R Sreelekha | നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി വിദ്യാര്‍ഥിനി

 


കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹര്‍ജി. ഷേര്‍ലി എന്ന വിദ്യാര്‍ഥിനിയാണ് ഇതുസംബന്ധിച്ച് അഡ്വകറ്റ് ജെനറലിനു ഹര്‍ജി നല്‍കിയത്. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപ് കേസില്‍ പ്രതിയല്ലെന്നായിരുന്നു ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.

R Sreelekha | നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി വിദ്യാര്‍ഥിനി

ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലോകേഷനില്‍ വന്നിരുന്നുവെന്നത് വിശ്വാസ്യ യോഗ്യമല്ലെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്. നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ആര്‍ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസിനെ പൂര്‍ണമായും തള്ളിയത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുന്‍ ജയില്‍ മേധാവി ചോദ്യം ചെയ്തു.

ശ്രീലേഖയുടെ ദിലീപിനെ അനുകൂലിച്ചുള്ള യുട്യൂബ് വീഡിയോ കേരളത്തില്‍ വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് തകര്‍ന്നടിഞ്ഞതെന്നും ഒരുപാടു പേരുടെ മനസ്സില്‍ അവര്‍ ചിതയൊരുക്കിയെന്നും അതിജീവിതയുടെ അടുത്ത ബന്ധു ഫേസ് ബുകില്‍ കുറിച്ചു.

ശത്രുതക്ക് തുല്യതയെങ്കിലും വേണം, സഹതാപത്തേക്കാള്‍ മ്ലേചമായ വികാരമാണ് അവര്‍ക്കെതിരെ തോന്നുന്നത്, അടുത്ത ന്യായീകരണ തൊഴിലാളിക്കായി കാത്തിരിക്കാം എന്നതടക്കം ശ്രീലേഖയ്ക്ക് എതിരെ അതിജീവിതയുടെ കുടുംബം ശക്തമായ നിലപാടെടുത്തിരുന്നു.

ദിലീപിന്റെ അറസ്റ്റ് മാധ്യമ സമ്മര്‍ദത്തിന്റെ ഫലമാണെന്ന് പറഞ്ഞാണ് ശ്രീലേഖ പൊലീസ് നടപടിയെ ചോദ്യം ചെയ്യുന്നത്. അടുത്തിടെ മാത്രം സര്‍വീസില്‍ വിരമിച്ച ഉദ്യോഗസ്ഥയാണ് ശ്രീലേഖ. നിര്‍ണായകമായ കേസില്‍ ഇപ്പോള്‍ ഇങ്ങനെ സ്വന്തം യു ട്യൂബ് ചാനല്‍ വഴി ശ്രീലേഖ പറയാന്‍ കാരണം വ്യക്തമല്ല. ദിലീപിന്റെ അഭിഭാഷകര്‍ വീഡിയോ പൊലീസിനെതിരെ തെളിവായി കോടതിയില്‍ ഹാജരാക്കാന്‍ സാധ്യത ഏറെയാണ്. ശ്രീലേഖയെ വിസ്തരിക്കണമെന്ന് വരെ പ്രതിഭാഗം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

2005 മെയ് മാസം മലയാളത്തിലെ പ്രമുഖ വാരികയില്‍ എഴുതിയ സര്‍വീസ് സ്റ്റോറിയിലാണ് ആര്‍ ശ്രീലേഖ ഇതിനു മുമ്പ് വിവാദമായ അവകാശവാദം ഉന്നയിച്ചത്. വിവാഹപൂര്‍വ ബന്ധത്തില്‍ ഉണ്ടായ പിഞ്ചു കുഞ്ഞിനെ അതിന്റെ അമ്മ തന്നെ കൊന്നെന്നും എന്നാല്‍ മനുഷ്യത്വത്തിന്റെ പേരില്‍ അമ്മയെ കേസില്‍ നിന്ന് താന്‍ രക്ഷിച്ചു എന്നുമായിരുന്നു ശ്രീലേഖ അന്ന് അവകാശപ്പെട്ടത്.

ഇതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അന്നത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അന്ന് ഐജിയായിരുന്ന ടി പി സെന്‍കുമാര്‍ സംഭവം അന്വേഷിച്ചു. ഇതോടെ തന്റെ തുറന്നു പറച്ചില്‍ ഭാവനാ സൃഷ്ടി മാത്രമായിരുന്നുവെന്ന് നിലപാടെടുത്ത് വിവാദത്തില്‍ നിന്ന് ശ്രീലേഖ തടിയൂരുകയായിരുന്നുവെന്ന് ജോമോന്‍ പറയുന്നു.

Keywords: Contempt of court petition filed against former DGP R Sreelekha in actress attack, Kochi, News, Trending, Dileep, Court, Kerala, Cinema.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia