നടനവിസ്മയം മോഹന്‍ലാല്‍ 61 ന്റെ നിറവില്‍: 12 മണിക്ക് തന്നെ ആശംസകള്‍ അറിയിച്ച് മമ്മൂട്ടി; ആഘോഷമാക്കി ആരാധകര്‍
May 21, 2021, 09:09 IST
കൊച്ചി: (www.kvartha.com 21.05.2021) നടനവിസ്മയം മോഹന്‍ലാലിന്റെ 61-ാം ജന്മദിനം ആഘോഷമാക്കി ആരാധകരും സുഹൃത്തുക്കളും. നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ആശംസകള്‍ അറിയിച്ച് മമ്മൂട്ടി. പ്രിയദര്‍ശന്‍, ആസിഫ് അലി, സംയുക്ത, നിവിന്‍ പോളി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി സിനിമാ മേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചു.
മോഹന്‍ലാലിനൊപ്പമുള്ള ഒരുപടി ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് മമ്മൂട്ടി ആശംസ അറിയിച്ചത്. 'ഹാപി ബര്‍ത് ഡേ ഡിയര്‍ ലാല്‍', എന്നും ഇതോടൊപ്പം താരം കുറിച്ചു.
പിറന്നാളാശംസകള്‍ സ്റ്റീഫന്‍! പിറന്നാളാശംസകള്‍ അബ്‌റാം. പിറന്നാളാശംസകള്‍ ലാലേട്ടാ എന്നായിരുന്നു പൃഥ്വി ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തത്.
മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിന് ജനഹൃദയങ്ങളില്‍ 61ന്റെ ചെറുപ്പം. നിരവധി ആരാധകര്‍ മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആശംസ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്.
1960 മെയ് 21 ന് പത്തനംതിട്ടയിലാണ് മോഹന്‍ലാല്‍ ജനിച്ചത്. സുഹൃത്ത് അശോക് കുമാര്‍ സംവിധാനം ചെയ്ത തിരനോട്ടം ആയിരുന്നു ആദ്യ ചിത്രം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ മുഖ്യധാര സിനിമയില്‍ എത്തിയ ലാലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടിപി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.
കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടലിനിടെ ആയിരുന്നു താരത്തിന്റെ അറുപതാം പിറന്നാള്‍. ലോക്ഡൗണ്‍ തുടരുന്നതിനിടെ മറ്റൊരു ജന്മദിനം കൂടി. വീട്ടിലിരിക്കുമ്പോഴും പ്രേക്ഷകരുടെ വിരല്‍തുമ്പില്‍ വിരുന്നായി ദൃശ്യം 2. ജോര്‍ജ് കുട്ടിക്ക് പിന്നാലെ കുഞ്ഞാലിമരക്കാരും നെയ്യാറ്റിന്‍കര ഗോപനും എല്ലാം വെല്ലുവിളികളുടെ കാലത്ത് പുതിയ പ്രതീക്ഷകളായി മാറുകയാണ്.
Keywords: News, Kerala, State, Mohanlal, Cine Actor, Cinema, Entertainment, Birthday, Mammootty, Mollywood, Social Media, Mammootty greets Mohanlal on his 61st birthday at 12 morning; Celebrated fans
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.