200 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നു; ഒപ്പം ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരും
Sep 9, 2020, 13:17 IST
തിരുവനന്തപുരം: (www.kvartha.com 09.09.2020) ഇരുന്നൂറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരും ഒപ്പമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പുതുമുഖ സംവിധായകന് ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. മമ്മൂട്ടിയുമൊത്ത് അഭിനയിക്കണമെന്നുള്ളത് മഞ്ജുവാര്യരുടെ ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു. മലയാളത്തിലെ ഏതാണ്ട് ഒട്ടുമിക്ക നടിമാരും മമ്മൂട്ടിയുടെ നായിക ആയിട്ടുണ്ടെങ്കിലും മഞ്ജുവാര്യരും സംയുക്താ വര്‍മയും ആ പട്ടികയ്ക്ക് പുറത്തായിരുന്നു. ഇനിയിപ്പോള്‍ സംയുക്ത മാത്രമാകും ആ നിരയില്‍. സെപ്തംബര്‍ അവസാനം വാഗമണ്ണിലോ, കൊച്ചിയിലോ ആയിരിക്കും പ്രീസ്റ്റിന്റെ ചിത്രീകരണം തുടങ്ങുക. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഷൂട്ടിംഗ്.
പ്രീസ്റ്റിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നെങ്കിലും കോവിഡ് ഭീതിയെ തുടര്‍ന്ന് ലോക് ഡൗണിന് മുമ്പ് പാക്കപ്പ് ആയിരുന്നു. അന്ന് മുതല്‍ കൊച്ചിയിലെ വീട്ടില്‍ കഴിയുകയായിരുന്നു മമ്മൂട്ടി. അതിനിടെ വൈറ്റിലയില്‍ നിര്‍മിച്ച പുതിയ വീട്ടിലേക്ക് താമസം മാറി. ജിമ്മിലും പൂന്തോട്ടം ഒരുക്കാനുമാണ് ഈ ദിവസങ്ങളിലേറെയും താരം ചെലവഴിച്ചത്. സാധാരണ രാവിലെ ഏഴ് മുതല്‍ എട്ടരവരെ വ്യായാമം ചെയ്തിരുന്ന താരം ലോക്ഡൗണ്‍ ആയതോടെ അത് 11 മണിയിലേക്ക് മാറ്റി. ആഴ്ചയില്‍ ഓരോ ദിവസവും ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ക്കായി ജിമ്മില്‍ ചെലവഴിച്ചു. കാര്‍ഡിയാക് എക്സര്‍സൈസില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ശരീരഭാരം കുറച്ചു. പ്രോട്ടീന്‍ കൂടുതലുള്ള ആഹാരമാണ് മമ്മൂട്ടി കഴിക്കുന്നത്. പുട്ടും മീന്‍കറിയുമാണ് ഇഷ്ട ഭക്ഷണം. പ്രോട്ടീന്‍ കൂടുതല്‍ ഉള്ളതിനാല്‍ ഓട്സ് പുട്ടാണ് പ്രീയം. പ്രോട്ടീന്‍ ഉള്ളതിനാല്‍ പലതരത്തിലുള്ള മീനുകള്‍ എത്തിച്ചു കൊടുക്കുന്ന സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുണ്ട്.
കരിമീന്‍ കുഞ്ഞുങ്ങളെ ഉപയോഗിച്ച ഉണ്ടാക്കുന്ന വിഭവങ്ങളും താരത്തിന് ഇഷ്ടമാണ്. നടന് ഷാജു നവോദയ (പാഷാണം ഷാജി) പുഴ മത്സ്യവും ധര്മജന് കടല്‍ മത്സ്യവും കൊണ്ടുകൊടുക്കാറുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കാറില്ല. ഉച്ചയ്ക്ക് ചെറിയ രീതിയില്‍ ചോറ് കഴിക്കും. ചിലപ്പോള്‍ ആഴ്ചകളോളം ചോറ് ഒഴിവാക്കും. ദിവസവും ഒരു നേരം മാത്രമേ വയറ് നിറച്ച് കഴിക്കാറുള്ളൂ. തെന്നിന്ത്യയിലുള്ള പല യുവതാരങ്ങളും മമ്മൂട്ടി എന്തൊക്കെയാണ് കഴിക്കുന്നതെന്ന് തന്നോട് ചോദിച്ചിട്ടുണ്ടെന്ന് നടി ലിസി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഭിനയിക്കുന്ന കഥാപാത്രത്തിന് പറ്റിയ രീതിയിലുള്ള വ്യായാമമാണ് താരം ചെയ്യുന്നത്. അതിനായി പ്രത്യേക ട്രെയിനര്‍മാരുണ്ട്. ദൂരെ സ്ഥലങ്ങളില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ മൊബൈല്‍ ജിം കൊണ്ടുപോകും. അവ ഹോട്ടല്‍ മുറിയില്‍ ഫിറ്റ് ചെയ്യും.
ലോക് ഡൗണിന് ശേഷം താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ കൂടുതല്‍ സുന്ദരനായിട്ടുണ്ടെന്നാണ് അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട ജിമ്മിലെ ചിത്രവും ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വ്യക്തമാക്കുന്നത്. തിങ്കളാഴ്ച 69ാം പിറന്നാള്‍ ആഘോഷിച്ച താരം ആ പ്രായത്തിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കില്‍ മേക്കപ്പ് ഇടേണ്ട അവസ്ഥയാണുള്ളത്.
Keywords: Mammootty resumes acting after lockdown, Mollywood, Manju Warrier, Fish, Protein, Mammotty, Lockdown, Freshwater fish, Rice, Instagram, Photoshoot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.