നടി പാര്‍വതി തിരുവോത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംവിധായിക വിധു വിന്‍സന്റ്

 


തിരുവനനതപുരം: (www.kvartha.com 06.07.2020) നടി പാര്‍വതി തിരുവോത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായിക വിധു വിന്‍സന്റ് രംഗത്ത്. വിധു വിന്‍സന്റിന്റെ സിനിമയായ സ്റ്റാന്‍ഡ് അപ് ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നു നിര്‍മിച്ചതുമായി ബന്ധപ്പെട്ടാണ് അസ്വാരസ്യങ്ങളുടെ തുടക്കമെന്നാണ് വിധു പറയുന്നത്.

ആ സിനിമയ്ക്കായി ഒരു നിര്‍മാതാവിനെ കിട്ടാന്‍ വേണ്ടി ഒരുപാടു അലഞ്ഞെന്നും പാര്‍വതിയുണ്ടെങ്കില്‍ സിനിമ നിര്‍മിക്കാന്‍ തയ്യാറാണെന്നു ചില നിര്‍മാതാക്കള്‍ പറഞ്ഞതനുസരിച്ച് പാര്‍വതിയെ സമീപിച്ചിരുന്നുവെന്നും വിധു പറയുന്നു. എന്നാല്‍ ഒരു മറുപടി പോലും തരാനുള്ള മാന്യത പാര്‍വതിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതിനു ശേഷം പരസ്യമാക്കിയ ദീര്‍ഘമായ രാജിക്കത്തിലാണ് പാര്‍വതിയ്‌ക്കെതിരെ വിധു വിന്‍സന്റ് അക്കമിട്ട് ആരോപണങ്ങള്‍ നിരത്തിയത്.

നടി പാര്‍വതി തിരുവോത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംവിധായിക വിധു വിന്‍സന്റ്

വിധുവിന്റെ വാക്കുകള്‍ ഇങ്ങനെ:

ഗള്‍ഫിലുള്ള എന്റെയൊരു സുഹൃത്ത് മറ്റ് മൂന്ന് പേരുമായി ചേര്‍ന്ന് ഈ സിനിമ നിര്‍മിക്കാം എന്നൊരു വാഗ്ദാനം നല്കിയത് ആയിടയ്ക്കാണ്. പാര്‍വതിയെ കാസ്റ്റ് ചെയ്താല്‍ കുറച്ചു കൂടി വലിയ കാന്‍വാസില്‍ ഈ സിനിമ നിര്‍മിക്കാം എന്നൊരു നിര്‍ദേശവും അവര്‍ പറഞ്ഞു. പാര്‍വതിക്കു തിരക്കഥ നല്‍കി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തില്‍ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാര്‍വതിയോടു ചോദിക്കുകയും ചെയ്യുകയുണ്ടായി.

അഞ്ജലിയുടെ നിര്‍ദേശ പ്രകാരം പാര്‍വതിയെ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഉയരെയുടെ സെറ്റില്‍ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതു പ്രകാരം പാര്‍വതിയെ ഉയരെയുടെ സെറ്റില്‍ പോയി കണ്ടു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാര്‍വതിയുടെ മറുപടി. മാസങ്ങള്‍ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്നു കണ്ടപ്പോള്‍ അത് ഉപേക്ഷിച്ചു.

ഒരു 'നോ' പറയാന്‍ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാന്‍ എന്ന് മനസ്സിലാക്കിയപ്പോളുണ്ടായ അപമാനം ഓര്‍ത്തെടുക്കാന്‍ വയ്യ. ആ സമയത്ത് കൂട്ടിപ്പിടിക്കാവുന്ന ആത്മവിശ്വാസം മുഴുവന്‍ സംഭരിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും നിമിഷയേയും രജിഷയേയും സമീപിക്കുകയും ചെയ്തു. അവര്‍ മുന്നോട്ടു വന്നപ്പോള്‍ ഉണ്ടായ ആശ്വാസം വാക്കുകളില്‍ വിവരിക്കാവുന്നതല്ല.

അതേസമയം, ദിലീപിന് പരസ്യപിന്തുണ നല്‍കിയ സിദ്ദിക്കിനൊപ്പം പാര്‍വതി അഭിനയിച്ച ഉയരെ എന്ന സിനിമയുടെ പ്രചാരണത്തിന് വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ പ്രതനിധീകരിച്ച് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ ചടങ്ങിന് എത്തിയതായും വിധു വെളിപ്പെടുത്തി. എന്നാല്‍, തന്റെ സിനിമയ്ക്കു നേരെ മാത്രമാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ വിമര്‍ശനം ഉയര്‍ന്നതെന്നും വിധു പറയുന്നു.

സിദ്ദിഖ് എന്ന നടന്‍ ജയിലില്‍ പോയി പലതവണ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു എന്നത് ഒരു രഹസ്യമല്ല.. മൂന്നോ നാലോ തവണ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയും നടത്തി. ദിലീപിനൊപ്പം നില്‍ക്കുമെന്നും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും പ്രഖ്യാപിക്കുക മാത്രമല്ല ഡബ്ല്യുസിസിയെ പറ്റുന്ന ഇടത്തൊക്കെ താറടിക്കാനും മറക്കാറില്ല സിദ്ദിഖ്.

