'വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ'; നഷ്ടം സഹിച്ചാണെങ്കിലും ചിത്രം തീയറ്ററിലെത്തിക്കുമെന്ന് ദുല്‍ഖര്‍

 


തിരുവനന്തപുരം: (www.kvartha.com 06.10.2021) ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ 'കുറുപ്പ്' നവംബര്‍ 12ന് തീയറ്റര്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കറുപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് കുറുപ്പ് തീയറ്ററില്‍ തന്നെ ഇറക്കുമെന്ന് പ്രഖ്യാപിച്ചത്. നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തീയറ്ററില്‍ എത്തിക്കും. വലിയ സിനിമകള്‍ ഒരു ചെറിയ സ്ക്രീനില്‍ ആസ്വദിക്കാന്‍ പറ്റുന്നവയല്ല, തീയറ്ററില്‍ തന്നെ കാണണം. ഇത് പോലെയുള്ള സിനിമകൾ ഒടിടിയില്‍ കൊടുക്കണമെന്ന് ആര്‍ക്കും ആഗ്രഹം കാണില്ല. നിലവിലെ സാഹചര്യത്തിലെ വെല്ലുവിളികള്‍ ഏറ്റെടുത്താണ് കുറുപ്പ് തീയറ്ററില്‍ എത്തിക്കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
 
'വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ'; നഷ്ടം സഹിച്ചാണെങ്കിലും ചിത്രം തീയറ്ററിലെത്തിക്കുമെന്ന് ദുല്‍ഖര്‍


കുറുപ്പിന്റെ ട്രെയിലര്‍ മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് കണ്ട് ആരാധകരൊക്കെ അത്ഭുതപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുടെ പൂരമായിരുന്നു. ഇത് മമ്മൂക്കയുടെ ഫോണിൽ നിന്ന് ദുൽഖർ തന്നെ ചെയ്തതല്ലേ എന്ന് ട്രോളന്മാർ ട്രോളുകളും ഇറക്കി. മമ്മൂട്ടി ഉറങ്ങി കിടക്കുമ്പോഴോ മറ്റോ അറിയാതെ ദുല്‍ഖര്‍ തന്നെ മമ്മൂട്ടിയുടെ ഫോണ്‍ കൈക്കാലാക്കുകയും തന്റെ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെക്കുകയായിരുന്നുവെന്നുമാണ് ട്രോളുകൾ. അതു തന്നെയാണ് സത്യമെന്ന് തുറന്നു പറയുകയാണ് ദുൽഖർ.

‘ട്രോളുകളെല്ലാം ഞാൻ കണ്ടിരുന്നു. സാധാരണ എന്റെ സിനിമകൾ പ്രമോട്ട് ചെയ്യാൻ റിക്വസ്റ്റ് ചെയ്യാറില്ല. സ്വയം പ്രമോട്ട് ചെയ്യുകയാണ് പതിവ്. പക്ഷേ ഇതൊരു വലിയ സിനിമയാണ്. കോവിഡിന് ശേഷം നിയന്ത്രണങ്ങളോടെ തിയറ്ററിൽ റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം. അതുകൊണ്ടുതന്നെ കൂടെയുള്ള എല്ലാ ആളുകളോടും ട്രെയിലർ ഷെയർ ചെയ്യാൻ റിക്വസ്റ്റ് ചെയ്തു. എന്റെ വീട്ടിലും അതെ, വാപ്പച്ചിയോടും പറഞ്ഞു. ‘പ്ലീസ് ഈ പടമെങ്കിലും എനിക്കു വേണ്ടി’. ഞാൻ ഫോണെടുക്കുകയാണെ എന്നു പറഞ്ഞ് ഞാൻ തന്നെയാണ് അത് പോസ്റ്റ് ചെയ്തത്. ട്രോളന്മാര്‍ പറഞ്ഞത് സത്യമായിരുന്നു.’ – ദുൽഖർ പറഞ്ഞു.

ചിത്രം തിയറ്ററുകളില്‍ എത്തുന്നതിനു മുന്‍പ് അത് കണ്ട അപൂര്‍വ്വം വ്യക്തികളിലൊരാള്‍ മമ്മൂട്ടിയാണ്. സിനിമ കണ്ട ശേഷം മമ്മൂട്ടി പങ്കുവച്ച അഭിപ്രായം എന്താണ്വെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. പൊതുവെ തന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അഭിപ്രായങ്ങളൊന്നും പറയാറില്ലെങ്കിലും ഇത്തവണ അഭിപ്രായം പറഞ്ഞുവെന്നും ഒരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആണെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം എന്നും ദുല്‍ഖര്‍ പറഞ്ഞു.

സുകുമാരകുറുപ്പ് എന്ന കഥാപാത്രത്തെ സിനിമയിലൂടെ ഗ്ലോറിഫൈ ചെയ്യുകയാണോ എന്ന സമൂഹ മാധ്യമങ്ങളിലെ ചര്‍ചകളിലും ദുല്‍ഖര്‍ പ്രതികരിച്ചു. കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടാവാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും അതിനായി ഒരുപാട് തവണ കഥ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു എന്നായിരുന്നു ദുല്‍ഖറിന്റ മറുപടി. പിന്നെ ഇതൊരു സിനിമയാണ്. ഒരേ സമയം ആളുകള്‍ക്ക് അത് എന്റര്‍ടൈനിങ്ങും ആയിരിക്കണം. ആ രീതിയിലാണ് സിനിമ പ്രസന്റ് ചെയ്തിരിക്കുന്നത്. സിനിമ കണ്ടാല്‍ അത് മനസിലാകുമെന്നും താരം പറയുന്നു. 'ഒരു ബയോപിക് പോലത്തെ സിനിമയാണ്. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്‍റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഒരു സിനിമയായിട്ടു തന്നെ കാണണമെന്നാണ് എന്‍റെ അഭ്യര്‍ഥന. കുറുപ്പിനുവേണ്ടി ഒരു വര്‍ഷത്തേക്ക് മറ്റു സിനിമകളൊന്നും ഞാന്‍ ചെയ്‍തിട്ടില്ല. ഒരു രീതിയിലും കോംപ്രമൈസ് ചെയ്യാത്ത സിനിമയാണ്'- ദുല്‍ഖര്‍ പറഞ്ഞു.

‘എന്റെ ചെറുപ്പം മുതൽ നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന കേസ് ആണത്. പല സിനിമകളിലും ഈ കേസുമായി ബന്ധപ്പെട്ട് റഫറൻസ് ഉണ്ടായിട്ടുണ്ട്. സെക്കൻഡ് ഷോ ചെയ്യുന്ന സമയം മുതൽ ശ്രീനാഥ് പറയുന്നത് കേട്ടിട്ടുണ്ട്, തന്റെ ഡ്രീം പ്രോജക്ട് സുകുമാരകുറുപ്പ് ആണെന്ന്. അന്നുമുതൽ ശ്രീനാഥ് ഈ സിനിമയുടെ പുറകെയായിരുന്നു. ചിത്രത്തിനായി ഒരുപാടു വിവരങ്ങൾ ശേഖരിച്ചു. പലരോടും സംസാരിച്ചു. പുതിയ പുതിയ അറിവുകൾ ലഭിച്ചു. അതിൽനിന്നു സിനിമാറ്റിക് ആയ ഭാഗങ്ങൾ മാത്രമെടുത്തു. അതാണ് കുറുപ്പ്.–ദുൽഖർ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യ പ്രധാന റിലീസ് ആണ് കുറുപ്പ്. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാരക്കുറുപ്പിന്‍റെ റോളില്‍ എത്തുന്ന ദുല്‍ഖര്‍ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രന്‍ ആണ്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശോഭിത ധുലി പാലയാണ് നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. നവംബർ 12നാണ് കുറുപ്പ് തിയേറ്ററുകളിൽ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. കേരളത്തിലെ 450 സ്ക്രീനുകളിലാണ് ചിത്രം എത്തുക. അഡ്വാന്‍സ് ബുകിങ് നേരത്തേ ആരംഭിച്ചിരുന്നു. 

Keywords:  Entertainment, Dulquar Salman, Thiruvananthapuram, News, Actor, Mammootty, Film, Kerala, Cinema, Mobile Phone, Dulquer Salman on his new movie 'Kurup'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia