Criticism | വയലന്‍സില്‍ മുങ്ങുന്ന കേരളത്തില്‍ മാര്‍ക്കോ ആഘോഷിക്കപ്പെടുമ്പോള്‍; ചോരപ്പുഴയില്‍ അഭിരമിക്കുന്നോ മലയാളി പ്രേക്ഷകന്‍
● മാര്‍ക്കോ സിനിമയിലെ അതിശക്തമായ വയലന്‍സ് വിമര്‍ശനം നേരിടുന്നു.
● സിനിമയിലെ രക്തച്ചൊരിച്ചില്‍ കുട്ടികളെയും യുവാക്കളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക.
● സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയരുന്നു.
ഭാമനാവത്ത്
(KVARTHA) അയഥാര്‍ത്ഥങ്ങളായ കെട്ടുകാഴ്ചകളെ യാഥാര്‍ത്ഥ്യമെന്ന് തോന്നും രീതിയില്‍ അവതരിപ്പിക്കുന്ന ദൃശ്യകലകളില്‍ ഒന്നാണ് സിനിമ. ക്യാമറകളുടെയും ആധുനിക ടെക്‌നോളജിയുടെയും സഹായത്തോടെയും പ്രേക്ഷകര്‍ക്കു മുന്‍പില്‍ ഏതു പ്രമേയവും വിശ്വസനീയമായി അവതരിപ്പിക്കാന്‍ സിനിമയ്ക്കു കഴിയും. നാടകമോ മറ്റു ദൃശ്യകലകളോ തത്സമയം വേദിയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ സിനിമയ്ക്കില്ല.
സ്ഥലകാല ദേശഭേദമന്യേയുള്ള പ്രേക്ഷക സമൂഹത്തിന് മുന്‍പിലാണ് സിനിമ അവതരിപ്പിക്കപ്പെടുന്നത്. നെറ്റ് ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പുതുതായി ഇറങ്ങുന്ന സിനിമകള്‍ക്ക് തീയേറ്ററിന് പുറത്ത് വിശാലമായ കാഴ്ചയുടെ ഇടമാണ് ഒരുക്കുന്നത്. ഇതുകൂടാതെ സോഷ്യല്‍ മീഡിയയില്‍ തള്ളി മറിക്കുന്നവരും ആദ്യ ദിവസങ്ങളില്‍ ഏതുസിനിമയ്ക്കും വന്‍ പ്രമോഷനാണ് നല്‍കുന്നത്.
പ്രതിഫലം പറ്റിയും അല്ലാതെയും നടത്തുന്ന ഇത്തരം തരികിട പരിപാടികള്‍ മൗത്ത് പബ്ലിസിറ്റിക്ക് പകരം സിനിമയെന്ന ഉല്‍പ്പന്നത്തെ കണ്ണടച്ചു തുറക്കും മുന്‍പെ മുടക്കു മുതലും ലാഭവും കൊയ്യുന്നതിനായി സഹായിക്കുന്നു. മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്നത് ഇന്ത്യ മുഴുവന്‍ വിറ്റഴിക്കാന്‍ പറ്റുന്ന പാന്‍ ഇന്ത്യന്‍ സിനിമകളാണ്. മൊഴിമാറ്റം ചെയ്തു ബോളിവുഡിലും വിദേശ വിപണികളിലും പണം കൊയ്യാന്‍ സഹായിക്കുന്ന രീതിയിലാണ് അതിന്റെ നിര്‍മ്മിതികള്‍.
കെ.ജി എഫും രാജമൗലിയുടെ ബാഹുബലി സീരിസുമാണ് ഇത്തരം ട്രെന്‍ഡുകള്‍ക്ക് തുടക്കമിട്ടത്. ഇതില്‍ വയലന്‍സ് ഊതിപ്പെരുപ്പിച്ചത് കെ.ജി.എഫായിരുന്നു അതിന്റെ തുടര്‍ച്ചയായി ദക്ഷിണേന്ത്യയില്‍ നിരവധി ചിത്രങ്ങളിലിറങ്ങി കുട്ടികളെയും ന്യൂജനറേഷനെയും ലക്ഷ്യമാക്കിയാണ് പക്കാ വയലന്‍സ് ചിത്രമായ ആവേശം കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെ പണം വാരിയത്. ഇതിന്റെയൊക്കെ ഏറ്റവും കടുപ്പമേറിയ വേര്‍ഷനാണ് ഇപ്പോള്‍ ഇറങ്ങിയ മാര്‍ക്കോ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തിലിറങ്ങിയ മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമാണ് മാര്‍ക്കോ. ക്ലൈമാക്‌സില്‍ നായകന്റെ സര്‍ജിക്കല്‍ കത്തി വീശലില്‍ ജീവന്‍ വെടിയുന്ന മാര്‍ക്കോയോ നെഗറ്റീവ് ഷെയ്ഡുള്ള കൊടൂര മനസുള്ള നായകനാക്കിയാണ് അതേ ഗെറ്റപ്പില്‍ തിരിച്ചു കൊണ്ടുവന്നത്. മിഖായായേലില്‍ യുവ ഡോക്ടറും അധോലോക സംഘവും തമ്മിലുള്ള ഏറ്റുമുട്ടലാണെങ്കില്‍ മാര്‍ക്കോയില്‍ കുടുംബങ്ങള്‍ തമ്മിലുള്ള കൊന്നു തീര്‍ക്കലാണ്.
കലാപരമായി വയലന്‍സ് ഒതുക്കത്തില്‍ കാണിച്ച മിഖായേല്‍ കയ്യടി നേടിയതിന്റെ ആവേശത്തിലാണ് വയലന്‍സിന്റെ അങ്ങേയറ്റം പോകുന്ന മാര്‍ക്കോയും നിര്‍മ്മിച്ചിരിക്കുന്നത്. മലയാളി ഇതുവരെ കാണാത്ത വയലന്‍സാണ് മാര്‍ക്കോയുടെ ഹൈലൈറ്റ്‌സ്. 18 വയസില്‍ താഴെയുള്ളവരും ദുര്‍ബല ഹൃദയരും ഇതു കാണരുതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ മാര്‍ക്കോ ബോക്സ് ഓഫീസില്‍ വലിയ നേട്ടം സ്വന്തമാക്കിയാണ് മുന്നേറുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തില്‍ മാത്രമല്ല വിവിധ ഭാഷകളില്‍ ചിത്രത്തിന് വലിയ കയ്യടികള്‍ ഉയരുന്നുണ്ട്. ഹിന്ദി മാര്‍ക്കറ്റിലും ഉണ്ണി മുകുന്ദന്‍ ചിത്രം ഹൗസ് ഫുള്‍ ഷോകളാണ് സ്വന്തമാക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളുമായെത്തിയ മാര്‍ക്കോയിലെ കട്ട് ചെയ്തുപോയ സീനുകള്‍ ഇതിനെക്കാള്‍ ഭീകരമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ഇതിനെ കുറിച്ച് ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുധി സുരേന്ദ്രനാണ് തുറന്നു പറഞ്ഞത്. ഈ ചിത്രത്തിലെ ഏറെ ചര്‍ച്ചയായ രംഗമായിരുന്നു വില്ലന്മാരിലൊരാളുടെ ഹൃദയം ഉണ്ണി മുകുന്ദന്റെ നായകകഥാപാത്രം പുറത്തെടുക്കുന്നത്. ആ രംഗം സിനിമയില്‍ കണ്ടതിനേക്കാള്‍ കൂടുതലുണ്ടായിരുന്നുവെന്ന് പറയുകയാണ് സുധി സുരേന്ദ്രന്‍. വാരിയെല്ലുകള്‍ തകര്‍ത്ത് ഹൃദയം പുറത്തെടുക്കുന്നതും ആ ഹൃദയം തുടിക്കുന്നതും കൂടി ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവ സെന്‍സര്‍ ചെയ്യപ്പെട്ടെന്നും സുധി പറഞ്ഞു. ഒടിടിയില്‍ റിലീസ് ചെയ്യുന്നത് അണ്‍കട്ട് വേര്‍ഷനായിരിക്കുമെന്നു കരുതുന്നതെന്നും സുധി പറയുന്നു.
അപ്പോള്‍ ഇറങ്ങിയ മാര്‍ക്കോയെക്കാള്‍ ഭീകരമായിരിക്കും ഇറങ്ങാന്‍ പോകുന്ന മാര്‍ക്കോയെന്ന് വ്യക്തമാണ്. ഒ.ടി.ടിയിലെ പ്രേക്ഷകര്‍ കുട്ടികളും യുവാക്കളുമാണ്. അവരെ ഇത്തരം സീനുകള്‍ കാണിച്ചാലുള്ള ഇഫക്റ്റുകള്‍ എന്തായിരിക്കുമെന്ന വല്ല ബോധവും അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടോ? അല്ലെങ്കില്‍ തന്നെ വയലന്‍സിലും മയക്കുമരുന്നിലും മുങ്ങിയിരിക്കുകയാണ് കേരളത്തിലെ യുവ തലമുറ. മാതാപിതാക്കളെയും ബന്ധുക്കളെയും ലിവിങ്ങ് പാര്‍ട്ണര്‍മാരെയും വെട്ടിയും കൊന്നും തീവെച്ചും കൊല്ലുന്ന സംഭവങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍ ഓരോ ദിവസം അരങ്ങേറുകയാണ്. അതിനെ സാധൂകരിക്കുകയും എണ്ണയൊഴിച്ചു കൊടുക്കുകയും ചെയ്യുന്ന ദൃശ്യഭാഷയാണ് മാര്‍ക്കോയുടെത്.
വയലന്‍സും യുദ്ധങ്ങളും ചിത്രീകരിക്കുന്നത് മലയാളത്തിലോ ഇന്ത്യന്‍ സിനിമയിലോ ആദ്യമല്ല. നമ്മുടെ പല വയര്‍ പിളര്‍ന്ന് ചോര കുടിക്കുന്നതും ബലി കൊടുക്കുന്നതും ചതിച്ചു കൊല്ലുന്നതുമായ കാര്യങ്ങള്‍ എഴുതി വെച്ചിട്ടുണ്ട്. എന്നാല്‍ പരിഷ്‌കൃതസമൂഹത്തില്‍ മനുഷ്യ മനസില്‍ നന്‍മയുടെ നീരുറവയുണ്ടാക്കേണ്ട കലയില്‍ ചോരപ്പുഴ ഒഴുക്കുകയും അതില്‍ നീന്തിതുടിക്കുകയും ചെയ്യുകയാണ് മാര്‍ക്കോയെന്ന സിനിമ.
അടിയന്തിരമായി ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്ന ഈ സിനിമയുടെ പ്രദര്‍ശനം തടയുകയോ റീ സെന്‍സര്‍ ചെയ്യുകയോയാണ് വേണ്ടത് എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇറച്ചി കടയിലും പോസ്റ്റുമോര്‍ട്ടം മുറിയിലും കാണുന്ന ദൃശ്യങ്ങള്‍ പൊതു സമൂഹത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരുന്നതാവരുത് ചലച്ചിത്രങ്ങള്‍. വയലന്‍സായാലും സെക്‌സായാലും അതു കലാപരമായി ചിത്രീകരിക്കുന്നതാണ് ഒരു ഫിലിം മെയ്ക്കറുടെ കഴിവ്. പക വളര്‍ത്തി ഇറച്ചില്‍ മണ്ണു പുരട്ടുന്ന മാര്‍ക്കോവിന്റെ ടീസറും ഫോട്ടോകളും കാണുന്നത് തന്നെ ഭയമായിരിക്കുകയാണ്.
#Marko #MalayalamCinema #violence #censorship #filmreview #Kerala #India #controversy