Thankamani | കേരളത്തെ ഞെട്ടിച്ച സംഭവവുമായി ദിലീപ് ചിത്രം; ചര്‍ചയായി 'തങ്കമണി'; അന്ന് നടന്നതെന്ത്? ഒരു ബസ് ഉണ്ടാക്കിയ പൊല്ലാപ്പിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോട്ടം

 


-അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com) ദിലീപ് നായകനാകുന്ന പുതിയ ചിത്രമായ 'തങ്കമണി'യുടെ ടൈറ്റില്‍ പ്രമോഷന്‍ പോസ്റ്റര്‍ എത്തിയതോടെ തങ്കമണി സംഭവം വീണ്ടും ചര്‍ചയായി. എണ്‍പതുകളില്‍ ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ ബസ് റൂടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പിന്നീട് കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച തങ്കമണി സംഭവമായി മാറിയത്. കേരളത്തിലെ പൊലീസ് ക്രൂരതകളുടെ ഏറ്റവും വലിയ ഉദാഹരണമായി ഇപ്പോഴും തങ്കമണി സംഭവത്തെ പലരും ചൂണ്ടിക്കാണിക്കാറുണ്ട്.
         
Thankamani | കേരളത്തെ ഞെട്ടിച്ച സംഭവവുമായി ദിലീപ് ചിത്രം; ചര്‍ചയായി 'തങ്കമണി'; അന്ന് നടന്നതെന്ത്? ഒരു ബസ് ഉണ്ടാക്കിയ പൊല്ലാപ്പിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോട്ടം

1986 ഒക്ടോബര്‍ 21നായിരുന്നു സംഭവങ്ങളുടെ തുടക്കം. കാമാക്ഷി പഞ്ചായതിലെ തങ്കമണി ഗ്രാമത്തില്‍ ഒരു ബസിന്റെ റൂട് സര്‍വീസുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കട്ടപ്പന - തങ്കമണി റൂടില്‍ പാറമടയില്‍ നിന്നും തങ്കമണി വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു. അതിനാല്‍ കട്ടപ്പനയില്‍ നിന്നും തങ്കമണിയിലേക്ക് സര്‍വീസ് നടത്തുന്ന മിക്ക ബസുകളും പാറമട കഴിയുമ്പോള്‍ ആളുകളെ അവിടെ ഇറക്കി വിടുകയായിരുന്നു പതിവ്. എന്നാല്‍ തങ്കമണി വരെയുള്ള പണവും ഈടാക്കിയുമിരുന്നു. ഇതില്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷവുമാണ്ടായിരുന്നു, പ്രത്യേകിച്ചും സ്ഥിരമായി ബസില്‍ യാത്ര ചെയ്യുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക്.

ഒരിക്കല്‍ പതിവുപോലെ തങ്കമണി റൂടില്‍ ഓടിക്കൊണ്ടിരുന്ന 'എലൈറ്റ്' എന്ന ബസിലെ ജീവനക്കാര്‍ യാത്രക്കാരെ പാറമടയില്‍ ഇറക്കിവിട്ടപ്പോള്‍ ഒരു കോളജ് വിദ്യാര്‍ഥി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക് തര്‍ക്കമായി. ബസ് ജീവനക്കാര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് ബസില്‍ നിന്നും പുറത്താക്കി. വിവരമറിഞ്ഞ പ്രദേശവാസികള്‍ അടുത്ത ദിവസം ബസ് തടയുകയും ബലം പ്രയോഗിച്ച് തങ്കമണിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. വിദ്യാര്‍ഥിയെ അക്രമിച്ച ബസ് ജീവനക്കാര്‍ മാപ്പ് പറയാതെ ബസ് തിരികെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ നിലപാട് എടുത്ത് തങ്കമണിയില്‍ സംഘടിക്കുകയും ചെയ്തു.
       
Thankamani | കേരളത്തെ ഞെട്ടിച്ച സംഭവവുമായി ദിലീപ് ചിത്രം; ചര്‍ചയായി 'തങ്കമണി'; അന്ന് നടന്നതെന്ത്? ഒരു ബസ് ഉണ്ടാക്കിയ പൊല്ലാപ്പിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോട്ടം
തകർത്ത പൊലീസ് എയ്ഡ് പോസ്റ്റ്

എന്നാല്‍ ഇതില്‍ പ്രകോപിതനായ ബസ് ഉടമയായ ദേവസ്യ പൊലീസുമായെത്തി ബസ് ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. പൊലീസ് നാട്ടുകാര്‍ക്ക് നേരെ ലാതിവീശി. ജനങ്ങള്‍ തിരിച്ച് പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇത് പോലീസുകാരെ കൂടുതല്‍ പ്രകോപിതരാക്കി. പഞ്ചായത് പ്രസിഡണ്ട് മാത്യു മത്തായി തേക്കമലയും, തങ്കമണി സീറോ മലബാര്‍ സഭ വികാരി ഫാ. ജോസ് കോട്ടൂരും അന്ന് പീരുമേട് സര്‍കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഐ സി തമ്പാനുമായി ചര്‍ച്ച നടത്തി.

പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തമ്പാന്‍ വഴങ്ങിയില്ല. തമ്പാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിറ്റേ ദിവസം തങ്കമണിയിലെത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് നേരെ നിഷ്ഠൂരമായി വെടിവയ്ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. വെടിവെപ്പില്‍ കോഴിമല അവറാച്ചന്‍ എന്നയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ഉടുമ്പയ്ക്കല്‍ മാത്യു എന്നയാള്‍ക്ക് ഇരു കാലുകളും നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ പലയിടങ്ങളിലായി സംഘടിച്ചു. അതോടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി നിരവധി വാഹനങ്ങളില്‍ നൂറുകണക്കിന് പൊലീസുകാര്‍ വൈകിട്ടോടെ വീണ്ടും തങ്കമണിയില്‍ വന്നിറങ്ങി.

സര്‍വ സന്നാഹങ്ങളുമായെത്തിയ പൊലീസുകാര്‍ കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്ത് കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസുകാര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ കയറിയിറങ്ങി വാതിലുകള്‍ ചവിട്ടിത്തുറന്നു. പൊലീസിന്റെ തേര്‍വാഴ്ചയില്‍ ഭയന്ന പ്രദേശത്തെ പുരുഷന്മാര്‍ കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു രക്ഷപെട്ടു. ഈ സമയത്ത് വീടുകളില്‍ സ്ത്രീകളും, കുട്ടികളും തനിച്ചായപ്പോള്‍ പൊലീസുകാര്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരകളാക്കി എന്നതായിരുന്നു പിന്നീട് പുറത്തു വന്ന വാര്‍ത്തകള്‍.

പൊലീസ് കസ്റ്റഡിയിലെടുത്ത് കട്ടപ്പനയിലേക്ക് കൊണ്ടുപോയ പുരുഷന്‍മാരും അതിക്രൂരമായ മൂന്നാംമുറയടക്കമുള്ള മര്‍ദനങ്ങള്‍ക്കിരയായിരുന്നു. 'തങ്കമണി വെടിവെപ്പ്' എന്നും 'തങ്കമണി കൂട്ടബലാത്സംഗം' എന്നുമാണ് സംഭവം പിന്നീട് അറിയപ്പെട്ടത്. എലൈറ്റ് ബസിന്റെ ഉടമയായിരുന്ന ദേവസ്യ (എലൈറ്റ് ദേവസ്യ) സാമ്പത്തികമായി തകര്‍ന്നതിനെ തുടര്‍ന്ന് കുമളി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ താല്‍കാലിക ജീവനക്കാരനായി ജോലി നോക്കി. ഈ കാലയളവില്‍ സൂര്യനെല്ലി പീഡന കേസില്‍ ദേവസ്യ മുഖ്യപ്രതിയുമായി.

Keywords: Thankamani Incident, Movie, Dileep, Politics, Controversy, Kerala News, Malayalam News, History of Thankamani Incident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia