എറണാകുളത്ത് കെ വി തോമസിനെ മുട്ടുകുത്തിക്കാന്‍ റിമാ കല്ലിങ്കല്‍, ആഷിക് അബു, ശ്രീനിവാസന്‍ താരങ്ങളെ പരീക്ഷിക്കാനിറങ്ങി എല്‍ ഡി എഫ്

 


കൊച്ചി: (www.kvartha.com 16.01.2019) എറണാകുളത്ത് കെ വി തോമസിനെ മുട്ടുകുത്തിക്കാന്‍ റിമാ കല്ലിങ്കല്‍, ആഷിക് അബു, ശ്രീനിവാസന്‍ താരങ്ങളെ പരീക്ഷിക്കാനിറങ്ങി എല്‍ ഡി എഫ്. കളമറിഞ്ഞ് കളിച്ചാല്‍ യു.ഡി.എഫിന്റെ എക്കാലത്തെയും ഉറച്ച കോട്ടകളിലൊന്നായ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി അട്ടിമറി വിജയം സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. അതിന് പറ്റിയ ജനസമ്മതനായ സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ലക്ഷ്യമെന്നും അറിയുന്നു.

കെ.വി തോമസ് അഞ്ച് തവണ അനായാസം ജയിച്ച് കയറിയ മണ്ഡലത്തില്‍ ഇക്കുറി ശക്തനായൊരു എതിരാളി വേണമെന്ന വികാരം ഇടതുമുന്നണിയില്‍ ശക്തമാണ്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലില്‍ ബി.ജെ.പിയും പോര് മുറുക്കും.

 എറണാകുളത്ത് കെ വി തോമസിനെ മുട്ടുകുത്തിക്കാന്‍ റിമാ കല്ലിങ്കല്‍, ആഷിക് അബു, ശ്രീനിവാസന്‍ താരങ്ങളെ പരീക്ഷിക്കാനിറങ്ങി എല്‍ ഡി എഫ്

കെ.പി.സി.സി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴികെ കോണ്‍ഗ്രസില്‍ സിറ്റിംഗ് എം.പിമാരെല്ലാം മത്സരിക്കുമെന്ന സൂചനയുള്ളതിനാല്‍ കെ.വി തോമസ് തന്നെയാകും ഇക്കുറിയും എറണാകുളത്ത് സ്ഥാനാര്‍ത്ഥി. എന്നാല്‍, കെ.വി. തോമസ് മാറണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. യുവാക്കളുടെ പ്രതിനിധിയായി ഒരാള്‍ വേണമെന്ന ആവശ്യം യു.ഡി.എഫ് പാളയത്തില്‍ ശക്തമാണ്. മുന്‍ മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ദീപക് ജോയി, ജി.സി.ഡി.എ മുന്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്.

കെ.വി തോമസിനെ അട്ടിമറിക്കാന്‍ തക്ക വ്യക്തിപ്രഭാവമുള്ള സ്വതന്ത്രനെയാണ് എല്‍.ഡി.എഫ് തെരയുന്നതത്രേ. 2014ല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നിരവധി കരുത്തരായ നേതാക്കളുണ്ടായിട്ടും സി.പി.എം ക്രിസ്റ്റിയെ നിയോഗിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും അമര്‍ഷമുണ്ടായിരുന്നു. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെ എറണാകുളത്ത് മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തിളങ്ങിയ ചരിത്രവും രാജീവിന് അനുകൂല ഘടകമാണ്.

അതേസമയം, ചാലക്കുടി മണ്ഡലം നിലനിര്‍ത്താന്‍ രാജീവിനെ പാര്‍ട്ടി നിയോഗിച്ചേക്കുമെന്നും വിവരമുണ്ട്. അങ്ങനെയെങ്കില്‍ എറണാകുളത്ത് ഇടതു സ്വതന്ത്രനെ പരീക്ഷിച്ചേക്കാം. നടി റിമാ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു, നടന്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ പേരുകള്‍ ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്. സി.ഐ.ടി.യു നേതാവും മുന്‍ എം.പിയുമായ കെ. ചന്ദ്രന്‍പിള്ളയാണ് സാധ്യത കല്‍പ്പിക്കുന്നവരില്‍ മറ്റൊരു പ്രമുഖന്‍.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ ബി.ജെ.പി എറണാകുളത്ത് പുതുമുഖത്തെ പരീക്ഷിച്ചേക്കുമെന്നും സൂചനയുണ്ട്. എന്‍.ഡി.എയുടെ ഘടകകക്ഷികളില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കാന്‍ സാധ്യതയുണ്ടെന്നും കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ മുന്‍ കേന്ദ്രമന്ത്രി പി.സി തോമസിന് സാധ്യത കല്പിക്കുന്നവരുണ്ട്.

എറണാകുളം: നിയമസഭാ മണ്ഡലങ്ങള്‍

കളമശേരി

പറവൂര്‍

വൈപ്പിന്‍

കൊച്ചി

തൃപ്പൂണിത്തുറ

എറണാകുളം

തൃക്കാക്കര

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: General election Candidates Rima Kallingal, Ashiq Abu and Srinivasan, Kochi, News, Politics, Lok Sabha, Election, Cinema, Actor, LDF, UDF, BJP, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia