അനിയത്തിപ്രാവ് സിനിമയില്‍ ഉപയോഗിച്ച ആ ചുവന്ന സ്‌പെന്‍ഡര്‍ ബൈക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍
കൊച്ചി: (www.kvartha.com 26.03.2022) അനിയത്തിപ്രാവ് സിനിമയില്‍ ഉപയോഗിച്ച ആ ചുവന്ന സ്‌പെന്‍ഡര്‍ ബൈക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍. ആലപ്പുഴയിലെ ബൈക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണിയില്‍ നിന്നുമാണ് ചാക്കോച്ചന്‍ ബൈക് തിരികെ വാങ്ങിയത്. ചാക്കോച്ചന്‍ തന്നെ വിളിച്ചതും ബൈക് വാങ്ങിയതുമെല്ലാം ഒരു സ്വപ്നമായി തോന്നുന്നുവെന്നാണ് ബോണി പറയുന്നത്.
ബോണിയുടെ വാക്കുകള്‍:
'മിനിഞ്ഞാന്നാണ് വണ്ടി കൊടുത്തത്. ചാക്കോച്ചന്‍ നേരിട്ട് വിളിച്ചു. ബൈക് കയ്യിലുണ്ടല്ലോ എന്ന് ചോദിച്ചു. ആരെങ്കിലും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പറ്റിക്കുകയാണെന്നാണ് ഞാന്‍ വിചാരിച്ചത്. കംപനി നമ്പരിലേക്കായിരുന്നു വിളിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ പി എ വിളിച്ചപ്പോഴാണ് വിശ്വാസമായത്. ചാക്കോച്ചന്‍ ആദ്യം ഉടമ കമാല്‍ എം മാക്കിയിലിനെയാണ് വിളിച്ചത്. എന്റെ കയ്യില്‍ വണ്ടിയുണ്ടെന്ന് അദ്ദേഹം അതിന് മുമ്പ് തന്നെ അറിഞ്ഞിരുന്നു. എംഡിയെ വിളിച്ച് ഉറപ്പിച്ചു.
പി എ വിളിച്ചിട്ട് വണ്ടി വേണം, എന്താ ബോണി പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചു. ഞാന്‍ ആകെ ഞെട്ടലിലായിരുന്നു. എനിക്ക് വേറെ വണ്ടി ഒന്നുമില്ല. അപ്പോള്‍ പകരം ഒരു ബൈക് മതിയെന്ന് പറഞ്ഞു. ഏത് ബൈക് വേണമെന്ന് ചോദിച്ചു. സ്‌പ്ലെന്‍ഡര്‍ തന്നെ മതിയെന്ന് പറഞ്ഞു. ഏറ്റവും പുതിയ മോഡല്‍ സ്‌പ്ലെന്‍ഡര്‍ വാങ്ങാനുള്ള പണം അര മണിക്കൂറിനുള്ളില്‍ അകൗണ്ടില്‍ വന്നു.
അനിയത്തി പ്രാവ് സിനിമ ഇറങ്ങിയിട്ട് ശനിയാഴ്ച 25 വര്‍ഷമാകുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഈ ബൈക് വാങ്ങുന്നതെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. ജോലി ചെയ്യുന്ന ഷോറൂമില്‍ നിന്നാണ് ഈ വണ്ടി ഞാന്‍ വാങ്ങുന്നത്. നാളെ എനിക്ക് എന്റെ പുതിയ ബൈകും കിട്ടും.
താക്കോല്‍ കൈമാറാന്‍ വരുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പക്ഷേ ഇപ്പോള്‍ കാസര്‍കോട് ലൊകേഷനിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആലപ്പുഴ എത്തിയാല്‍ ഉറപ്പായും നേരില്‍ കാണാമെന്ന് പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഞാന്‍ വൈറലായതിന്റെയും ചാക്കോച്ചന്‍ വിളിച്ചതിന്റെയും അമ്പരപ്പിലാണ് ബോണി പറയുന്നു.