92-ാം പിറന്നാള്‍ ദിനത്തിന്റെ മാധുര്യത്തില്‍ ഇന്‍ഡ്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍

 


മുംബൈ: (www.kvartha.com 28.09.2021) 92-ാം പിറന്നാള്‍ദിനത്തിന്റെ മാധുര്യത്തില്‍ ഇന്‍ഡ്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍. ചൊവ്വാഴ്ച 92 -ാം ജന്മദിനത്തോടനുബന്ധിച്ച് ലതാ മങ്കേഷ്‌കര്‍ ഒരു സ്വകാര്യ കുടുംബ അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞദിവസം ലതാമങ്കേഷ്‌കര്‍ ടൈംസ് ഓഫ് ഇന്‍ഡ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ;

'എനിക്ക് 92 വയസ് തികഞ്ഞത് ദൈവകൃപയും എന്റെ മാതാപിതാക്കളുടെ അനുഗ്രഹവുമാണ്. ഈ ഭയാനകമായ കോവിഡ് 19 കാലത്ത് സര്‍വശക്തന്‍ നമ്മുടെ രാജ്യത്തെയും അനുഗ്രഹിക്കണമെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു,' എന്നാണ്.

92-ാം പിറന്നാള്‍ ദിനത്തിന്റെ മാധുര്യത്തില്‍ ഇന്‍ഡ്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍

ഈ കോവിഡ് കാലത്ത് ജനങ്ങളെല്ലാം വിഷമിക്കുന്ന സന്ദര്‍ഭത്തില്‍ ജന്മദിനാഘോഷം നടത്തുന്നത് ശരിയല്ലെന്നും രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 2002 ലെ ഭാരതരത്‌ന അവാര്‍ഡ് ജേതാവും കൂടിയായ ലതാ മങ്കേഷ്‌കര്‍ പറഞ്ഞു. 'കോവിഡ് 19 നിയന്ത്രണങ്ങള്‍ എന്റെ കുടുംബം കര്‍ശനമായി പാലിക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ബന്ധുക്കള്‍ മാത്രമേ അത്താഴ വിരുന്നില്‍ പങ്കെടുക്കൂ.'

പ്രായം തളര്‍ത്താത്ത മധുരശബ്ദത്തിനുടമയായ ഇന്‍ഡ്യന്‍ സംഗീത ലോകത്തെ ഇതിഹാസത്തിന് സോഷ്യല്‍മീഡിയയില്‍ ഉള്‍പെടെ നിരവധിപേരാണ് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.

1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറില്‍ ജനിച്ച ലത മങ്കേഷ്‌കര്‍ പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ലത മങ്കേഷ്‌കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു . പിന്നീട് പേരു ലത എന്നാക്കുകയായിരുന്നു. അഞ്ചാമത്തെ വയസില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. ലതയ്ക്ക് പതിമൂന്ന് വയസുള്ളപ്പോഴായിരുന്നു പിതാവിന്റെ മരണം. ദീനനാഥ് മങ്കേഷ്‌കറും ശേവന്തി മങ്കേഷ്‌കറുമായിരുന്നു മാതാപിതാക്കള്‍. പ്രശസ്ത പിന്നണി ഗായിക ആ ബോസ്ല സഹോദരിയാണ്. ചേച്ചിയെ പോലെത്തന്നെ നല്ല ശബ്ദമാധുര്യമാണ് അനുജത്തിക്കും.

പിതാവിന്റെ മരണത്തോടെ കുടുംബം പോറ്റാന്‍ വേണ്ടിയാണ് ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് സംഗീതത്തിലൂടെയായി യാത്ര. 1942 ല്‍ 'കിടി ഹസാല്‍' എന്ന മറാത്തി ചിത്രത്തില്‍ 'നാചു യാ ഗാഥേ', 'ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. ഇതിനോടകം 36-ലേറെ ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ സിനിമാഗാനങ്ങള്‍ ആലപിച്ചു.

ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെകോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറിനും സ്ഥാനമുണ്ട്. കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി സംഗീതലോകത്തുണ്ട് ഇതിഹാസ ഗായിക ലത മങ്കേഷ്‌കര്‍. ബോളിവുഡില്‍ മാത്രം ആയിരത്തോളം സിനിമകളില്‍ പാടിയിട്ടുണ്ട്.

മലയാളത്തില്‍ ഒരേ ഒരു ഗാനം മാത്രമാണ് ലത ആലപിച്ചിട്ടുള്ളത്. 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..' എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്‌കര്‍ ആലപിച്ചതാണ്. ചെമ്മീന്‍ സിനിമയിലെ കടലിനക്കരെ പോണോരേ എന്ന പാട്ട് ലതാജിയെ കൊണ്ട് പാടിക്കാന്‍ സലില്‍ ചൗധരി ശ്രമം നടത്തിയെങ്കിലും അത് നടന്നിരുന്നില്ല. അതിന് ശേഷമാണ് നെല്ലില്‍ പാടിയത്.

ഏറെ പണിപ്പെട്ട് മലയാളം ഉച്ചാരണം പഠിച്ചെടുത്താണ് ലതാജി പാടിയത്. പക്ഷേ ആലാപനം ആതീവ ഹൃദ്യമായിരുന്നെങ്കിലും ഉച്ചാരണവൈകല്യത്തിന്റെ വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടായിരുന്നു. അതിനുശേഷം പിന്നീടൊരിക്കലും മലയാളത്തില്‍ ലതാജി പാടിയില്ല. പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ്(1989), ഭാരതരത്ന(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലതാജിക്ക് ലഭിച്ചു.

Keywords:  Lata Mangeshkar to mark 92nd birthday with family get-together, Mumbai, News, Singer, Bollywood, Song, Birthday Celebration, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia