റംസിയുടെ ആത്മഹത്യ; സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം; ഒക്ടോബര്‍ ആറ് വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി

 


കൊല്ലം: (www.kvartha.com 28.09.2020) പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് റംസി(24) എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം ഒക്ടോബര്‍ ആറ് വരെ ഇവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സീരിയലിന്റെ ഷൂട്ടിങ് ഉളളതിനാല്‍ അടുത്ത മാസം ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ പ്രതി ഹാരിസ് റിമാന്‍ഡിലാണ്. ഇയാളെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

റംസിയുടെ ആത്മഹത്യ; സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം; ഒക്ടോബര്‍ ആറ് വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി

റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. ലക്ഷ്മിയേയും ഭര്‍ത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിനു ശേഷം കേസില്‍ ആരോപണവിധേയയായ ലക്ഷ്മി ഒളിവില്‍ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് ലക്ഷ്മി ഒളിവില്‍ പോയത്.

മരിച്ച റംസിയും ലക്ഷ്മിയും നല്ല അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി ടിക്ടോക് വീഡിയോകള്‍ ചെയ്യുകയും അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലക്ഷ്മിയില്‍ നിന്നും കേസിന് നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുക്കൂട്ടല്‍.

പത്തനംതിട്ട എസ്പി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല. കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ച കേസില്‍ മുഖ്യപ്രതിയായ ഹാരിസിനെ അറസ്റ്റ് ചെയ്തിരുന്നു. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ട്.

സെപ്റ്റംബര്‍ മൂന്നിന് വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിയായ റംസി തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഹാരിസ് റംസിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയും അതില്‍ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയുമായിരുന്നു.

Keywords:   Lakshmi Pramod gets interim bail, Kollam,News,Suicide,Police,Arrested,Bail,Actress,Cinema,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia