അഭ്യൂഹങ്ങള്‍ക്ക് വിരാമം; നടി ഖുഷ്ബു ബി ജെ പിയില്‍ ചേര്‍ന്നു; പാര്‍ട്ടിക്കുള്ളിലെ കല്ലുകടി തുറന്നുകാട്ടി സോണിയാ ഗാന്ധിക്ക് കത്ത്
Oct 12, 2020, 14:39 IST
ന്യൂഡെല്‍ഹി: (www.kvartha.com 12.10.2020) നടിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി സി ടി രവി, ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഖുശ്ബു ബിജെപി പാളയത്തിലെത്തുന്നത്. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി കോണ്‍ഗ്രസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ഖുശ്ബു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ കല്ലുകടി തുറന്നുകാട്ടി സോണിയാ ഗാന്ധിക്ക് ഖുശ്ബു കത്തയക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തലാണെന്നും, ജനസമ്മതിയില്ലാത്ത ആളുകളാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമായിരുന്നു ഖുശ്ബു രാജിക്കത്തില്‍ വ്യക്തമാക്കിയത്.
ഖുശ്ബുവിനെ പുറത്താക്കി കൊണ്ടുളള വാര്‍ത്താക്കുറിപ്പ് നേരത്തെ എ ഐ സി സി പുറത്തുവിട്ടിരുന്നു. പാര്‍ട്ടിയില്‍ താന്‍ പൂര്‍ണ സംതൃപ്തയാണെന്നും, ബിജെപിയിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്നുമായിരുന്നു താരം മുമ്പ് പറഞ്ഞിരുന്നത്. ബി ജെ പി സഖ്യകക്ഷി നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഖുശ്ബു അഭിനന്ദിച്ചിരുന്നു.
2014 ല്‍ കോണ്‍ഗ്രസിലെത്തിയ ഖുശ്ബു ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. തനിക്ക് സീറ്റ് നല്‍കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ ഖുശ്ബു അതൃപ്തിയും പ്രകടമാക്കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് താരം ബി ജെ പിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നത്. അതേസമയം, ഈയിടെ ഹത് റാസ് പെണ്‍കുട്ടിയ്ക്ക് നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖുശ്ബു പങ്കെടുത്തിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും ശനിയാഴ്ചയിലെ ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചര്‍ച്ചയായത്. ഇക്കാലത്തിനിടയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അര്‍ത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ഞായറാഴ്ച ഖുശ്ബു ഡെല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.
Keywords: Khushbu Sundar Joins BJP, Says Congress Leaders Out Of Touch With Reality, New Delhi, Politics, News, Trending, BJP, Congress, Actress, Controversy, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.