്പില്ലാത്തതിനാല്‍ പരിഗണിക്കാനായില്ല. വിദ്യാ ബാലന്‍ പിന്മാറിയതുകൊണ്ട് ആമി എന്ന സിനിമ നടക്കാതെ പോകരുതെന്നും കുറേക്കൂടി നന്നായിത്തന്നെ ചെയ്യണമെന്നും അണിയറ പ്രവര്‍ത്തകര്‍ക്ക് വാശിയുമുണ്ടായി. ഒടുവിലാണ് കറങ്ങിത്തിരിഞ്ഞ് മഞ്ജുവിലെത്തിയത്. അവരുമായി സംസാരിച്ചപ്പോള്‍ സന്നദ്ധത അറിയിച്ചെങ്കിലും ഒപ്പം തന്നെ ആശങ്കയും അറിയിച്ചു. തനിക്ക് പറ്റുമോ എന്ന്.

മഞ്ജു കഴിഞ്ഞ കുറേ ദിവസങ്ങളായി മാധവിക്കുട്ടിയെ വായിക്കുകയും അവരെ അറിയാന്‍ ശ്രമിക്കുകയും മറ്റുമായിരുന്നു. ആമിയിലെ ചില സീനുകള്‍ ട്രയല്‍ പോലെ അഭിനയിച്ച് വീഡിയോയില്‍ പകര്‍ത്തി കാണുകയും ചെയ്തു. അങ്ങനെയാണ് അന്തിമ തീരുമാനമായതത്രേ.

ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങാനിരുന്നപ്പോഴാണ് പെട്ടെന്ന് കാര്യങ്ങള്‍ മാറിയത്. ഇനി വൈകാതെ ചിത്രീകരണം ആരംഭിക്കാനാണ് സംവിധായകന്റെയും നിര്‍മാതാവിന്റെയും തീരുമാനം. അപ്പോഴും ആ സുപ്രധാന ചോദ്യം അവശേഷിക്കുന്നു,

എന്തുകൊണ്ടാണ് വിദ്യാ ബാലന്‍ പിന്‍മാറിയത്. ഏതായാലും അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ സംഘപരിവാര്‍ തിരിഞ്ഞതും വിദ്യയുടെ പിന്‍മാറ്റവുമായി ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്. കാരണം, താന്‍ പിന്‍മാറുകയാണെന്ന് അവര്‍ കമലിനെ ഫോണില്‍ വിളിച്ച് പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ദേശീയ ഗാന വിവാദമുണ്ടായത്. പിന്നെന്താണ് കാരണം എന്നതിന് വിദ്യയാണ് മറുപടി നല്‍കേണ്ടത്.

Also Read:
കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ബന്ധുവിന് ഗുരുതരം
Keywords: At last Manju Warrier,but it was not easy to choose her, Thiruvananthapuram, Bollywood, Actress, Vidya Balan, Cinema, Entertainment, Director, Kamal, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia