മാങ്കോസ്റ്റീന്‍ പഴങ്ങളുമായി മമ്മൂക്കാ... എന്നു വിളിച്ചുകൊണ്ടു വരുന്ന മണി ഇനിയുണ്ടാകില്ല; മമ്മുക്ക മണിയെ അനുസ്മരിക്കുന്നു

 


തൃശൂര്‍: www.kvartha.com 08.03.2016) മലയാള സിനിമയിലും ഗാനശാഖയിലും നാടന്‍ പാട്ടെന്ന ശാഖ തിരിച്ചുകൊണ്ടുവന്നതു മണിയാണെന്ന് മലയാളത്തിന്റെ മഹാനടന്‍ മമ്മുട്ടി അനുസ്മരിക്കുന്നു. തന്റെ അനുജനെ പോലെയായിരുന്നുവെന്നും മമ്മുക്ക ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. മണി എന്തെങ്കിലും വേണ്ടാത്തതു കാണിച്ചുവെന്നു കേട്ടാല്‍ ഞാന്‍ വിളിക്കുമായിരുന്നു. 'ഇനി ഉണ്ടാകില്ല' എന്നു പറഞ്ഞു ഫോണിന്റെ മറുവശത്തു മൂളിക്കൊണ്ടു മിണ്ടാതിരിക്കും. പിന്നെ കണ്ടാല്‍ കുറ്റബോധത്തോടെ അടുത്തുവരും. മണി ഒരു ശക്തിയായിരുന്നു. ആദ്യകാലത്തു ഞങ്ങള്‍ കാള്‍ ലൂയിസ് എന്നാണു മണിയെ വിളിച്ചിരുന്നത്. അത്രയ്ക്കും മനോഹരമായ ശരീരമായിരുന്നു മണിയെന്ന കലാകാരനും വ്യക്തിയുമെന്ന് മമ്മുക്ക പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കാറിന്റെ ഡിക്കിയില്‍ മാങ്കോസ്റ്റീന്‍ തൈകളും കൂടയില്‍ നിറയെ മാങ്കോസ്റ്റീന്‍ പഴങ്ങളുമായി മമ്മൂക്കാ.... എന്നു വിളിച്ചുകൊണ്ടു വരുന്ന മണി ഇനിയുണ്ടാകില്ലെന്നതു ഞെട്ടലിനും അപ്പുറത്തുള്ള എന്തോ ആണ്. ടിവിയില്‍ മണി അന്തരിച്ചു എന്നെഴുതിക്കാണിക്കുമ്പോള്‍ ഇവിടെ ബംഗളൂരുവില്‍ ഞാനൊരു ഷൂട്ടിംഗ് തിരക്കില്‍ നില്‍ക്കുകയാണ്. ഇത്തവണ മരണം കൊണ്ടുപോയത് എന്റെ അരികില്‍നിന്ന് ഒരാളെയാണ്. എന്തിനും കയ്യെത്തും ദൂരത്തുണ്ടായിരുന്നൊരു സഹോദരനെ. എന്തു പറഞ്ഞാണു ഞാന്‍ എന്നെത്തന്നെ സമാധാനിപ്പിക്കുക! തെറ്റു ചെയ്താല്‍ അരികില്‍വന്നു തലകുനിച്ചു കണ്ണു തുടയ്ക്കുന്നൊരു അനുജനായിരുന്നു മണി. എന്റെ വീട് അവന്റെ കൂടെ വീടാണെന്നു കരുതിയിരുന്ന ഒരാള്‍.
മണി എന്നെ കണ്ടതു ജേഷ്ഠനായാണ്. സിഗരറ്റ് വലിക്കുമ്പോള്‍ പോലും ഞാന്‍ വരുന്നതു കണ്ടാല്‍ ഒരുനിമിഷം അതു മറച്ചുപിടിക്കാന്‍ നോക്കും. അത് അറിയാതെ ചെയ്തു പോകുന്നതാണ്. കലര്‍പ്പില്ലാതെയാണു മണി സ്‌നേഹിച്ചത്.

മറു മലര്‍ച്ചി എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവണ്ണാമലയില്‍ നടന്നുകൊണ്ടിരിക്കെ അഭിനയിക്കാമെന്നേറ്റ ഹാസ്യനടന്‍ പെട്ടെന്നു വരില്ലെന്നറിയിച്ചു. അതോടെ ആളില്ലാതായി. ഞാന്‍ പറഞ്ഞു.. മലയാളത്തില്‍ കലാഭവന്‍ മണിയെന്നൊരു നല്ല നടനുണ്ട്. അദ്ദേഹത്തെ വിളിക്കാമെന്ന്. അന്നു ഞാന്‍ പറഞ്ഞത്..വിളിച്ചാല്‍ തിരിച്ചയക്കില്ലെന്ന് ഉറപ്പു തരണമെന്നാണ്. കാരണം അത്രയും നല്ലൊരു നടനെ തിരിച്ചയച്ചാല്‍ അതൊരു വേദനയാകും. അവര്‍ മണിയെ തിരിച്ചയക്കില്ലെന്ന് ഉറപ്പു നല്‍കി. അവര്‍ വിളിച്ചപ്പോള്‍ തമിഴ് അറിയില്ലെന്നു പറഞ്ഞു മുങ്ങി. അവസാനം ഞാന്‍ വിളിച്ച് ഇതു നല്ല അവസരമാണെന്നു പറഞ്ഞു. കുറച്ചു ദേഷ്യത്തില്‍ പറഞ്ഞു എന്നാണ് ഓര്‍മ. ഉടന്‍ പറഞ്ഞു.. നാളെ രാവിലെ ഞാനവിടെ എത്തുമെന്ന്. അതായിരുന്നു തമിഴിലെ തുടക്കം. പിന്നീടു മണി തമിഴില്‍ വലിയ നടനായി.

ചാലക്കുടിയിലോ തിരക്കില്ലാത്ത ലൊക്കേഷനിലോ ആണ് ഷൂട്ട് എങ്കില്‍ കോഴിയും ആടുമെല്ലാമായി മണിയും സംഘവും വരും. കൂടെയൊരു പാചകക്കാരനും കാണും. മണിയും നല്ല പാചകക്കാരനാണ്. എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കി മണി ഊട്ടിക്കും. ഭക്ഷണം കഴിച്ചു മതിവരുന്നതു മണിക്കു കാണണമായിരുന്നു. മണിയുടെ ഭക്ഷണത്തിലുണ്ടായിരുന്നതും സ്‌നേഹമാണ്. അളക്കാനാകാത്ത സ്‌നേഹം. മണി എന്തെങ്കിലും വേണ്ടാത്തതു കാണിച്ചുവെന്നു കേട്ടാല്‍ ഞാന്‍ വിളിക്കുമായിരുന്നു. 'ഇനി ഉണ്ടാകില്ല' എന്നു പറഞ്ഞു ഫോണിന്റെ മറുവശത്തു മൂളിക്കൊണ്ടു മിണ്ടാതിരിക്കും. പിന്നെ കണ്ടാല്‍ കുറ്റബോധത്തോടെ അടുത്തുവരും. കുറേ നേരം ഇരിക്കാതെ അടുത്തു നില്‍ക്കും. വാഹനത്തില്‍ നിറയെ കൂട്ടുകാരുമായി സെറ്റിലെത്തി അവരെയെല്ലാം പരിചയപ്പെടുത്തി കൂടെനിന്നു പടമെടുത്തു വിടും. എല്ലാ തലത്തിലുമുള്ളവരുടെ വലിയ സംഘം മണിക്കുണ്ടായിരുന്നു.

മാങ്കോസ്റ്റീന്‍ പഴങ്ങളുമായി മമ്മൂക്കാ... എന്നു വിളിച്ചുകൊണ്ടു വരുന്ന മണി ഇനിയുണ്ടാകില്ല; മമ്മുക്ക മണിയെ അനുസ്മരിക്കുന്നുഎന്നെ ഒരിക്കല്‍ ചാലക്കുടിയിലെ ഒരു ഉത്സവ പറമ്പില്‍ കൊണ്ടുപോയി. ജനത്തിരക്കു കാരണം വേദിയുടെ തൊട്ടടുത്തുവരെ ജനം നിറഞ്ഞു തുളുമ്പി. പുറത്തുപോകുന്ന കാര്യം ആലോചിക്കാനേ വയ്യ. മണി നേരെ മുന്നിലേക്കിറങ്ങി 'എല്ലാവരും സ്‌നേഹപൂര്‍വം മാറണം, മമ്മൂക്കയ്ക്ക് പോകണം' എന്നു കനത്ത ശബ്ദത്തില്‍ പറഞ്ഞതും ജനം ഇരുവശത്തേക്കും മാറി. മുന്നില്‍ ഒരാനയെപ്പോലെ എനിക്കു വഴിയൊരുക്കിക്കൊണ്ടു മണി നടന്നു. മണി ഒരു ശക്തിയായിരുന്നു. ആദ്യകാലത്തു ഞങ്ങള്‍ കാള്‍ ലൂയിസ് എന്നാണു മണിയെ വിളിച്ചിരുന്നത്. അത്രയ്ക്കും മനോഹരമായ ശരീരമായിരുന്നു. മണിയെന്ന കലാകാരനും വ്യക്തിയും നടനോളം തന്നെ വലുതായിരുന്നു.

അമ്മയുടെ യോഗത്തില്‍ ഒരിക്കല്‍ ബാബുരാജും മണിയും തമ്മില്‍ വലിയ വഴക്കായി. അടി വീഴുമെന്നുവരെ തോന്നിച്ചു. യോഗം അവസാനിക്കുമ്പോള്‍ മണി ബാബുരാജിന്റെ തോളില്‍ കയ്യിട്ടു പുറത്തേക്കു കൊണ്ടുപോകുന്നതു കണ്ടു. മലയാള സിനിമയിലും ഗാനശാഖയിലും നാടന്‍ പാട്ടെന്ന ശാഖ തിരിച്ചുകൊണ്ടുവന്നതു മണിയാണ്. നൂറുകണക്കിനു പാട്ടുകള്‍ മണി തേടിപ്പിടിച്ചു. അതറിയാവുന്നവരെ കൊണ്ട് എഴുതിച്ചു. മണിയുടേതായ ഗായകസംഘമുണ്ടായി. മണിയുടെ പാട്ട് മണിയുടേതു മാത്രമായിരുന്നു. സത്യത്തില്‍ മണിയുടെ വലിയൊരു ബാന്‍ഡ് രൂപപ്പെടേണ്ടതായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഗള്‍ഫില്‍ പോലും മണിയുടെ പാട്ടിന്റെ താളത്തിനൊത്തു നൃത്തം ചവിട്ടുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. മലയാളം അറിയാത്തവരുടെ വലിയ സംഘങ്ങള്‍ പോലും അതിലുണ്ടായിരുന്നു. മണിയുടെ ശരീരഭാഷയും താളവും അവതരണവും ഭാഷയ്ക്കും അപ്പുറത്തേക്കു സംഗീതത്തെ കൊണ്ടുപോയി.


Keywords: Mammootty, Kalabhavan Mani, Facebook, Thrissur, Kerala, Cinema, Actor, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia