കോവിഡിനെ തോല്‍പ്പിച്ച് സി യു സൂണ്‍; ഒന്നര മണിക്കൂര്‍ സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാത്ത വിധം പ്രേക്ഷകരെ ത്രസിപ്പിക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com 02.09.2020) കോവിഡിനെ അതിജീവിച്ച് സിനിമ എടുക്കാമെന്ന് മലയാളസിനിമ പ്രേക്ഷകര്‍ക്ക് കാണിച്ചുതരുന്ന ചിത്രമാണ് സി യു സൂണ്‍. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ സിനിമ എന്ന പ്രത്യേകതയുമുണ്ട്. വര്‍ഷങ്ങളായി മലയാളികള്‍ കേള്‍ക്കുന്ന ഒരു വാര്‍ത്തയെ വെര്‍ച്വല്‍ ലോകത്ത് ആവിഷ്‌ക്കരിച്ച സിനിമ ഒന്നര മണിക്കൂര്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. ആകാംഷാഭരിതമായ നിമിഷങ്ങളുടെ അവസാനം നമ്മുടെ കണ്ണുകളെ നനയിക്കുകയും പ്രണയത്തിന്റെ പ്രകാശം ഉള്ളിലേക്ക് ചൊരിയുകയും ചെയ്യുന്നു. 

 കോവിഡ് കാലമായതിനാല്‍ പൂര്‍ണമായും ഇന്‍ഡോറില്‍ മൊബൈല്‍ ക്യാമറയിലാണ് സിനിമ ചിത്രീകരിച്ചിരിക്കന്നത്. ഇന്ത്യയും യു.എ.ഇയിലും ആണ് കഥ നടക്കുന്നതെങ്കിലും മുറിക്കുള്ളിലിരുന്ന്, വീഡിയോ കോളിലൂടെയും വീഡിയോ ചാറ്റിലൂടെയുമാണ് കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രമായ സെര്‍ച്ചിംഗ് ഈ രീതിയിലാണ് കഥ പറയുന്നതെങ്കിലും ആ സിനിമ പൂര്‍ണമായും ഇന്‍ഡോറിലല്ല ചിത്രീകരിച്ചിരിക്കുന്നത്.

കോവിഡിനെ തോല്‍പ്പിച്ച് സി യു സൂണ്‍; ഒന്നര മണിക്കൂര്‍ സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാത്ത വിധം പ്രേക്ഷകരെ ത്രസിപ്പിക്കുന്നു

വെര്‍ച്വല്‍ ലോകത്ത് പതിഞ്ഞിരിക്കുന്ന അപകടങ്ങളിലേക്കാണ് സിനിമ പോകുന്നതെന്ന് ഒരു സന്ദര്‍ഭത്തില്‍ പ്രേക്ഷകന്‍ ഓര്‍ത്തുപോകുമെങ്കിലും മനുഷ്യന്റെ അതിജീവനത്തിനായി ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും മൊബൈല്‍ഫോണും ഉപയോഗിക്കാമെന്ന് സംവിധായകന്‍ കാണിച്ചുതരുന്നു. അതോടൊപ്പം സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടും ഇമെയിലും ഫോണ്‍ കോള്‍ വിവരങ്ങളും അടക്കമുള്ളവ ഒരു ഐ.ടി വിദഗ്ധന്‍ വിചാരിച്ചാല്‍ ചോര്‍ത്താമെന്നും (സിനിമയില്‍ നല്ല കാര്യത്തിനായാണ് ഉപയോഗിക്കുന്നതെങ്കിലും) ഉള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്. യു.എ.ഇയിലെ ബാങ്കില്‍ ജോലി ചെയ്യുന്ന ജിമ്മി (റോഷന്‍) എന്ന മലയാളി യുവാവ് തനിക്ക് പറ്റിയ പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തുകയും പിന്നീട് ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും അവളുമായി അടുക്കുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നത്. 

ലോകത്തിന്റെ ഏതോ ഒരു കോണിലിരുന്ന് ഒരാള്‍ മറ്റൊരറ്റത്തുള്ള ഒരാളുമായി വെര്‍ച്വല്‍ മീഡിയയുടെ സഹായത്തോടെ സംസാരിക്കുകയും അടുക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ നമ്മള്‍ ദിവസവും പത്രങ്ങളിലും ചാനലുകളിലും ഓണ്‍ലൈന്‍ മീഡിയകളിലൂടെയും അറിയുന്നുണ്ട്. ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടിവന്ന ഭര്‍തൃമതി 16കാരനെ കണ്ട് ബോധംകെട്ട സംഭവം അടുത്തകാലത്താണ് കേരളത്തില്‍ നടന്നത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കുമ്പോഴേക്കും അകലാനാകാത്തവിധം പലരും കാമുകനുമായോ/കാമുകിയുമായോ അടുത്തിരിക്കും എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. സിനിമയിലെ ജിമ്മി തന്റെ കാമുകിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഐ.ടി വിദഗ്ധനായ ബന്ധു കെവിനെ (ഫഹദ്) ചുമതലപ്പെടുത്തുന്നു. എന്നാല്‍ മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറുന്നത് ഇഷ്ടമല്ലാത്ത കെവിന്‍ അതിന് മെനക്കെടുന്നില്ല.

പ്രണയിച്ച് തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിയും മുമ്പ് കാമുകി ജിമ്മിയുടെ ഫ്ളാറ്റില്‍ താമസിക്കാന്‍ വരുന്നു. അവള്‍ക്ക് പാസ്പോര്‍ട്ടും മറ്റ് ഐഡികളും എന്തിന് സ്വന്തമായൊരു സിം കാര്‍ഡ് പോലും ഇല്ലെന്ന് അറിയുമ്പോഴും ജിമ്മി തന്റെ കാമുകിയെ സംശയിക്കുന്നില്ല. അവന്‍ കാമുകിയായ അനുസെബാസ്റ്റിയന്റെ പിതാവുമായി വിവാഹക്കാര്യം സംസാരിക്കാന്‍ തയ്യാറാകുന്നു. പിന്നീട് അനുവിനെ കുറിച്ച് യാതൊരു വിവരവുമില്ല. ജിമ്മിയെ യു.എ.ഇ പൊലീസ് വീട്ട് തടങ്കലിലാക്കുന്നു. ആരാണ് അനു സെബാസ്റ്റ്യന്‍? അവളെന്തിനാണ് ജിമ്മിയെ തേടിവന്നത്? കേരളത്തിലെ തന്റെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കെവിന്‍ അന്വേഷിക്കുന്നു. മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുവിന്റെ ഫെയിസ്ബുക്ക് ചാറ്റില്‍ നിന്ന് കെവിന് കിട്ടുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്ന് യു.എ.ഇയിലേക്ക് ജോലി തേടിപ്പോയ അനുവിന് എന്ത് സംഭവിച്ചു? ചതിയില്‍ നിന്ന് രക്ഷപെടാന്‍ അവള്‍ മറ്റൊരു ചതി ചെയ്യുന്നു...

കോവിഡ് മനുഷ്യരെ അകറ്റുകയും നാല് ചുമരുകള്‍ക്കുള്ളിലായി അവന്റെ ജീവിതം ചുരുക്കുകയും ചെയ്യുന്ന സമയത്ത്, ഇന്റര്‍നെറ്റ് എന്ന അയഥാര്‍്ത്ഥ്യ ലോകത്തിലൂടെ മനുഷ്യന്‍ സ്നേഹിക്കുകയും കലഹിക്കുകയും ചതിക്കുകയും ചതിക്കപ്പെടുകയും അതിജീവിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് എന്ന് ഈ സിനിമ കാണിച്ചുതരുന്നു. തീര്‍ച്ചയായും ഇത് ഈ കെട്ടകാലത്തെ അതിജീവിച്ച സിനിമയാണ്.
എങ്ങനെയാണ് എന്ന് ഈ സിനിമ കാണിച്ചുതരുന്നു. തീര്‍ച്ചയായും ഇത് ഈ കെട്ടകാലത്തെ അതിജീവിച്ച സിനിമയാണ്.

Keywords:  C U SOON is an experimental film during the COVID time , Fahad Fazil, COVID-19, Internet, Social Media, UAE, Roshan Mathew, House Arrest, Face book, Video call, Chat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia