Indo- Nepali Film | ഇന്‍ഡ്യന്‍ വിപണിയിലേക്ക് ആദ്യമായി ഒരു നേപാളി ചിത്രം റിലീസിന് ഒരുങ്ങുന്നു; സൂപര്‍താരം പ്രദീപ് ഖഡ്കയുടെ 'പ്രേം ഗീത് 3' സെപ്റ്റംബറില്‍
Aug 2, 2022, 12:23 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ നിര്‍മാതാവ് സുഭാഷ് കാലെ നിര്‍മിച്ചിരിക്കുന്ന പ്രേം ഗീത് 3 (Prem Geet 3) ഇന്‍ഡ്യന്‍ വിപണിയിലേക്ക് എത്തുന്നു. ആദ്യമായാണ് ഒരു നേപാളി ചിത്രം ഇന്‍ഡ്യന്‍ വിപണിയില്‍ റിലീസ് ചെയ്യുന്നത്.
ചരിത്രത്തിലെ ആദ്യ ഇന്‍ഡോ- നേപാളി ചിത്രമായ പ്രേം ഗീത് 3 ഹിന്ദിയിലും നേപാളി ഭാഷയിലുമായി നിര്‍മിക്കപ്പെട്ടിരിക്കുന്ന ചിത്രമാണ്. പ്രേം ഗീത് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമാണിത്. നേപാളി സിനിമയിലെ സൂപര്‍താരം പ്രദീപ് ഖഡ്കയാണ് ചിത്രത്തിലെ നായകന്‍.
നേപാളി സിനിമയുടെ അര നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്‍ഡ്യന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രദീപ് ഖഡ്ക പറഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങളിലും പ്രദീപ് തന്നെയായിരുന്നു നായകന്‍. ക്രിസ്റ്റീന ഗുരുംഗ് ആണ് ചിത്രത്തിലെ നായിക. ശിവ ശ്രേഷ്ഠ, മാവോത്സെ ഗുരുംഗ്, സുനില്‍ ഥാപ്പ, മനീഷ് റാവത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം സന്തോഷ് സെന്നും അന്തരിച്ച ചേതന്‍ ഗുരുംഗും ചേര്‍ന്നാണ്. നാല് ഗാനങ്ങളുള്ള ചിത്രത്തില്‍ അവ ആലപിച്ചിരിക്കുന്നത് അങ്കിത് തിവാരി, പലാക് മുച്ഛല്‍, ദേവ് നെഗി, റാഹത്ത് ഫത്തേ അലി ഖാന്‍, പവന്‍ദീപ് രഞ്ജന്‍ തുടങ്ങിയവരാണ്.
ഒരു പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ വരവ് നിര്‍മാതാക്കള്‍ അറിയിച്ചത്. റിലീസ് തീയതിയും ട്രെയ്‌ലര്‍ റിലീസ് തീയതിയും പോസ്റ്ററില്‍ ഉണ്ട്. സെപ്റ്റംബര്‍ 23 നാണ് ചിത്രത്തിന്റെ റിലീസ്. ട്രെയ്‌ലര്‍ സെപ്റ്റംബര്‍ ഒന്നിനും എത്തും.
സുഭാഷ് കാലെയ്‌ക്കൊപ്പം സന്തോഷ് സെന്‍, പ്രശാന്ത് കുമാര്‍ ഗുപ്ത, സുഷമ ശിരോമണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.