ചെങ്കല്‍ ചൂളയിലെ വൈറല്‍ പാട്ടുകൂട്ടത്തിന് സ്വപ്ന സാഫല്യം; പ്രൊഡക്ഷന്‍ യൂനിറ്റ് സമ്മാനിച്ച് നടന് ജയകൃഷ്ണന്
Sep 4, 2021, 17:05 IST
തിരുവനന്തപുരം: (www.kvartha.com 04.09.2021) മൊബൈല്‍ ഫോണിന്റെയും ജീവിത സാഹചര്യങ്ങളുടെയും പരിമിതികള്‍ക്കുള്ളില്‍ നിന്ന് തമിഴ് താരം സൂര്യയെപ്പോലും അത്ഭുതപ്പെടുത്തിയ ചെങ്കല്‍ ചൂളയിലെ മിടുക്കന്മാര്ക്ക് സ്വപ്ന സാഫല്യമായി മിനി ഷൂടിംഗ് യൂനിറ്റ് സമ്മാനിച്ച് നടന് ജയകൃഷ്ണന്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നിര്‍മിച്ച വിഡിയോ വൈറലായവര്‍ക്ക് മികച്ച സാങ്കേതിക വിദ്യയിലൂടെ ലോകത്ത് തന്നെ അറിയപ്പെടാന്‍ കഴിയട്ടെയെന്ന് മിനി ഷൂടിംഗ് യൂനിറ്റ് സമ്മാനിച്ച് നടന് ജയകൃഷ്ണന് പറഞ്ഞു.
വൈറല്‍ കൂട്ടത്തിലെ താരങ്ങളായ അബി, കാര്‍ത്തിക്, സ്മിത്, ജോജി, സിബി, പ്രവിത് എന്നിവര്‍ ജയകൃഷ്ണനില്‍ നിന്നും യൂനിറ്റ് ഏറ്റുവാങ്ങി. ഒരു ചെറിയ സിനിമ വരെ നിര്‍മിക്കാനാവുന്ന പ്രൊഫഷനല്‍ ക്യാമറ ജിംബല്‍, ട്രൈപോഡ്, ലൈറ്റുകള്‍, മോണിറ്റര്‍ സ്ക്രീന്‍ തുടങ്ങി അടിസ്ഥാന ഉപകരണങ്ങള്‍ എല്ലാം ഇതിലുണ്ട് .
തന്റെ കലാജീവിതത്തിന്റെ തുടക്കകാലത്ത് ചെങ്കല്‍ ചൂളയില്‍ നിന്നുള്ളവര്‍ നല്കിയ പിന്തുണയെ അനുസ്മരിച്ച് കൊണ്ടാണ് വീണ്ടും ഇവിടെ എത്താന്‍ കഴിഞ്ഞതെന്നും ജയകൃഷ്ണന് പറഞ്ഞു.
ചലച്ചിത്ര നിര്‍മാണത്തില്‍ സാങ്കേതിക വിജ്ഞാനവും പരിശീലനവും നല്കാന് ഈ മേഖലയിലെ വിദഗ്ധരായ ഇന്‍വിസ് മള്‍ടിമീഡിയയും ജയകൃഷ്ണന് ഒപ്പമുണ്ട്. ഇന്‍വിസ് മള്‍ടിമീഡിയ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഐ ടി, ടെലിവിഷന്‍, പരസ്യ-സിനിമ നിര്‍മാണ രംഗങ്ങളില്‍ സജീവമായ സ്ഥാപനമാണ്.
ചെങ്കല്‍ ചൂളയില്‍ നടക്കുന്ന ചടങ്ങില്‍ നടന് ഇന്‍വീസ് പ്രതിനിധികളായ രജ്ഞിത് രാജശേഖരന്, ശ്രീനി രാമകൃഷ്ണന്, എ ആര് റഹ്മാന് മ്യൂസിക് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ചെങ്കല്‍ ചൂള നിവാസിയുമായ നിതീഷ് എന്നിവരും പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.