ചോദ്യം ചെയ്യലിനിടെ സംവിധായകന്‍ റാഫിയെയും അരുണ്‍ ഗോപിയേയും ദിലീപിന്റെ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനെയും ഓഫിസിലേക്ക് വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്; ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വ്യക്തത തേടാനെന്ന് വിവരം
Jan 24, 2022, 18:39 IST
കൊച്ചി: (www.kvartha.com 24.01.2022) നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് നടക്കുന്നത്.
ചോദ്യം ചെയ്യലിനിടെ സംവിധായകന്‍ റാഫിയെയും അരുണ്‍ ഗോപിയേയും ദിലീപിന്റെ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനെയും ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി. നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ ജീവനക്കാരനെയാണ് വിളിച്ചുവരുത്തിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വ്യക്തത തേടാനാണ് ഇവരെ വിളിപ്പിച്ചതെന്നാണ് അറിയുന്നത്.
ഞായറാഴ്ച ദിലീപിനെ 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞാണു ചോദ്യം ചെയ്യല്‍. ഞായറാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാള്‍ ഭാഗികമായി സ്ഥിരീകരിച്ചതായി അന്വേഷണസംഘം അറിയിച്ചിരുന്നു. എന്നാല്‍, ഒന്നാം പ്രതി ദിലീപിനൊപ്പം ചോദ്യം ചെയ്യലിനു ഹാജരായവരില്‍ ആരാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവച്ചതെന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. പ്രതികള്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ 33 മണിക്കൂര്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈകോടതി ഉത്തരവു അനുസരിച്ചാണ് നടപടി. പ്രതികള്‍ രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് എട്ടുമണിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ടാകണമെന്നു ജസ്റ്റിസ് പി ഗോപിനാഥ് നിര്‍ദേശിച്ചിരുന്നു. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപോര്‍ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് അന്നു പരിഗണിക്കും.
ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റെകോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.
Keywords: Crime Branch summons director Rafi, Grand Productions’ Manager over conspiracy case against Dileep, Kochi, News, Cinema, Cine Actor, Dileep, Director, Crime Branch, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.