ആയതിനാല്‍ സിദ്ദിഖിനോടൊപ്പം അഭിനയിക്കരുതെന്നോ സിദ്ദിഖിനെ വച്ച് സിനിമ എടുക്കരുതെന്നോ ഡബ്ല്യുസിസി അതിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഉയരെ എന്ന സിനിമയില്‍ പാര്‍വതി, സിദ്ദിഖിനൊപ്പം അഭിനയിച്ചതിന്റെ പേരില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തില്‍ പാര്‍വ്വതിയോട് ഡബ്ല്യുസിസി വിശദീകരണം ആവശ്യപ്പെട്ടോ? എന്റെ അറിവില്‍ ഇല്ല. വിധു ചോദിക്കുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി റിമ കല്ലിങ്കലിന് മെസേജ് അയച്ചിരുന്നുവെന്നും അപ്പോള്‍ ലഭിച്ച മറുപടി പാര്‍വതിക്ക് തെരഞ്ഞെടുക്കാന്‍ ഓപ്ഷനില്ലായെന്നും അഞ്ജലിക്കോ വിധുവിനോ അങ്ങനെയല്ല എന്നുമായിരുന്നെന്നും വിധു വെളിപ്പെടുത്തി. ഇതിനെതിരെയുള്ള തന്റെ നിലപാടും വിധു വിന്‍സന്റ് രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 'അഞ്ജലിക്കും എനിക്കും തിരഞ്ഞെടുപ്പിനുള്ള ഓപ്ഷന്‍ ഒരുപോലെയാണെന്ന് ശരിക്കും നിങ്ങള്‍ കരുതുന്നുണ്ടോ?

അഞ്ജലിയെയും വിധുവിനെയും സമീകരിക്കാന്‍ എന്ത് പ്രത്യയശാസ്ത്ര ടൂളാണ് റിമ ഉപയോഗിച്ചത് എന്ന് അറിയില്ല. നമ്മള്‍ ഡബ്ല്യുസിസി എന്ന പേരില്‍ ഒരുമിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായിട്ടുണ്ടെങ്കിലും വര്‍ഗ വ്യത്യാസങ്ങളെ കുറിച്ച് നമ്മുടെ അംഗങ്ങള്‍ക്ക് ഇപ്പോഴുമുള്ള ധാരണ ഇതാണെങ്കില്‍ മറ്റൊന്നും പറയാനില്ല. വര്‍ഷങ്ങളോളം നിര്‍മാതാക്കളുടെ പിറകേ നടന്നിട്ടും സിനിമ എന്ന സ്വപ്നം സാധ്യമാക്കാനാവാത്ത ഈ നാട്ടിലെ കുറേയധികം സിനിമാമോഹികളില്ലേ?

അവരുടെ കൂട്ടത്തില്‍ പെടുന്ന ഒരാളാണ് ഇന്നും ഞാന്‍. അലച്ചിലും വിശപ്പും വറുതിയും നിരാശയുമൊക്കെ തന്നെയാണ് ഇന്നും ഞങ്ങളുടെ വഴികളിലുള്ളത്. ജെന്‍ഡര്‍ രാഷ്ട്രീയം മാത്രം പറഞ്ഞതു കൊണ്ടായില്ല, അതിനുള്ളിലെ വര്‍ഗ-ജാതി വ്യത്യാസങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ സ്ത്രീ രാഷ്ട്രീയത്തെ എങ്ങനെയൊക്കെയാണ് അസ്ഥിരപ്പെടുത്തതെന്ന് കുറഞ്ഞ പക്ഷം ആലോചിക്കുക എങ്കിലും ചെയ്യുന്നത് മുന്നോട്ടുള്ള യാത്രയില്‍ നല്ലതായിരിക്കും.'വിധു പറയുന്നു.

ദിലീപിന് ഒപ്പമുണ്ടായിരുന്നവരേയോ ഏതെങ്കിലും തരത്തില്‍ അയാളുമായി ബന്ധപ്പെട്ടവരെയോ മാറ്റി നിര്‍ത്തി സിനിമ എടുക്കാനാണെങ്കില്‍ മലയാള സിനിമയില്‍ വെറും 5 ശതമാനത്തില്‍ താഴെയേ ആളുകളുണ്ടാവൂ .അതിനാല്‍ ഒരു തൊഴിലിടം എന്ന നിലയില്‍ യോജിക്കാന്‍ പറ്റുന്ന മേഖലകളില്‍ യോജിക്കുകയും വിയോജിക്കേണ്ടപ്പോള്‍ കൈ ചൂണ്ടി പറയുകയുമാണ് വേണ്ടതെന്ന് ഒരു മുന്‍ അഭിമുഖത്തില്‍ പറഞ്ഞത് വിധു വിന്‍സന്റ് ആവര്‍ത്തിച്ചു.

വിധു വിന്‍സന്റിന്റെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍, ഔദ്യോഗികമായി വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിധുവിന്റെ രാജിയെക്കുറിച്ചോ പരസ്യമാക്കിയ കത്തിലെ വിവരങ്ങളെക്കുറിച്ചോ പ്രതികരിച്ചിട്ടില്ല.

Keywords:  Director Vidhu Vincent Comes Out Against WCC Members, Thiruvananthapuram, News, Cinema, Allegation, Director, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia