എന്റെ അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാന്‍ ശ്വസിച്ച വായുവും അച്ഛനായിരുന്നു; പിതാവിന്റെ വേര്‍പാടില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ മേനോന്‍
Nov 21, 2021, 16:41 IST
കൊച്ചി: (www.kvartha.com 21.11.2021) അച്ഛന്‍ വിജയ് കുമാറിന്റെ ഓര്‍മകളില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി മകള്‍ സുപ്രിയ മേനോന്‍. അച്ഛന്റെ അന്ത്യത്തിലേക്ക് നയിച്ച അസുഖത്തെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ടയാള്‍ പെട്ടെന്ന് മാഞ്ഞു പോയ വിഷമത്തെക്കുറിച്ചും, അച്ഛന്‍ തനിക്കും മകള്‍ ആലിക്കും പകര്‍ന്നു തന്ന മൂല്യങ്ങളെക്കുറിച്ചുമൊക്കെ സുപ്രിയ കുറിപ്പില്‍ പറയുന്നു. തന്റെ ഒരു കാര്യത്തിലും തടസം നില്‍ക്കാതെ ശരിയാണെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്ക് പിതാവ് തന്നിരുന്നുവെന്നും സുപ്രിയ പറയുന്നു.
സുപ്രിയയുടെ വാക്കുകള്‍:
കഴിഞ്ഞ ഞായറാഴ്ച (നവംബര്‍ 14) എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം എനിക്ക് നഷ്ടപ്പെട്ടു. പതിമൂന്ന് മാസത്തിലേറെയായി കാന്‍സറിനോട് പോരാടിയിരുന്ന എന്റെ ഡാഡി (വിജയ് കുമാര്‍ മേനോന്‍) എന്നെ വിട്ടുപോയി. എന്റെ അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാന്‍ ശ്വസിച്ച വായുവും അച്ഛനായിരുന്നു.
ഞാന്‍ ഏകമകളാണെങ്കിലും സ്‌കൂളിലും കോളജിലും പഠിച്ചുകൊണ്ടിരുന്നപ്പോഴോ, ജീവിക്കാന്‍ തിരഞ്ഞെടുത്ത തൊഴിലിലോ, ഞാന്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുത്ത പുരുഷനിലോ എന്റെ സ്വപ്നങ്ങളിലെവിടെയും ഒരു തടസമായി അച്ഛന്‍ നിന്നിട്ടില്ല.
എപ്പോഴും എന്നെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ എന്നില്‍ അടിച്ചേല്‍പിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ തളരുകയും തോല്‍ക്കുകയും ചെയ്യുമ്പോള്‍ എന്നെ സഹായിക്കാന്‍ എന്റെ നിഴലിലായി അച്ഛന്‍ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. എന്നിലെ നന്മയും സത്യസന്ധതയും എന്തും നേരിടാനുള്ള കഴിവും എനിക്ക് ലഭിച്ച നല്ല ഗുണങ്ങളെല്ലാം അദ്ദേഹത്തില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ്.
എന്നെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയാക്കിയതിനു ശേഷം എന്റെ ആലിയോടും അദ്ദേഹം അങ്ങനെതന്നെ ആയിരുന്നു. അവള്‍ ജനിച്ച ദിവസം മുതല്‍ ഡാഡി അവളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. എന്റെ അമ്മയോടൊപ്പം അച്ഛനും അവളുടെ കളിക്കൂട്ടുകാരനായിരുന്നു. നടക്കാന്‍ പോകുമ്പോള്‍ അവളെ ഒപ്പം കൂട്ടി, അവളെ പിച്ചവയ്ക്കാന്‍ പഠിപ്പിച്ചു, കളിസ്ഥലങ്ങളില്‍ കളിക്കാന്‍ കൊണ്ടുപോയി, സ്‌കൂളില്‍ നിന്നും സംഗീത ക്ലാസില്‍ നിന്നും അവളെ കൂട്ടിക്കൊണ്ടുവന്നു, അദ്ദേഹം അവളുടെയും ഡാഡി ആയിമാറി.
ആലി ഉണ്ടായതിനു ശേഷം അച്ഛന്റെ ലോകം അവളെ ചുറ്റിപ്പറ്റിയായിരുന്നു! അച്ഛന് കാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടമായിരുന്നു. ഒരു വശത്ത് എല്ലാവരോടും ചിരിച്ച് സന്തോഷിച്ച് ഒന്നുമറിയാത്തതുപോലെ പെരുമാറുമ്പോഴും മറുവശത്ത് അച്ഛന്റെ അസുഖം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞ് സങ്കടം ഉള്ളിലൊതുക്കി വരാനിരിക്കുന്ന വിധിയെ കാത്തിരിക്കുകയായിരുന്നു.
കാന്‍സര്‍ ബാധിക്കുന്നത് ഒരാളെയാണെങ്കിലും അത് തകര്‍ക്കുന്നത് മുഴുവന്‍ കുടുംബത്തെയുമാണ്. ഇവിടെ കാന്‍സര്‍ ഞങ്ങളുടെ കുടുംബത്തിലെ കേന്ദ്രബിന്ദുവിനെത്തന്നെ തട്ടിയെടുത്തിരിക്കുന്നു.
അച്ഛന്‍ എന്നെ കൈപിടിച്ച് ഒപ്പം നടത്തി വളര്‍ത്തിയതുപോലെ കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ അച്ഛന്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ യാത്രയില്‍ എന്നെ താങ്ങി നിര്‍ത്തിയത്.
അമ്മാവന്മാരും അമ്മായിമാരും ഒപ്പം തന്നെ ഉണ്ടായിരുന്നു. സുഹൃത്തുക്കളില്‍ ചിലര്‍ ദിവസവും വിളിച്ചിരുന്നു. ചിലര്‍ എന്നോടൊപ്പം ആശുപത്രിയിലേക്ക് വരാന്‍ തന്നെ തയാറായിരുന്നു. എന്നാല്‍ എന്നെ ഏറ്റവുമധികം പിന്തുണച്ചത് ആരോഗ്യപ്രവര്‍ത്തകരാണ്. ആശുപത്രിയിലെ ജീവനക്കാരോട് പ്രത്യേകിച്ചും എന്റെ അച്ഛനെ വളരെ സ്‌നേഹത്തോടെ പരിപാലിച്ച ഇന്ദിര, അഞ്ജു, ജീമോള്‍, വിമല്‍ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.
Keywords: Lost a big piece of my heart, Supriya Menon on father’s demise, Kochi, News, Post, Death, Daughter, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.